10 August Monday

ഐഎൻഎക്‌സ്‌ മീഡിയ കേസ്‌; മുൻ കേന്ദ്രമന്ത്രി പി ചിദംബരം അറസ്‌റ്റിൽ: വീടിന്റെ മതിൽചാടി സിബിഐ

വെബ് ഡെസ്‌ക്‌Updated: Thursday Aug 22, 2019

ഡൽഹിയിലെ വീട്ടിൽനിന്ന്‌ പി ചിദംബരത്തെ സിബിഐ ഉദ്യോഗസ്ഥർ അറസ്‌റ്റുചെയ്‌തു കൊണ്ടുപോകുന്നു


ന്യൂഡൽഹി
കള്ളപ്പണം വെളുപ്പിച്ചകേസിൽ മുൻ കേന്ദ്രമന്ത്രിയും മുതിർന്ന കോൺഗ്രസ്‌ നേതാവുമായ പി ചിദംബരത്തെ സിബിഐ നാടകീയമായി അറസ്‌റ്റുചെയ്‌തു. ബുധനാഴ്‌ച രാത്രി 9.45 ഓടെ ഡൽഹിയിലെ ജോർബാഗിലെ വീട്ടിൽ മതിൽചാടിയെത്തിയാണ്‌ സിബിഐ സംഘം അദ്ദേഹത്തെ അറസ്‌റ്റ്‌ ചെയ്‌തത്‌. തുടർന്ന്‌ ചിദംബരത്തെ രാംമനോഹർ ലോഹ്യ ആശുപത്രിയിൽ അടിയന്തര വൈദ്യ പരിശോധനയ്‌ക്ക്‌ വിധേയനാക്കി. വ്യാഴാഴ്‌ച പ്രത്യേക സിബിഐ കോടതിയിൽ ഹാജരാക്കും.

ദിവസം മുഴുവൻ നീണ്ട സംഭവ പരമ്പരകൾക്കൊടുവിലായിരുന്നു അറസ്‌റ്റ്‌. സിബിഐ, എൻഫോഴ്‌സ്‌മെന്റ്‌, ഡൽഹി പൊലീസ്‌ എന്നിവയിലെ ഉദ്യോഗസ്ഥരടങ്ങുന്ന സംഘമാണ്‌ മാധ്യമങ്ങളെ സാക്ഷിയാക്കി മുൻ ആഭ്യന്തരമന്ത്രിയെ വീട്ടിൽക്കയറി പിടികൂടിയത്‌. 

ഐഎൻഎക്‌സ്‌ മീഡിയയുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ചിദംബരത്തിന്റെ മുൻകൂർ ജാമ്യാപേക്ഷ കഴിഞ്ഞദിവസം ഡൽഹി ഹൈക്കോടതി തള്ളിയിരുന്നു. ഇതിനെതിരെ ചിദംബരം സമർപ്പിച്ച ഹർജിയിൽ അടിയന്തര വാദം കേൾക്കാൻ സുപ്രീംകോടതി വിസമ്മതിച്ചു. വെള്ളിയാഴ്‌ച ഹർജി പരിഗണിക്കും. ചിദംബരത്തിനെതിരെ ലുക്കൗട്ട്‌ നോട്ടീസ്‌ പുറപ്പെടുവിച്ച സിബിഐ–-ഇഡി സംഘം പലയിടത്തും തെരച്ചിൽ നടത്തിയിരുന്നു. ഇതിനിടെ രാത്രി എട്ടോടെ എഐസിസി ആസ്ഥാനത്ത്‌ പ്രത്യക്ഷപ്പെട്ട ചിദംബരം വാർത്താസമ്മേളനം നടത്തി വീട്ടിലെത്തിയപ്പോഴാണ്‌ അറസ്‌റ്റ്‌.

ഉദ്യോഗസ്ഥ സംഘം പിൻവാതിൽ ബലമായി തുറന്നാണ്‌ വീടിനുള്ളിലേക്ക്‌ കയറിയത്‌. മുക്കാൽ മണിക്കൂറോളം  ചിദംബരത്തെ ചോദ്യം ചെയ്‌തു. തുടർന്ന്‌ സിബിഐ ആസ്ഥാനത്തേക്ക്‌ കൊണ്ടുപോയി. ചിദംബരം സഹകരിക്കാത്തതിനെ തുടർന്നാണ്‌ അസാധാരണ രീതിയിൽ അദ്ദേഹത്തെ അറസ്‌റ്റ്‌ ചെയ്യേണ്ടി വന്നതെന്ന്‌ ഉദ്യോഗസ്ഥർ അവകാശപ്പെട്ടു. എന്നാൽ, ദേശീയ മാധ്യമങ്ങൾക്ക്‌ മുന്നിൽ ചിദംബരത്തെ പരമാവധി നാണംകെടുത്തണമെന്ന ഉന്നതങ്ങളിൽ നിന്നുള്ള നിർദേശം അനുസരിച്ചായിരുന്നു ഉദ്യോഗസ്ഥരുടെ നീക്കമെന്ന ആക്ഷേപം ശക്തമായി.

