ന്യൂഡൽഹി > കഴിഞ്ഞ മൂന്ന് ലോക്സഭാ തെരഞ്ഞെടുപ്പുകളിലും ഉറച്ചുനിന്ന ഛത്തീസ്ഗഢിൽ കഴിഞ്ഞ വർഷത്തെ നിയമസഭാ തെരഞ്ഞെടുപ്പിലുണ്ടായ കനത്ത തോൽവിയുടെ ആഘാതത്തിൽ നിന്ന് ഇനിയും മുക്തമാകാൻ ബിജെപിക്കായിട്ടില്ല. ലോക്സഭാ തെരഞ്ഞെടുപ്പിൽ ചർച്ച ചെയ്യപ്പെടുക ദേശീയ വിഷയങ്ങളാണെന്നും അതുകൊണ്ടു നിയമസഭാ തെരഞ്ഞെടുപ്പിന്റെ ആവർത്തനമുണ്ടാകില്ലെന്നും ബിജെപി അവകാശപ്പെടുന്നതെങ്കിലും കാര്യങ്ങൾ എളുപ്പമല്ല. നിയമസഭാ തെരഞ്ഞെടുപ്പ് നടന്ന് ചുരുങ്ങിയ മാസങ്ങൾക്കകം വീണ്ടും ബൂത്തിലേക്ക് നീങ്ങുന്ന ഒരു സംസ്ഥാനത്ത് ജനവിധിയിൽ വലിയ മാറ്റമുണ്ടാകില്ലെന്ന പ്രതീക്ഷയിലാണ് കോൺഗ്രസ്.
ഛത്തീസ്ഗഢ് സംസ്ഥാനം രൂപപ്പെട്ട ശേഷം 2004 ലെ ആദ്യ ലോക്സഭാ തെരഞ്ഞെടുപ്പിൽ 11 സീറ്റിൽ 10 ലും ബിജെപി വിജയിച്ചു. കോൺഗ്രസ് ഒരു സീറ്റിലൊതുങ്ങി.തുടർന്നുള്ള രണ്ട് ലോക്സഭാ തെരഞ്ഞെടുപ്പുകളിലും സീറ്റുനില മാറിയില്ല. 2003 മുതൽ 2018 വരെ ബിജെപിയുടെ രമൺ സിങ് തുടർച്ചയായി മുഖ്യമന്ത്രിയായി. കഴിഞ്ഞ നവംബറിലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ആദ്യമായി ബിജെപിക്ക് അടിതെറ്റി. വലിയ ആത്മവിശ്വാസത്തിൽ നീങ്ങിയ ബിജെപി 90 അംഗ നിയമസഭയിൽ 18 സീറ്റിൽ ഒതുങ്ങി. 67 സീറ്റ് നേടിയ കോൺഗ്രസ് 15 വർഷത്തെ ഇടവേളയ്ക്ക് ശേഷം അധികാരത്തിൽ തിരിച്ചെത്തി.മുൻ മുഖ്യമന്ത്രി അജിത്ത് ജോഗി കോൺഗ്രസ് വിട്ട് രൂപീകരിച്ച ജനതാ കോൺഗ്രസ് ഛത്തീസ്ഗഢും ബിഎസ്പിയും ചേർന്നുള്ള മൂന്നാം മുന്നണി ഏഴു സീറ്റുകൾ നേടി. ജെസിസി–- ബിഎസ്പി സഖ്യം ലോക്സഭാ തെരഞ്ഞെടുപ്പിലും രംഗത്തുണ്ട്. മർവാഹിയിൽ നിന്ന് നിയമസഭയിലേക്ക് ജയിച്ച അജിത്ത് ജോഗി കൊർബയിൽ നിന്ന് ലോക്സഭയിലേയ്ക്കുള്ള അങ്കപുറപ്പാടിലാണ്.
നിയമസഭാ തെരഞ്ഞെടുപ്പ് ഫലം ആവർത്തിക്കാമെന്ന പ്രതീക്ഷയിൽ കോൺഗ്രസ് നീങ്ങുമ്പോൾ പുൽവാമ ആക്രമണ വിഷയവും മറ്റും ഉയർത്തി മോഡി അനുകൂല തരംഗത്തിനാണ് ബിജെപി ശ്രമം. ഏപ്രിൽ 11 ന് തുടങ്ങി മൂന്ന് ഘട്ടങ്ങളിലായാണ് തെരഞ്ഞെടുപ്പ്. മാവോയിസ്റ്റ് സ്വാധീന മേഖലയായ ബസ്തറിൽ മാത്രമാണ് ആദ്യ ഘട്ടത്തിൽ വോട്ടെടുപ്പ്. തെരഞ്ഞെടുപ്പ് ഘട്ടത്തിൽ മാവോയിസ്റ്റ് ആക്രമണ ഭീഷണിയുള്ളതിനാൽ വലിയ സുരക്ഷാസന്നാഹങ്ങൾക്ക് കീഴിലാകും ഛത്തീസ്ഗഢിലെ തെരഞ്ഞെടുപ്പ്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള് വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..