ന്യൂഡൽഹി> മോദി സർക്കാർ 2016ൽ നടപ്പാക്കിയ നോട്ടുനിരോധനം വിനാശകരമായി മാറിയെന്നതിന് തെളിവാണ് ഇപ്പോൾ 2000 രൂപയുടെ നോട്ട് പിൻവലിച്ച നടപടിയെന്ന് സിപിഐ എം പൊളിറ്റ് ബ്യൂറോ പ്രസ്‌താവനയിൽ പറഞ്ഞു. കള്ളപ്പണം, അഴിമതി, ഭീകരപ്രവർത്തനത്തിനുള്ള ഫണ്ട് എന്നീ പ്രശ്‌നങ്ങൾക്ക് പരിഹാരമായും ഡിജിറ്റൽ സമ്പദ്‌ഘടന പ്രോത്സാഹിപ്പിക്കാനുമാണ് നോട്ട് നിരോധിക്കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അന്ന് അവകാശപ്പെട്ടു. ഈ ലക്ഷ്യങ്ങളിൽ ഒന്നുപോലും നേടാനായില്ല. കള്ളപ്പണശേഖരം 2000 രൂപ നോട്ടുകളിലേക്ക് മാറി.
അതേസമയം, നോട്ടുനിരോധനത്തിൽ കോടിക്കണക്കിനുപേരുടെ ജീവിതമാർഗം തകർന്നു. നൂറുകണക്കിനുപേർക്ക് ജീവൻ നഷ്ടപ്പെട്ടു. ഏറ്റവും കൂടുതൽ തൊഴിൽ സൃഷ്ടിക്കുകയും ആഭ്യന്തര വളർച്ചയ്‌ക്ക് സംഭാവന നൽകുകയും ചെയ്യുന്ന അനൗപചാരിക സമ്പദ്‌ഘടനയെയും ചെറുകിട, ഇടത്തരം, സൂക്ഷ്‌മ വ്യവസായങ്ങളെയും ഇത് തകർത്തു. നോട്ടുനിരോധന ദുരന്തത്തിനുശേഷം പ്രചാരത്തിലുള്ള കറൻസിയിൽ 83 ശതമാനം വർധന ഉണ്ടായി. അപലപനീയമായ ഭീകരാക്രമണങ്ങൾ തുടരുകയും നിരപരാധികൾക്ക് ജീവൻ നഷ്ടപ്പെടുകയുമാണ്. സമ്പദ്‌ഘടന തകർക്കുന്നതും ദേശീയ ആസ്‌തികൾ കൊള്ളയടിക്കുന്നതും ചെറുത്തുതോൽപ്പിക്കണം. കോർപറേറ്റ്–- വർഗീയ കൂട്ടുകെട്ടിനെ തള്ളിക്കളയണം. ഇത്തരം ഏകാധിപത്യപരമായ ജനവിരുദ്ധ നടപടികളിൽനിന്ന് സമ്പദ്‌ഘടനയെ രക്ഷിക്കാൻ ജനങ്ങൾ ഒന്നിക്കണമെന്ന് പിബി ആഹ്വാനം ചെയ്‌തു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..