Deshabhimani

അമിത്‌ ഷായ്‌ക്കെതിരായ ആരോപണം ; കാനഡയെ പ്രതിഷേധം 
അറിയിച്ച്‌ വിദേശമന്ത്രാലയം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 03, 2024, 03:19 AM | 0 min read


ന്യൂഡൽഹി
ആഭ്യന്തര മന്ത്രി അമിത്‌ ഷായ്‌ക്കെതിരെ കാനഡ മന്ത്രി ഗുരുതര ആരോപണം ഉന്നയിച്ചതിൽ ശക്തമായ പ്രതിഷേധവും നടപടികളുമായി ഇന്ത്യ. ഡൽഹിയിലെ കാനഡ ഹൈക്കമീഷനിലെ ഉദ്യോഗസ്ഥനെ വിളിച്ചുവരുത്തി വിദേശ മന്ത്രാലയം പ്രതിഷേധക്കുറിപ്പ്‌ കൈമാറി. അമിത്‌ ഷായ്‌ക്കെതിരെ കാനഡ മന്ത്രി ഡേവിഡ്‌ മോറിസൺ പാർലമെന്ററി കമ്മിറ്റിയിൽ ഉയർത്തിയ ആക്ഷേപങ്ങൾ അസംബന്ധവും അടിസ്ഥാനരഹിതവുമാണെന്ന്‌ വിദേശമന്ത്രാലയ വക്താവ്‌ രൺദീർ ജെയ്‌സ്‌വാൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. കാനഡയിൽ ഖലിസ്ഥാൻ നേതാക്കളെ ലക്ഷ്യമിട്ട്‌ നടക്കുന്ന നീക്കങ്ങൾ ആസൂത്രണം ചെയ്യുന്നത്‌ അമിത്‌ ഷാ ആണെന്ന്‌ മോറിസൺ ആരോപിച്ചിരുന്നു. ഖലിസ്ഥാൻ നേതാവ്‌ ഹർദീപ്‌ സിങ്‌ നിജ്ജറെ കഴിഞ്ഞ വർഷം ജൂണിൽ ബ്രിട്ടീഷ്‌ കൊളംബിയയിൽ കൊലപ്പെടുത്തിയതിന്‌ പിന്നിൽ ഇന്ത്യൻ ഏജന്റുമാരുണ്ടെന്ന്‌ കാനഡ പ്രധാനമന്ത്രി ജസ്‌റ്റിൻ ട്രൂഡോ ആരോപിച്ചതിന്‌ പിന്നാലെയാണിത്‌.

ഇന്ത്യയെ അപകീർത്തിപ്പെടുത്താനും മറ്റ്‌ രാജ്യങ്ങളെ സ്വാധീനിക്കാനുമാണ്‌ കാനഡ ഇത്തരം ആരോപണങ്ങൾ തെളിവില്ലാതെ ഉന്നയിക്കുന്നതെന്ന്‌ വിദേശമന്ത്രാലയം വ്യക്തമാക്കി. നിരുത്തരവാദപരമായ ഇത്തരം നീക്കങ്ങൾ ഉഭയകക്ഷി ബന്ധത്തിൽ ഗുരുതര പ്രത്യാഘാതം സൃഷ്ടിക്കും. കാനഡയിൽ ഇന്ത്യൻ നയതന്ത്ര പ്രതിനിധികളെ അന്യായമായി നിരീക്ഷിക്കുകയാണ്‌.  തീവ്രവാദത്തിന്റെയും സംഘർഷത്തിന്റെയും ഭീഷണിയിലാണ്‌ ഇന്ത്യൻ നയതന്ത്രജ്ഞർ അവിടെ പ്രവർത്തിക്കുന്നത്‌. കാനഡ സർക്കാരും ഇത്തരത്തിൽ പ്രവർത്തിക്കുന്നത്‌ സ്ഥിതി കൂടുതൽ മോശമാക്കും. വിഷയത്തിൽ കാനഡയെ പ്രതിഷേധം അറിയിച്ചിട്ടുണ്ട്‌. നയതന്ത്ര ചട്ടങ്ങൾക്കും മാനദണ്ഡങ്ങൾക്കും വിരുദ്ധമാണ്‌ കാനഡയുടെ നിലപാടെന്നും വിദേശമന്ത്രാലയം ചൂണ്ടിക്കാട്ടി.

ട്രൂഡോയുടെ ആരോപണത്തെ തുടർന്ന്‌ കാനഡ ഹൈക്കമ്മീഷണറെ പുറത്താക്കിയ ഇന്ത്യ, അവിടെനിന്ന്‌ സ്ഥാനപതിയെ തിരിച്ചുവിളിക്കുകയും ചെയ്‌തിരുന്നു. ഇരുരാജ്യത്തിന്റെയും ജൂനിയർ ഉദ്യോഗസ്ഥരാണ്‌ ഇപ്പോൾ ഹൈക്കമീഷനുകളിലുള്ളത്‌. വിസ അപേക്ഷകൾ കൈകാര്യം ചെയ്യുന്നതിനെ ഇത്‌ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്‌.



deshabhimani section

Related News

View More
0 comments
Sort by

Home