Deshabhimani

ഡിജിറ്റൽ അറസ്റ്റിനെതിരെ കർശന നടപടി; ഇതുവരെ ബ്ലോക്ക് ചെയ്തത് 59000 വാട്സാപ്പ് അക്കൗണ്ടുകൾ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Dec 04, 2024, 01:48 PM | 0 min read

ദില്ലി> ഡിജിറ്റൽ അറസ്റ്റ് ഉൾപ്പെടെയുള്ള എല്ലാ ഡിജിറ്റൽ തട്ടിപ്പുകള്‍ക്കെതിരെയും കര്‍ശന നടപടിയുമായി കേന്ദ്രം. ഡിജിറ്റൽ തട്ടിപ്പുമായി ബന്ധപ്പെട്ട് ഇതുവരെയായി 59000 വാട്സ്ആപ്പ് അക്കൗണ്ടുകള്‍ ബ്ലോക്ക് ചെയ്തെന്ന് കേന്ദ്രം അറിയിച്ചു. 1700 സ്കൈപ്പ് അക്കൗണ്ടുകള്‍ക്കെതിരെയും ഇതുവരെ നടപടിയെടുത്തിട്ടുണ്ട്.

കഴിഞ്ഞ മാസം നവംബര്‍ 15വരെ തട്ടിപ്പിൽ ഏര്‍പ്പെട്ട 6.69 ലക്ഷം മൊബൈല്‍ സിം കാര്‍ഡുകള്‍ റദ്ദാക്കിയിട്ടുണ്ടെന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. ഡിജിറ്റല്‍ അറസ്റ്റിനെതിരെ ഉള്‍പ്പെടെ കര്‍ശന നടപടിയെടുക്കുമെന്നും കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു.

ഡിജിറ്റൽ അറസ്റ്റ് പോലുള്ള തട്ടിപ്പുകൾക്കെതിരെ ശക്തമായ ജാഗ്രത വേണമെന്നും ഡിജിറ്റൽ അറസ്റ്റ് എന്നൊന്നില്ലെന്നും നേരത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കിയിരുന്നു. ഇത്തരം തട്ടിപ്പ് കോളുകൾ വരുമ്പോൾ പരിഭ്രാന്തരാകരുത്. ഒരു അന്വേഷണ ഏജന്‍സിക്കും ഇന്ത്യയിൽ ഡിജിറ്റല്‍ രീതിയില്‍ അറസ്റ്റ് ചെയ്യാനാവില്ല. ഒരു വ്യക്തിഗത വിവരവും കൈമാറരുത്. ഉടൻ തന്നെ നാഷണൽ സൈബർ ഹെൽപ് ലൈനിൽ വിവരം അറിയിക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞു.

2021 ൽ I4C യുടെ കീഴിൽ ആരംഭിച്ച 'സിറ്റിസൺ ഫിനാൻഷ്യൽ സൈബർ ഫ്രോഡ് റിപ്പോർട്ടിംഗ് ആൻഡ് മാനേജ്‌മെൻ്റ് സിസ്റ്റം', സാമ്പത്തിക തട്ടിപ്പുകൾ ഉടനടി റിപ്പോർട്ട് ചെയ്യുന്നത് സാധ്യമാക്കുന്നുവെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി ബന്ദി സഞ്ജയ് കുമാർ പറഞ്ഞു. തട്ടിപ്പുകാർ പണം തട്ടിയെടുക്കുന്നത് തടയാൻ ഇതിലൂടെ സാധിച്ചിട്ടുണ്ട്. 9.94 ലക്ഷത്തിലധികം പരാതികളിലായി 3,431 കോടി രൂപയുടെ തട്ടിപ്പ് തടഞ്ഞു.



deshabhimani section

Related News

0 comments
Sort by

Home