21 October Monday

കൂറ്റൻ ഗർത്തങ്ങൾ; ചാന്ദ്രയാൻ ക്ലിക്ക്‌ തുടരുന്നു

ദിലീപ‌് മലയാലപ്പുഴUpdated: Monday Aug 26, 2019

തിരുവനന്തപുരം > ചന്ദ്രനിൽ ഇറങ്ങുന്നതിനുള്ള മുന്നൊരുക്കത്തിന്റെ ഭാഗമായി ചാന്ദ്രയാൻ–-2 പേടകത്തിലെ ഉപകരണങ്ങളുടെ പ്രവർത്തനക്ഷമതാ പരിശോധന തുടരുന്നു.  ഒമ്പത്‌ കൂറ്റൻ ഗർത്തങ്ങളുടെതടക്കം വ്യക്തമായ ചിത്രങ്ങൾ പേടകം ഭൂമിയിലേക്ക്‌ അയച്ചു. പേടകത്തിലെ ഏറ്റവും ആധുനികമായ രണ്ടാം ടെറൈൻ മാപ്പിങ്‌ ക്യാമറയാണ്‌ ചിത്രങ്ങളെടുത്തത്‌. ഉത്തരധ്രുവത്തിന്റെ ചിത്രവും ലഭിച്ചു. കഴിഞ്ഞ ദിവസം 4375 കിലോമീറ്റർ അടുത്തെത്തിയപ്പോഴാണ്‌ പേടകത്തിലെ ക്യാമറ പ്രവർത്തിപ്പിച്ചത്‌. ഉത്തരാർധഗോളത്തിലെ ജാക്‌സൺ, മിത്ര, മാക്‌, കൊറോലേവ്‌ എന്നിവയും സമീപത്തുള്ള ചെറുതും വലുതുമായ നിരവധി ഗർത്തങ്ങളും ആദ്യ ചിത്രത്തിലുണ്ട്‌.


 
 ഇന്ത്യൻ ഭൗതികശാസ്‌ത്രജ്‌ഞനായ ശിശിർകുമാർ മിത്രയുടെ പേരിൽ അറിയപ്പെടുന്ന മിത്ര ഗർത്തം 92 കിലോമീറ്റർ വ്യാസമുള്ളതാണ്‌. ജാക്‌സൺ ഗർത്തത്തിന്‌ 71. 3 ഉം കൊറോലേവ്‌ ഗർത്തത്തിന്‌ 437 കിലോമീറ്ററുമാണ്‌ വ്യാസം. കുന്നുകളാൽ ചുറ്റപ്പെട്ട സമ്മർ ഫീൽഡ്‌ ഗർത്തത്തിന്‌ 169 കിലോമീറ്റർ വ്യാസമുണ്ട്‌. തൊട്ടടുത്തുള്ള കിർക് വുഡ്‌ ഗർത്തത്തിന്‌ 68 കിലോമീറ്ററും. സൂര്യപ്രകാശം ഒട്ടും കടന്നു ചെല്ലാത്ത മേഖലയിലെ ഏറ്റവും തണുത്തുറഞ്ഞ ഗർത്തമായ ഹെർമിറ്റെയുടെ വ്യാസം 104 കിലോമീറ്ററാണ്‌.

 ചന്ദ്രനെ ചുറ്റുന്ന പേടകത്തിന്റെ പഥം ബുധനാഴ്‌ച വീണ്ടും കുറയ്‌ക്കും. 30നും സെപ്തംബർ ഒന്നിനും ഇത്‌ തുടരും. 2ന്‌ പേടകത്തിൽനിന്ന്‌ വേർപെടുന്ന ലാന്റർ 7ന്‌ പുലർച്ചെ ചന്ദ്രന്റെ പ്രതലത്തിലിറങ്ങും.

 


പ്രധാന വാർത്തകൾ
 Top