21 September Saturday

മഹാദുരന്തത്തിന്‌ ശേഷവും കേന്ദ്രമന്ത്രിമാർ കേരളത്തെ കുത്തിനോവിക്കുന്നു: ജോൺബ്രിട്ടാസ്‌ എംപി

സ്വന്തം ലേഖകൻUpdated: Wednesday Aug 7, 2024

ന്യൂഡൽഹി> നൂറുകണക്കിന്‌ ആളുകൾക്ക്‌ ജീവൻ നഷ്ടപ്പെട്ട മഹാദുരന്തത്തിന്‌ ശേഷവും കേന്ദ്രമന്ത്രിമാർ കേരളത്തിനെ കുത്തിനോവിക്കുകയും അവഹേളിക്കുകയും ചെയ്യുകയാണെന്ന് ജോൺബ്രിട്ടാസ്‌ എംപി. വനം,പരിസ്ഥിതി മന്ത്രി ഭൂപേന്ദ്രയാദവ്‌ ഉൾപ്പടെയുള്ളവർ ഒരോദിവസവും കേരളത്തിലെ ജനങ്ങളെ അവഹേളിക്കുന്ന, അപമാനിക്കുന്ന പ്രസ്‌താവനകൾ നടത്തുന്നതിൽ ഹരം കണ്ടെത്തുകയാണെന്നും ജോൺബ്രിട്ടാസ്‌ രാജ്യസഭയിൽ ധനവിനിയോഗ ബില്ലുമായി ബന്ധപ്പെട്ട ചർച്ചയിൽ പങ്കെടുത്തു പറഞ്ഞു.

കേന്ദ്രആഭ്യന്തരമന്ത്രിയും നേരത്തെ ഇത്തരം പരാമർശങ്ങൾ നടത്തിയിരുന്നു. ഈ ദുരന്തവേളയിൽ രാഷ്ട്രീയമായ പഴിചാരൽ വിനോദങ്ങളിൽ മുഴുകുന്നത്‌ കേന്ദ്രമന്ത്രിമാർ അവസാനിപ്പിക്കണം. വയനാട്ടിലെ ഹതാശരായ ജനങ്ങൾക്ക്‌ രാജ്യത്തിന്റെ മുഴുവൻ ഐക്യദാർഢ്യം ആവശ്യമുള്ള സമയമാണിത്. രാജ്യത്ത്‌ വിലക്കയറ്റവും തൊഴിലില്ലായ്‌മയും വർദ്ധിക്കുമ്പോൾ ഒരുതരത്തിലുള്ള ആശ്വാസനടപടികളും ഇല്ലാത്ത ബജറ്റാണ്‌ ധനമന്ത്രി അവതരിപ്പിച്ചിട്ടുള്ളതെന്നും ജോൺബ്രിട്ടാസ്‌ കുറ്റപ്പെടുത്തി.

അവശ്യസാധനങ്ങളുടെ വില കുതിച്ചുയരുന്നതിന്‌ ഒപ്പം ജനങ്ങളുടെ വാങ്ങൽശേഷിയിലും കാര്യമായ ഇടിവുണ്ടായി. തൊഴിലില്ലായ്‌മ സംബന്ധിച്ച യഥാർഥ കണക്കുകളും മറ്റും പൂഴ്‌ത്തിവെച്ചിരിക്കുകയാണ്‌. അതേസമയം, കോർപറേറ്റുകൾക്ക്‌ ഗുണകരമായ കാര്യങ്ങൾ ചെയ്യാൻ സർക്കാർ വളരെ ജാഗ്രത കാണിച്ചിട്ടുണ്ടെന്നും ജോൺബ്രിട്ടാസ്‌ കൂട്ടിച്ചേർത്തു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top