22 May Wednesday

ആൾക്കൂട്ട കൊലപാതകം: കേന്ദ്രസർക്കാരിന‌് കനത്ത പ്രഹരമായി കോടതിവിധി

സാജൻ എവുജിൻUpdated: Wednesday Jul 18, 2018

ന്യൂഡൽഹി > മുഹമ്മദ് അഖ്ലാക‌് മുതൽ മുഹമ്മദ് അസം ഖാൻവരെ 65 പേരുടെ ജീവനെടുത്ത നിഷ്ഠുരതയോട് തന്ത്രപരമായ മൗനംപാലിച്ച കേന്ദ്രസർക്കാരിനുള്ള കനത്ത പ്രഹരമാണ് സുപ്രീംകോടതി വിധി. സ്വയംപ്രഖ്യാപിത ഗോരക്ഷകർക്കും വെറുപ്പിന്റെ പ്രചാരകർക്കും അഴിഞ്ഞാടാൻ അവസരമൊരുക്കിയ ബിജെപിയുടെ ഭാവിപദ്ധതികൾക്ക് പ്രതിബന്ധവുമാണ് കോടതിനിലപാട്. പശുവിനെയും മതവിശ്വാസത്തെയും കൂട്ടിയിണക്കി വിദ്വേഷത്തിലൂന്നിയ പ്രചാരണം സംഘടിപ്പിച്ചാണ് സംഘപരിവാർ സംഘടനകൾ ഇന്ത്യയെ ഈ അവസ്ഥയിൽ എത്തിച്ചത്. അപരിചിതരെ കണ്ടാൽ കുട്ടികളെ തട്ടിക്കൊണ്ടുപോകാൻ എത്തിയവരാണെന്ന‌് ആരോപിച്ച് തല്ലിക്കൊല്ലുന്ന സ്ഥിതിയാണ് രാജ്യത്തിന്നുള്ളത‌്. കർണാടകത്തിൽ ഐടി കമ്പനി ഉദ്യോഗസ്ഥനായ മുഹമ്മദ് അസം ഖാൻ (32) കഴിഞ്ഞദിവസം കൊല്ലപ്പെട്ടത് വഴിയരികിൽ നിന്ന കുട്ടികൾക്ക് ചോക്ലേറ്റ‌് നൽകിയതിനാണ്.

മോഡിസർക്കാർ അധികാരമേറ്റശേഷം ആദ്യത്തെ ആൾക്കൂട്ട കൊലപാതകം 2015 സെപ്തംബർ 28ന‌് ഉത്തർപ്രദേശിലെ നോയ്ഡയിലായിരുന്നു. കർഷകത്തൊഴിലാളിയായ മുഹമ്മദ് അഖ്ലാക്കി (50)നെ പശുവിറച്ചി സൂക്ഷിച്ചുവെന്ന് ആരോപിച്ച് വീട്ടിൽക്കയറി തല്ലിക്കൊന്നു. ഇദ്ദേഹത്തിന്റെ മകൻ ഡാനിഷി (22)ന് മാരകമായി പരിക്കേൽക്കുകയും ചെയ്തു. അഖ്ലാക്കിന്റെ മകൾ സാജിദ (18)യെയും ഉമ്മ അസ്ഗരി(70)യെയും അക്രമിസംഘം ഉപദ്രവിച്ചു. നിഷ്ഠുരമായ ആക്രമണത്തെ ന്യായീകരിക്കാനാണ് സ്ഥലം എംപികൂടിയായ കേന്ദ്രമന്ത്രി മഹേഷ് ശർമ ഉൾപ്പെടെയുള്ളവർ ശ്രമിച്ചത്. കേസിലെ പ്രതികൾക്ക് പിന്നീട് സർക്കാർ ജോലി നൽകി.

തുടർന്നുള്ള വർഷങ്ങളിൽ ഇത്തരം ആക്രമണങ്ങളുടെ വ്യാപ്തിയും മാരകസ്വഭാവവും വർധിച്ചു. ബിജെപി ഭരണത്തിലുള്ള ഉത്തർപ്രദേശ്, രാജസ്ഥാൻ, ഗുജറാത്ത്, ജാർഖണ്ഡ്, ഹരിയാന എന്നീ സംസ്ഥാനങ്ങളിൽ ആൾക്കൂട്ട ആക്രമണങ്ങൾ ദൈനംദിനസംഭവമായി. ദേശീയപാതകളിൽ ചെക്ക്്പോസ്റ്റ് സ്ഥാപിച്ച് ഗോരക്ഷകർ വാഹനങ്ങൾ പരിശോധിക്കാൻ തുടങ്ങി. രാജസ്ഥാനിൽ പെഹ്ലുഖാൻ, ഉമർ ഖാൻ എന്നിവരെ കൊലപ്പെടുത്തിയത് ഇത്തരം സംഘങ്ങളാണ്. ഈ കേസുകളിലെ പ്രതികൾക്ക് ബിജെപിയുടെ രാഷ്ട്രീയസംരക്ഷണം ലഭിച്ചു.
ദളിതർക്കും ആദിവാസികൾക്കും നേരെ ഗോരക്ഷകരുടെ ആക്രമണങ്ങൾ പതിവായി. രോഗം ബാധിച്ച് ചത്തുകിടക്കുന്ന കാലികളുടെ തോലുരിച്ചെടുത്ത് അവശിഷ്ടം മറവുചെയ്യുന്ന ജോലികൾ ഉത്തരേന്ത്യയിൽ പരമ്പരാഗതമായി ചെയ്തുവരുന്നത് ദളിത് വിഭാഗങ്ങളാണ്. കുപ്രചാരണത്തിന്റെ അടിസ്ഥാനത്തിൽ ആൾക്കൂട്ടം ഇവരെയും ആക്രമിക്കുന്നു. ഈയിടെ മഹാരാഷ്ട്രയിലും അസമിലുമായി കുട്ടികളെ തട്ടിക്കൊണ്ടുപോകുന്നവർ എന്ന പേരിൽ പത്തോളംപേരെ തല്ലിക്കൊന്നു.

ജാർഖണ്ഡിൽ ഗോരക്ഷയുടെ പേരിൽ വ്യാപാരിയെ തല്ലിക്കൊന്ന കേസിൽ ശിക്ഷിക്കപ്പെട്ടവർക്ക് ജാമ്യം ലഭിച്ചപ്പോൾ കേന്ദ്രമന്ത്രി ജയന്ത് സിൻഹയുടെ വീട്ടിൽ സ്വീകരണം നൽകി. ബിഹാറിൽ വർഗീയവിദ്വേഷപ്രചാരണം നടത്തിയതിനു ജയിലിലായ വിഎച്ച്പി, ബജ്രംഗ്ദൾ പ്രവർത്തകരെ കേന്ദ്രമന്ത്രി ഗിരിരാജ് സിങ് ജയിലിൽ സന്ദർശിച്ചു. ആൾക്കൂട്ട ആക്രമണങ്ങൾ രാജ്യാന്തരതലത്തിൽ ഇന്ത്യയെ മാനംകെടുത്തിയിട്ടും പ്രധാനമന്ത്രി മൗനത്തിലാണ്. വിദേശപത്രങ്ങൾ ഈ വിഷയത്തിൽ മുഖപ്രസംഗംതന്നെ എഴുതി.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top