11 December Wednesday

പ്രതികാരം വേണ്ട , ബുൾഡോസർരാജ്‌ വിലക്കി സുപ്രീംകോടതി ; മാർഗനിർദേശം ഇങ്ങനെ

വെബ് ഡെസ്‌ക്‌Updated: Thursday Nov 14, 2024


ന്യൂഡൽഹി
ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ കേന്ദ്രസർക്കാരിന്റെ മൗനാനുവാദത്തോടെയുള്ള ബുൾഡോസറുകളുടെ തേരോട്ടം കർശനമായി നിയന്ത്രിക്കുന്നതാണ്‌ സുപ്രീംകോടതി വിധി. നിയമവാഴ്‌ചയ്‌ക്ക്‌ പ്രഥമപരിഗണന നൽകുന്ന രാജ്യത്ത്‌ ഏകപക്ഷീയമായ അധികാര ദുർവിനിയോഗം അവസാനിപ്പിക്കണമെന്ന ശക്തമായ സന്ദേശമാണ്‌  വിധി നൽകുന്നത്‌. ക്രിമിനൽ കേസിൽപ്പെടുന്നവരുടെ വീടുകളും കെട്ടിടങ്ങളും ബുള്‍ഡോസര്‍കൊണ്ട് തകര്‍ത്ത് "നീതി നടപ്പാക്കുന്ന' ​യോ​ഗി ആദിത്യനാഥ്‌ മോഡലിനേറ്റ കനത്ത തിരിച്ചടിയായി വിധി. കൈയേറ്റം ആരോപിച്ച് യുപി, അസം, മധ്യപ്രദേശ്, രാജസ്ഥാൻ, ​ഗുജറാത്ത് തുടങ്ങി ബിജെപി ഭരണ സംസ്ഥാനങ്ങളിൽ സര്‍ക്കാര്‍ ന്യൂനപക്ഷങ്ങളുടെയും പാവപ്പെട്ടവരുടെയും വീടുകളും കെട്ടിടങ്ങളും ഇടിച്ച് നിരത്തിയ പ്രതികാര നടപടി ആവര്‍ത്തിക്കാതിരിക്കാനും വിധി വഴിയൊരുക്കും.

കുറ്റവാളിയായാലും പ്രതിയായാലും വിചാരണത്തടവുകാരായാലും സാധാരണ പൗരൻമാർക്കുള്ള ചില അവകാശങ്ങൾ അവർക്കുമുണ്ട്. ‘കുറ്റവാളികൾക്ക് രാജ്യത്തെ നിയമം അനുസരിച്ചാണ് ശിക്ഷ നൽകണ്ടത്. അത്‌ മനുഷ്യത്വരഹിതമോ നിഷ്‌ഠൂരമോ ആകാൻ പാടില്ല. കുറ്റവാളികളുടെയും പ്രതികളുടെയും തടവുകാരുടെയും മൗലികാവകാശങ്ങൾ നിഷേധിക്കാനാകില്ല. അവർക്കെതിരെ സർക്കാരുകൾക്കും ഉദ്യോഗസ്ഥർക്കും മനുഷ്യത്വരഹിതമായ നടപടികൾ സ്വീകരിക്കാൻ അധികാരമില്ല’–- സുപ്രീംകോടതി ഓർമിപ്പിച്ചു. ഭരണനിർവഹണസംവിധാനം ജുഡീഷ്യറിയുടെ അധികാരം കൈയേറാൻ നോക്കിയാൽ നോക്കിയിരിക്കില്ലെന്ന താക്കീത്‌ കൂടിയാണ്‌ ബുൾഡോസർരാജിന്‌ എതിരായ വിധി.

പാർപ്പിടം അവകാശം’
‘തലയ്‌ക്ക്‌ മുകളിൽ ഒരു കൂര ’–- ഭരണഘടന വാഗ്‌ദാനം ചെയ്യുന്ന ജീവിക്കാനുള്ള അവകാശത്തിന്റെ അവിഭാജ്യഘടകമാണെന്ന നിരീക്ഷണവും സുപ്രീംകോടതി നടത്തി.  അതുകൊണ്ട് തന്നെ എല്ലാ വഴികളും അടഞ്ഞാൽ മാത്രമേ ഒരാളുടെ പാർപ്പിടം ഇടിച്ചുനിരത്താൻ പാടുള്ളു. ശരാശരി പൗരന്‌  വീടെന്നാൽ വർഷങ്ങളായുള്ള കഠിനാധ്വാനത്തിന്റെയും സ്വപ്‌നങ്ങളുടെയും അഭിലാഷങ്ങളുടെയും ഫലപ്രാപ്‌തിയാണെന്ന വസ്‌തുത അധികൃതർ മനസ്സിലാക്കണം–- കോടതി  പറഞ്ഞു.