നിയമത്തെ ആദരിക്കുന്ന വ്യക്തിയാണെന്നും നിയമത്തിൽ പ്രതീക്ഷയുണ്ടെന്നും ചിദംബരം വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഡൽഹി ഹൈക്കോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളിയതിനെ തുടർന്ന്‌ സുപ്രീംകോടതിയെ സമീപിക്കാനായിരുന്നു അഭിഭാഷകരുടെ ഉപദേശം. എന്നാൽ, താൻ നിയമത്തിൽനിന്നും ഒളിച്ചോടിയതായി ചിത്രീകരിക്കാൻ നീക്കമുണ്ടായി. തനിക്കെതിരെ കുറ്റപത്രം സമർപ്പിച്ചിട്ടില്ല. അന്വേഷണ ഏജൻസികൾ നിയമത്തെ മാനിക്കുമെന്നാണ്‌ പ്രതീക്ഷ. നിയമത്തെ ആദരിക്കുന്ന വ്യക്തിയെന്ന നിലയിൽ അന്വേഷണ ഏജൻസികൾ അധികബലം ചെലുത്തിയാൽ അതും സഹിക്കുമെന്നും ചിദംബരം പറഞ്ഞു. 

ചിദംബരം കോൺഗ്രസ്‌ ആസ്ഥാനത്ത്‌ എത്തിയെന്ന്‌ അറിഞ്ഞ്‌ സിബിഐ, എൻഫോഴ്‌സ്‌മെന്റ്‌ സംഘം അങ്ങോട്ടേക്ക്‌ എത്തിയെങ്കിലും കോൺഗ്രസ്‌ പ്രവർത്തകർ ഗെയ്‌റ്റ്‌ അടച്ചിട്ടു. അറസ്‌റ്റിൽ പ്രതിഷേധിക്കാനെത്തിയ കോൺഗ്രസുകാരും ആഘോഷിക്കാനെത്തിയ ബിജെപിക്കാരും തമ്മിൽത്തല്ലിയതും സാഹചര്യം വഷളാക്കി.

നാടകാന്തം അറസ്‌റ്റ്‌
ന്യൂഡൽഹി
രണ്ടു ദിവസം നീണ്ടുനിന്ന നാടകീയരംഗങ്ങൾക്കൊടുവിലാണ്‌ പി ചിദംബരത്തിന്റെ അറസ്റ്റ്‌. ജാമ്യാപേക്ഷ തള്ളിയതിനെത്തുടർന്ന്‌ ഒളിവിൽപ്പോയ ചിദംബരം രാത്രി എട്ടോടെ  എഐസിസി  ആസ്ഥാനത്ത്‌ വാർത്താസമ്മേളനത്തിനെത്തിയതോടെ അറസ്‌റ്റ്‌ ഉറപ്പായി.  സിബിഐക്കു മുന്നിൽ കീഴടങ്ങാൻ തയ്യാറല്ലെന്ന്‌ വാർത്താസമ്മേളനത്തിൽ പ്രഖ്യാപിച്ചതിനു പിന്നാലെ കപിൽ സിബൽ,  മനു അഭിഷേക്‌ സിങ്‌വി തുടങ്ങിയവർക്കൊപ്പം ചിദംബരം  ജോർബാഗിലെ ഔദ്യോഗിക വസതിയിലെത്തി. തൊട്ടുപിന്നാലെ സിബിഐയുടെ 20 അംഗസംഘവും.

