19 September Saturday

‘ദി കാരവൻ’ സംഘത്തെ ആക്രമിച്ച് സംഘപരിവാര്‍ ; ഭീഷണിയും കൈയേറ്റവും ലൈംഗികാതിക്രമവും

വെബ് ഡെസ്‌ക്‌Updated: Thursday Aug 13, 2020


ന്യൂഡൽഹി
വടക്കുകിഴക്കൻ ഡൽഹി കലാപത്തിനു പിന്നിലെ ഗൂഢാലോചന പുറത്തുകൊണ്ടുവരാൻ ശ്രമിച്ച മാധ്യമസംഘത്തിന്‌ ഭീഷണിയും കൈയേറ്റവും ലൈംഗികാതിക്രമവും. ‘ദി കാരവൻ’ മാസികയുടെ മൂന്ന്‌ റിപ്പോർട്ടർമാരാണ്‌ സംഘപരിവാറുകാരുടെ  കൈയേറ്റത്തിന് ഇരയായത്. വനിതാ റിപ്പോർട്ടർക്ക്‌ മുന്നിൽ അക്രമി നഗ്നത പ്രദർശിപ്പിച്ചു. ചൊവ്വാഴ്‌ച വടക്കൻ ഘോണ്ടയിലെ സുഭാഷ്‌മൊഹല്ലയിൽ റിപ്പോര്‍ട്ടിങ്ങിനെത്തിയ ഷാഹിദ്‌ താൻത്രയ്ക്കും പ്രഭിജിത്‌ സിങ്ങിനും വനിതാ റിപ്പോർട്ടറിനുമാണ് ഒന്നരമണിക്കൂറോളം അതിക്രമം നേരിട്ടത്‌. കേസെടുക്കാന്‍ പൊലീസ് തയ്യാറായില്ല.

പ്രദേശത്തെ ചിത്രം എടുക്കുന്നതിനിടെ ‘ബിജെപി ജനറൽ സെക്രട്ടറി’ എന്ന്‌ പരിചയപ്പെടുത്തിയ ഒരാൾ തടഞ്ഞു. തിരിച്ചറിയൽ കാർഡുകൾ പരിശോധിച്ചു. ഷാഹിദ്‌ താൻത്രയ്‌ മുസ്ലിമാണെന്ന്‌ മനസ്സിലാക്കിയതോടെ വളഞ്ഞിട്ട്‌ ആക്രമിച്ചു. രക്ഷപ്പെടാൻ ശ്രമിച്ച വനിതാ റിപ്പോര്‍ട്ടറുടെ വസ്‌ത്രം രാഖി കെട്ടിയ ചെറുപ്പക്കാർ പിടിച്ചു‌വലിച്ചു. തളര്‍ന്നിരുന്നപ്പോള്‍ ഫോണിൽ  ദൃശ്യം പകർത്തി. ‘‘കാണിച്ചുകൊടുക്ക്‌... കാണിച്ചുകൊടുക്ക്‌–- എന്ന്‌ കൂട്ടത്തിലാരോ ആക്രോശിച്ചതിനു പിന്നാലെ  മധ്യവയസ്‌കൻ നഗ്നതാപ്രദർശനം നടത്തി’’–- വനിതാ റിപ്പോർട്ടർ ഭജൻപുര പൊലീസിന്‌ നൽകിയ പരാതിയിൽ പറയുന്നു. 

‘നിന്നെയൊക്കെ കൊന്നാലും ആരും ചോദിക്കില്ലെന്ന്’ – അക്രമികൾ- ആക്രോശിച്ചു. മുസ്ലിങ്ങളെ അവഹേളിക്കുന്ന പരാമർശം നടത്തി. ചിത്രങ്ങൾ ഡിലീറ്റ്‌ ചെയ്യിപ്പിച്ചു. മെമ്മറികാർഡ് പിടിച്ചുവാങ്ങി. പൊലീസുകാർ എത്തിയതോടെയാണ് ഇവരെ വിട്ടയച്ചത്. റിപ്പോർട്ടർമാരുടെ പരാതിയിൽ കേസെടുക്കാൻ പൊലീസ് തയ്യാറായില്ല. പ്രദേശവാസികളുടെ പരാതികൂടി പരിശോധിക്കേണ്ടതുണ്ടെന്നാണ് നിലപാട്. കലാപത്തിലെ സംഘപരിവാര്‍ ബന്ധവും പൊലീസ്‌ നിഷ്‌ക്രിയത്വവും നിരവധി റിപ്പോര്‍ട്ടുകളിലൂടെ ‘കാരവൻ’തുടർച്ചയായി പുറത്തുകൊണ്ടുവന്നിരുന്നു.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.


----
പ്രധാന വാർത്തകൾ
-----
-----
 Top