മാർഗനിർദേശം ഇങ്ങനെ
● 15 ദിവസം മുമ്പെങ്കിലും കെട്ടിടത്തിന്റെ ഉടമയ്‌ക്ക്‌ നോട്ടീസ്‌ നൽകണം

● കെട്ടിടവുമായി ബന്ധപ്പെട്ട അനധികൃതനിർമാണത്തിന്റെ സ്വഭാവം, കൈയേറ്റത്തിന്റെ വിവരം, പൊളിക്കാനുള്ള പശ്‌ചാത്തലം, നോട്ടീസിനുള്ള മറുപടിക്ക്‌ ഒപ്പം സമർപ്പിക്കേണ്ട രേഖ, ഹിയറിങ് തീയതി നോട്ടീസിലുണ്ടാകണം

● നോട്ടീസ്‌ കൈമാറിയ വിവരം ഉടൻ ജില്ലാ മജിസ്‌ട്രേറ്റിനെ അറിയിക്കണം 

● തദ്ദേശസ്ഥാപന അധികൃതർ നോട്ടീസുകൾ, ലഭിച്ച മറുപടി, തുടർ ഉത്തരവുകൾ എന്നിവ പ്രത്യേക വെബ്‌സൈറ്റിലിടണം

● നോട്ടീസുകിട്ടിയവർക്ക്‌  അവരുടെ വാദം അവതരിപ്പിക്കാൻ അവസരമുണ്ടാകണം

● ഇത്തരം ഹിയറിങ്ങുകളുടെ മിനിറ്റ്‌സുകൾ സൂക്ഷിക്കണം

● അന്തിമ ഉത്തരവ്‌ ഈ നടപടിക്രമങ്ങൾക്ക്‌ ശേഷം മാത്രം

● അതിൽ നോട്ടീസ്‌ കൈപ്പറ്റിയ വ്യക്തിയുടെ വാദങ്ങൾ, അധികൃതരുടെ വിയോജിപ്പ് അടക്കമുള്ളവയുണ്ടാകണം

● പൊളിക്കലിനെതിരെ അപ്പീൽ നൽകാനുള്ള സാവകാശം നൽകണാൻ വ്യവസ്ഥയുണ്ടെങ്കിൽ അത്‌ നൽകണം

● ഇല്ലെങ്കിലും നോട്ടീസ്‌ കൈപ്പറ്റി 15 ദിവസം പൂർത്തിയായ ശേഷമേ പൊളിക്കൽ തുടങ്ങാവൂ

● 15 ദിവസത്തിനുള്ളിൽ അനധികൃതനിർമാണം സ്വയം പൊളിച്ചുമാറ്റാനുള്ള അവസരം നൽകണം

● ഇല്ലെങ്കിൽ മാത്രം പൊളിക്കൽ നടപടിയിലേക്ക്‌ കടക്കാം

● പൊളിക്കൽ നടപടികളും വീഡിയോയിൽ ചിത്രീകരിക്കണം

●ഈ മാർഗനിർദേശങ്ങൾ ലംഘിക്കുന്നവർക്ക്‌  എതിരെ പ്രോസിക്യൂഷൻ നടപടിക്ക്‌ പുറമേ കോടതിയലക്ഷ്യനടപടികളും സ്വീകരിക്കും

● ലംഘിച്ച്‌ കെട്ടിടങ്ങൾ പൊളിച്ചാൽ ഉദ്യോഗസ്ഥർ സ്വന്തം കൈയിൽ നിന്ന് പണം മുടക്കി കെട്ടിടം പൂർവസ്ഥിതിയിലാക്കണം. നഷ്ടപരിഹാരം നൽകണം


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top