പൂട്ടിയ ഗേറ്റ്‌ തുറക്കാൻ തയ്യാറാകാത്തതിനെത്തുടർന്ന്‌ ഉദ്യോഗസ്ഥർ ഓരോരുത്തരായി  മതിൽചാടി അകത്തേക്ക്‌.  കൂടുതൽ ഉദ്യോഗസ്ഥർ  എത്തിയതോടെ പ്രതിഷേധവുമായി കോൺഗ്രസ്‌ പ്രവർത്തകരും  വീടിനുമുന്നിൽ തടിച്ചുകൂടി. സംഘർഷത്തിലേയ്ക്ക്‌ നീങ്ങിയതോടെ  ഡൽഹി പൊലീസ്‌ പ്രദേശത്തെ നിയന്ത്രണം ഏറ്റെടുത്തു. രാത്രി പത്തോടെ സിബിഐ സംഘം ചിദംബരത്തെ അറസ്റ്റുചെയ്‌തുകൊണ്ടുപോകുമ്പോൾ പ്രവർത്തകർ കാറിന്‌ കുറുകെ ചാടി. പൊലീസ്‌ ഏറെ പണിപ്പെട്ടാണ്‌ ഇവരെ നീക്കിയത്‌.

ചിദംബരത്തെ അറസ്റ്റു ചെയ്‌തുകൊണ്ടുപോകാനായി വഴിയൊരുക്കുന്ന ഉദ്യോഗസ്ഥർ

ചിദംബരത്തെ അറസ്റ്റു ചെയ്‌തുകൊണ്ടുപോകാനായി വഴിയൊരുക്കുന്ന ഉദ്യോഗസ്ഥർ


 

രാത്രി 11ഓടെ മുൻ ആഭ്യന്തരമന്ത്രിയെ സിബിഐ ആസ്ഥാനത്തെത്തിച്ചു. ഐഎൻഎക്‌സ്‌ മീഡിയയുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ അറസ്‌റ്റ്‌ ഒഴിവാക്കാനുള്ള ശ്രമം പരാജയപ്പെട്ടതിനെത്തുടർന്നാണ്‌ പി ചിദംബരം ചൊവ്വാഴ്‌ച രാത്രി മുതൽ ഒളിവിൽ പോയത്‌.  രണ്ട്‌ മണിക്കൂറിനകം അന്വേഷണസംഘത്തിനു മുന്നിൽ ഹാജരാകാൻ ആവശ്യപ്പെട്ട്‌ ചൊവ്വാഴ്‌ച അർധരാത്രി ഗെയ്‌റ്റിൽ നോട്ടീസും  പതിച്ചു. ബുധനാഴ്‌ച പകൽ പതിനൊന്നോടെ സിബിഐയും എൻഫോഴ്സ്‌മെന്റും ലുക്ക്‌ഔട്ട്‌ നോട്ടീസ്‌ പുറപ്പെടുവിച്ചു. മുൻകൂർ ജാമ്യാപേക്ഷ നിരസിച്ച ഡൽഹി ഹൈക്കോടതി ഉത്തരവിനെതിരെ സമർപ്പിച്ച പ്രത്യേകാനുമതി ഹർജി അടിയന്തരമായി പരിഗണിക്കാൻ സുപ്രീംകോടതി വിസമ്മതിക്കുകയും ചെയ്‌തു. 

ബുധനാഴ്‌ചതന്നെ ഹർജി പരിഗണിപ്പിക്കാൻ കപിൽ സിബലിന്റെ  നേതൃത്വത്തിലുള്ള  അഭിഭാഷകസംഘം കിണഞ്ഞുശ്രമിച്ചെങ്കിലും ജസ്‌റ്റിസ്‌ എൻ വി രമണ അധ്യക്ഷനായ ബെഞ്ച്‌  നിരസിച്ചു. ഹർജി വെള്ളിയാഴ്‌ച പരിഗണിക്കാൻ മാറ്റി.  ബുധനാഴ്‌ച പകൽ സിബിഐ, എൻഫോഴ്‌സ്‌മെന്റ്‌ സംഘങ്ങൾ പലവട്ടം ജോർബാഗിലെ ചിദംബരത്തിന്റെ വസതിയിൽ എത്തിയിരുന്നു.ഡൽഹിയിൽ ചിദംബരം ഉണ്ടാകാൻ സാധ്യതയുള്ള സ്ഥലങ്ങളിൽ തെരച്ചിൽ നടത്തിയിരുന്നു.  മൊബൈൽഫോൺ ലൊക്കേഷനും സിസിടിവി ദൃശ്യങ്ങളും ഉപയോഗിച്ച്‌  ഒളിയിടം കണ്ടെത്താനും ശ്രമിക്കുന്നതിനിടെയാണ്‌ എഐസിസി ആസ്ഥാനത്ത്‌ വാർത്താസമ്മേളനത്തിന്‌ പ്രത്യക്ഷപ്പെട്ടത്‌ .


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.


പ്രധാന വാർത്തകൾ
 Top