16 September Monday

ചാന്ദ്രയാൻ .....ഇനി നേരെ ചന്ദ്രനിലേക്ക്‌

ദിലീപ‌് മലയാലപ്പുഴUpdated: Wednesday Aug 14, 2019

തിരുവനന്തപുരം> ഇന്ത്യയുടെ രണ്ടാം ചാന്ദ്ര ദൗത്യ പേടകം ചാന്ദ്രയാൻ–-2 നേരെ ചന്ദ്രനിലേക്കുള്ള യാത്ര തുടങ്ങി. ബുധനാഴ്‌ച പുലർച്ചെയുള്ള ജ്വലനത്തോടെ പേടകം ഭൂമിയുടെ ഭ്രമണപഥം വിട്ട്‌ ദൂരേക്കു കുതിച്ചു. പുലർച്ചെ 3.21 ന് ശേഷം പേടകത്തിലെ ലിക്വിഡ്‌ അപോജി മോട്ടോർ(ലാം ) 1203 സെക്കൻറ് ജ്വലിപ്പിച്ചതിനെ തുടർന്നാണിത്‌. കഴിഞ്ഞ മാസം 22 ന്‌ ശ്രീഹരിക്കോട്ടയിലെ സതീഷ്‌ ധവാൻ സ്‌പേയ്‌സ്‌സെന്ററിൽ നിന്ന്‌ വിക്ഷേപിച്ച പേടകം 21 ദിവസമായി ഭൂമിയെ വലം വക്കുകയാരുന്നു.

അഞ്ച്‌ തവണ പഥം ഉയർത്തി. ക്യാമറ പ്രവർത്തിപ്പിച്ച്‌ ഭൂമിയുടെ ചിത്രങ്ങളെടുത്തു. ബുധനാഴ്‌ച ബംഗലൂരുവിലെ ഐഎസ്ആർഒ സെന്ററായ ഇസ്‌ട്രാക്ക്‌ നൽകിയ സന്ദേശം കൃത്യതയോടെ സ്വീകരിച്ചായിരുന്നു പേടകത്തിലെ ജ്വലന സംവിധാനം പ്രവർത്തിച്ചത്‌. 4.12,505 കിലോമീററർ ദൂരത്തേക്കുള്ള തള്ളൽ ശേഷി ഇതു വഴി ലഭിച്ചതായാണ്‌ ഐഎസ്‌ആർഒ നൽകുന്ന ആദ്യ സൂചന. 20 ന്‌ പേടകം ചന്ദ്രന്റെ ആകർഷണ വലയത്തിലാകും. അതിവേഗതയിലെത്തുന്ന പേടകം സ്വയം നിയന്ത്രിത സംവിധാനം ഉപയോഗിച്ചാവും ചാന്ദ്രപഥത്തിലേക്ക്‌ കടക്കുക.

തുടർന്ന്‌ ചന്ദ്രനെ വലം വക്കുന്ന പേടകം നൂറുകിലോമീറ്ററിലേക്ക്‌ താഴ്‌ത്തും. സെപ്‌തംബർ 2 ന്‌ പേടകത്തിൽ നിന്ന്‌ ലാന്റർ(വിക്രം) വേർപെട്ട്‌ മറ്റൊരു പഥത്തിൽ ചന്ദ്രനെ ചുറ്റും. തൊട്ടടുത്ത ദിവസം ലാന്ററിനെ 30 കിലോമീറ്ററിലേക്ക്‌ താഴ്‌ത്തും. 7 ന്‌ പേടകത്തെ ചന്ദ്രനന്റെ പ്രതലത്തിലേക്ക്‌ സോഫ്‌റ്റ്‌ ലാന്റ്‌ ചെയ്യിക്കും.


പ്രധാന വാർത്തകൾ
 Top