14 December Saturday

വഖഫ്: അധികാരം വെട്ടിക്കുറയ്ക്കും

സ്വന്തം ലേഖകൻUpdated: Monday Aug 5, 2024


ന്യൂഡൽഹി> വഖഫ് ബോർഡുകളുടെ അധികാരം വെട്ടിക്കുറയ്ക്കാൻ നിയമനിർമാണത്തിന് മോദിസർക്കാർ ഒരുങ്ങുന്നു. 1995ലെ കേന്ദ്രവഖഫ് നിയമത്തിൽ നാൽപ്പതോളം ഭേദ​ഗതി നിർദേശിക്കുന്ന ബിൽ ഉടൻ പാർലമെന്റിൽ അവതരിപ്പിക്കും. ബിൽ ഭേദ​ഗതിക്ക് കേന്ദ്രമന്ത്രിസഭായോ​ഗം അനുമതി നൽകിയതായി ദേശീയമാധ്യമം റിപ്പോർട്ടുചെയ്തു. വഖഫ് ബോർഡുകളുടെ സ്വയംഭരണത്തെ ബാധിക്കുന്ന നിർദേശങ്ങളാണ് ബില്ലിലുള്ളത്.

വസ്തുവകകൾ വഖഫ് സ്വത്തായി പ്രഖ്യാപിക്കാനുള്ള ബോർഡിന്റെ അധികാരം വെട്ടിക്കുറയ്ക്കുന്നതാണ് പ്രധാന ഭേദ​ഗതി. സ്വത്ത് വഖഫ് ബോർഡ് ഏറ്റെടുക്കാനുള്ള നടപടികൾ കൂടുതൽ കർക്കശമാക്കും. സ്വത്ത് വഖഫ് ഏറ്റെടുക്കുന്നതിനു മുമ്പ് സർക്കാർ ഏജൻസികളുടെ പരിശോധന നിർബന്ധമാക്കും. വഖഫ് സ്വത്തുക്കളിൽ ജില്ലാ മജിസ്ട്രേറ്റുമാരുടെ നിരീക്ഷണം ഏർപ്പെടുത്താനും നിർദേശമുണ്ട്. കേന്ദ്രവഖഫ് കൗൺസിലിന്റെയും സംസ്ഥാന വഖഫ് ബോർഡിന്റെയും ​ഘടനയിലും മാറ്റം വരുത്തും. വഖ്ഫ് സ്വത്തിലുള്ള തർക്കങ്ങളിലും പരിശോധന ഉണ്ടാകും.

ഹരിയാന, മഹാരാഷ്ട്ര, ജാർഖണ്ഡ് നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തതോടെയാണ് മുസ്ലിം സമുദായത്തിന്റെ വഖഫ് സ്വത്തിലേക്ക് കൈകടത്താനുള്ള  ഭേദ​ഗതി ബില്ലുമായി കേന്ദ്രം എത്തുന്നത്. വഖഫ് ബോർഡുകളുടെ കീഴിലുള്ള പല  പൈതൃക സ്വത്തുക്കളിലും തീവ്രഹിന്ദുത്വസംഘടനകൾ അവകാശവാദമുന്നയിക്കുന്നതിനിടെയാണ് പുതിയ നീക്കം. ദാനമായി ലഭിച്ചതും വിജ്ഞാപനം ചെയ്യപ്പെട്ടതുമായി വഖഫ് സ്വത്തുക്കളുടെ സംരക്ഷണവും പരിപാലനവും അതിൽ നിന്നുള്ള വരുമാനം മുസ്ലിംവിഭാ​ഗത്തിന്റെ ഉന്നമനത്തിനായി വിനിയോ​ഗിക്കുകയും ചെയ്യുന്ന വഖഫ് ബോർഡുകൾക്ക് കീഴിൽ രാജ്യത്ത് 9.4 ലക്ഷം ഏക്കറിലായി 8.7 ലക്ഷം വസ്തുവകകളുണ്ട്.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top