20 September Friday

മുൻ കേന്ദ്രമന്ത്രിയായ ബിജെപി നേതാവ്‌ ഒരു വർഷത്തിലേറെ പീഡിപ്പിച്ചെന്ന്‌ പെൺകുട്ടിയുടെ മൊഴി

വെബ് ഡെസ്‌ക്‌Updated: Tuesday Sep 10, 2019

ലഖ്‌നൗ > മുൻ കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ ചിന്മയാനന്ദ്‌ ഒരു വർഷത്തിലേറെ ലൈംഗികമായി പീഡിപ്പിച്ചെന്ന്‌ നിയമവിദ്യാർഥിനിയുടെ മൊഴി. കഴിഞ്ഞ മാസം ചിന്മയാനന്ദിനെതിരെ സാമൂഹ്യമാധ്യമങ്ങൾവഴി ആരോപണമുന്നയിച്ച ഇരുപത്തിമൂന്നുകാരിയാണ്‌ ബിജെപി നേതാവിന്റെ പീഡനവിവരം തുറന്നു പറഞ്ഞത്‌.

പരാതി നൽകിയിട്ടും യുപി പൊലീസ്‌ നടപടിയെടുത്തില്ല. യുവതി പഠിച്ച കോളേജിന്റെ ചെയർമാനായിരുന്നു ചിന്മയാനന്ദ്‌. ബിജെപി നേതാവ്‌ മകളെ ബലാത്സംഗം ചെയ്‌തെന്ന്‌ ചൂണ്ടിക്കാട്ടി പിതാവ്‌ നൽകിയ പരാതിയിലും നടപടി എടുത്തില്ല. 

പരാതിയുമായി മുന്നോട്ടുപോയാൽ മാതാപിതാക്കളെ അടക്കം എല്ലാവരെയും ഇല്ലാതാക്കുമെന്നും സർക്കാരും പൊലീസും കോടതിയും എല്ലാം തനിക്കൊപ്പംമാത്രമേ നിൽക്കൂ എന്നുമായിരുന്നു ചിന്മയാനന്ദിന്റെ ഭീഷണി. തുടർന്ന് പെൺകുട്ടി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനോടും പ്രധാനമന്ത്രി നരേന്ദ്ര മോഡിയോടും സ്ഥിതി​ഗതികൾ വിവരിച്ച് രക്ഷിക്കണമെന്നപേക്ഷിക്കുന്ന വീഡിയോ പോസ്റ്റ്‌ ചെയ്‌തു. അതിനുശേഷം പെൺകുട്ടിയെ കാണാതായി. പിന്നീട്‌ സുപ്രീംകോടതി ഇടപെട്ടപ്പോഴാണ്‌ യുപി സർക്കാർ പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചത്‌. ചിന്മയാനന്ദിനെതിരെ കേസ്‌ രജിസ്റ്റർ ചെയ്‌തതല്ലാതെ അന്വേഷണം കാര്യക്ഷമമായി നടക്കുന്നില്ല. പ്രതി ഒളിവിലാണെന്നാണ്‌ പൊലീസ്‌ പറയുന്നത്‌. ഈ സാഹചര്യത്തിലാണ്‌ തന്നെ ഒരു വർഷമായി പ്രതി ഭീഷണിപ്പെടുത്തി പീഡിപ്പിച്ചെന്ന്‌ പെൺകുട്ടി വെളിപ്പെടുത്തിയത്‌.
 

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top