29 February Saturday

ബിജെപി പ്രതിഷേധം; കർണാടകയിൽ ക്രിസ്‌തുപ്രതിമ നിർമാണം നിർത്തിവച്ചേക്കും

കെ എസ് ജോമോൻUpdated: Thursday Jan 16, 2020

ബംഗളൂരു > കർണാടകയിലെ രാമനാഗരം ജില്ലയിലെ കനകപുര കപാലബെട്ടയിലെ ക്രിസ്‌തു പ്രതിമ നിർമാണം പ്രതിസന്ധിയിൽ. സംഘപരിവാർ ഭീഷണിയെ തുടർന്ന്‌ പദ്ധതി നിർത്തിവച്ചിരിക്കുകയാണെന്ന്‌ കപാലബെട്ട വികസന സമിതി അംഗം ചിന്നരാജു പറഞ്ഞു. കർണാടക കോൺഗ്രസിലെ പ്രബല നേതാവും കനകപുര എംഎൽഎയുമായ ഡി കെ ശിവകുമാറിനോടുള്ള ഏറ്റുമുട്ടലായിട്ടാണ് രാഷ്ട്രീയ നീരീക്ഷകർ സംഭവത്തെ വിലയിരുത്തുന്നത്.

രാമാനഗര ജില്ല ഗൗഡ സമുദായത്തിന് മുൻകൈ ഉള്ളതും ജെഡിഎസ്, കോൺഗ്രസ് പാർട്ടികളുടെ ശക്തി കേന്ദ്രവുമാണ്. ഡി കെ ശിവകുമാറിന്റെ അനുജൻ സുരേഷ്‌കുമാർ ആണ് ഇവിടത്തെ പാർലിമെന്റ് പ്രതിനിധി. കോൺഗ്രസിന്റെയും ജെഡിഎസിന്റെയും രാഷ്ടീയ ആധിപത്യം തകർക്കലും ഒപ്പം തങ്ങൾക്ക്‌ അനുകൂലമല്ലാത്ത ഗൗഡ സമുദായത്തിലേക്കുള്ള കടന്നു കയറ്റവുമാണ് ബിജെപിയുടെ ലക്ഷ്യം.

മൂവായിരത്തി അഞ്ഞൂറിൽപരം ക്രിസ്ത്യൻ വിശ്വാസികളാണ് ബംഗളൂരുവിൽ നിന്നും 70 കിലോമീറ്റർ അകലെയുള്ള ഹാറോബെലെ എന്ന മലയോര ഗ്രാമത്തിൽ ഉള്ളത്. എഡി 1662 മുതൽ ക്രിസ്‌തീയ വിശ്വാസികൾ ഇവിടെ ജീവിച്ചു പോരുന്നതായി ചരിത്ര രേഖകൾ ഉണ്ട്. എന്നാൽ കർണാടകയിലെ കത്തോലിക്ക സഭ ഈ സംഭവത്തിൽ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. പ്രതിമ നിർമാണം സർക്കാർ ഇടപെട്ട്‌ നിരോധിക്കണം എന്നാണ് സമരത്തിനു നേതൃത്വം നൽകുന്ന ആർഎസ്‌എസ്‌ നേതാവ്‌ കല്ലാടക്ക പ്രഭാകർ ഭട്ട് ആവശ്യപെടുന്നത്.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top