18 November Monday

പി ചിദംബരത്തിന്‌ ജാമ്യമില്ല; നാല്‌ ദിവസത്തേക്ക്‌ സിബിഐ കസ്റ്റഡിയിൽ വിട്ടു

വെബ് ഡെസ്‌ക്‌Updated: Thursday Aug 22, 2019

ന്യൂഡൽഹി >  ഐഎൻഎക്സ്‌ മീഡിയ കേസിൽ മുന്‍ കേന്ദ്രമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ പി ചിദംബരത്തെ സിബിഐ കസ്റ്റഡിയിൽ വിട്ടു.  സിബിഐ വാദങ്ങൾ അംഗീകരിച്ചാണ്‌ കസ്റ്റഡിയിൽ വിട്ടത്‌. ചിദംബരത്തെ വീണ്ടും സിബിഐയുടെ ആസ്ഥാനത്ത്‌ എത്തിച്ചു. തിങ്കളാഴ്‌ച വരെ കസ്റ്റഡിയിൽ തുടരും. ദിവസവും അരമണിക്കൂർ അഭിഭാഷകനും കുടുംബത്തിനും ചിദംബരത്തെ കാണാനാകും. എല്ലാ 48മണിക്കൂറും വൈദ്യപരിശോധന നടത്തും. 28ന്‌ ചിദംബരത്തെ കോടതിയിൽ ഹാജരാക്കണം.
 
അഞ്ച് ദിവസം ചിദംബരത്തെ കസ്റ്റഡിയില്‍ വേണമെന്നാണ്‌ സിബിഐയ്ക്കുവേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത കോടതിയില്‍ ആവശ്യപ്പെട്ടത്‌. ഒന്നര മണിക്കൂര്‍ നീണ്ട വാദത്തിന് ശേഷം കോടതി ചിദംബരത്തിന് ജാമ്യം നിഷേധിക്കുകയായിരുന്നു. നേരത്തെ സിബിഐ ആസ്ഥാനത്ത് മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലുകൾക്ക്‌ ശേഷമാണ് ചിദംബരത്തെ കോടതിയിലെത്തിച്ചത്.

 ബുധനാഴ്‌ച പി ചിദംബരത്തെ സിബിഐ നാടകീയമായി അറസ്‌റ്റുചെയ്യുകയായിരുന്നു. രാത്രി 9.45 ഓടെ ഡൽഹിയിലെ ജോർബാഗിലെ വീട്ടിൽ മതിൽചാടിയെത്തിയാണ്‌ സിബിഐ സംഘം അദ്ദേഹത്തെ അറസ്‌റ്റ്‌ ചെയ്‌തത്‌. ഐഎൻഎക്‌സ്‌ മീഡിയയുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ചിദംബരത്തിന്റെ മുൻകൂർ ജാമ്യാപേക്ഷ ഡൽഹി ഹൈക്കോടതി തള്ളിയിരുന്നു. ഇതിനെതിരെ ചിദംബരം സമർപ്പിച്ച ഹർജിയിൽ അടിയന്തിരവാദം കേൾക്കാൻ സുപ്രീംകോടതി വിസമ്മതിച്ചിരുന്നു.
 

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top