21 July Sunday
ബോർഡ‌് പുനഃസംഘടന സ്വകാര്യവൽക്കരണത്തിന‌് ആക്കംകൂട്ടാൻ

റെയിൽവേ ബോർഡിൽ ഇഷ്ടക്കാരെ നിയമിക്കാൻ നീക്കം; ജീവനക്കാർക്ക‌് നിർബന്ധിത വിരമിക്കൽ സർക്കുലർ ഇറങ്ങി

പി വിജയൻUpdated: Tuesday Jun 25, 2019

മലപ്പുറം> സ്വകാര്യവൽക്കരണം അതിവേഗത്തിലാക്കാൻ റെയിൽവേ ബോർഡിൽ പുറത്തുനിന്നുള്ളവരെ ഉൾപ്പെടുത്താൻ കേന്ദ്ര സർക്കാർ നീക്കം തുടങ്ങി. മോഡി സർക്കാരിന്റെ നൂറുദിന കർമ പദ്ധതിയിലുൾപ്പെടുത്തിയാണ‌് റെയിൽവേ ബോർഡ‌് പുനഃസംഘടിപ്പ‌ിച്ച‌് ഇഷ്ടക്കാരെ തിരുകിക്കയറ്റുന്നത‌്. 

നിലവിൽ ക്യാബിനറ്റ‌് സെക്രട്ടറി പദവിയിലുള്ള റെയിൽവേയിലെ ഉന്നത ഉദ്യോഗസ്ഥരാണ‌്  റെയിൽവേ ബോർഡ‌് അംഗങ്ങൾ. എൻജിനിയറിങ്‌, മെക്കാനിക്കൽ, ട്രാഫിക‌്, അക്കൗണ്ട‌്സ‌്, ആർപിഎഫ‌് തുടങ്ങിയ വിഭാഗങ്ങളിലെ മേധാവികളടങ്ങിയതാണ‌് 13 അംഗ റെയിൽവേ ബോർഡ‌്. റെയിൽവേയിൽനിന്നുള്ളവർ മാത്രമായാൽ സ്വകാര്യവൽക്കരണം വൈകുമെന്നുകണ്ടാണ‌് ബിബേക‌് ദേബ‌്റോയ‌് കമ്മിറ്റി ശുപാർശയുടെ അടിസ്ഥാനത്തിൽ  പുറത്തുനിന്നുള്ളവരെയും ഉൾപ്പെടുത്തുന്നത‌്. കേന്ദ്ര സർക്കാരിന‌് വേണ്ടപ്പെട്ടവർ ഇതുവഴി ബോർഡിലെത്തി സ്വകാര്യവൽക്കരണത്തിന്റെ മുഖ്യ ചുമതലക്കാരാകും.

സ്വകാര്യവൽക്കരണത്തിന്റെ ഭാഗമായി പാസഞ്ചർ ട്രെയിൻ സർവീസ‌് കോർപറേറ്റുകൾക്ക‌് കൈമാറാനുള്ള നിർദേശവും നൂറുദിന കർമപദ്ധതിയിലുണ്ട‌്.  തുടക്കത്തിൽ ഐആർസിടിസിയെയും തുടർന്ന് പൊതുലേലത്തിലൂടെ സ്വകാര്യ സംരംഭകരെയും ഏൽപ്പിക്കാനാണ് നീക്കം. ഇത‌് യാത്രക്കൂലി ഇരട്ടിക്കുന്നതിലേക്കും യാത്രാസൗജന്യങ്ങൾ ഇല്ലാതാക്കുന്നതിലേക്കും നയിക്കും.

സ്വകാര്യവൽക്കരണത്തിന്റെ ചുവടുപിടിച്ചാണ‌് സ്ഥിരം തസ‌്തികകൾ വെട്ടിച്ചുരുക്കി കരാർ നിയമനം വ്യാപകമാക്കിയത‌്. ഇതിന്റെ തുടർച്ചയായി ജീവനക്കാർക്ക‌് നിർബന്ധിത വിരമിക്കൽ ഏർപ്പെടുത്തി സർക്കുലർ ഇറങ്ങി. 50ഉം 55ഉം വയസ‌് കഴിഞ്ഞ ജീവനക്കാർക്കാണ‌് വിരമിക്കൽ. ഇവരുടെ പ്രവർത്തനമികവ‌് പരിശോധിച്ച‌് നിർബന്ധിത വിരമിക്കൽ നടപ്പാക്കണമെന്നാണ‌് ഡിഒപിജി (ഡിപ്പാർട്ട‌്മെന്റ‌് ഓഫ‌് പേഴ‌്സണൽ ആൻഡ‌് ഗ്രിവാൻസ‌്) വിഭാഗത്തിൽനിന്നുള്ള സർക്കുലറിൽ പറയുന്നത‌്. വിരമിച്ചവരുടെ ലിസ‌്റ്റ‌് ഓരോ വർഷവും ഡിഒപിജിയിൽ റിപ്പോർട്ട‌് ചെയ്യണമെന്നും നിർദേശമുണ്ട‌്.

കോച്ച‌് ഫാക്ടറികൾ, പ്രധാന വർക്ക‌് ഷോപ്പുകൾ, എൻജിൻ നിർമാണ ഫാക്ടറികൾ എന്നിവ പ്രത്യേക ലാഭ യൂണിറ്റുകളാക്കി മാറ്റി വിദേശ സംരംഭകർക്ക‌് കൈമാറാനുള്ള നീക്കവും സജീവമായി.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top