15 October Tuesday

ബജറ്റ‌് യോഗം: കര്‍ഷക സം​ഘടനകള്‍ പടിക്ക് പുറത്ത്

വെബ് ഡെസ്‌ക്‌Updated: Friday Jun 14, 2019

ന്യൂഡൽഹി
കേന്ദ്രബജറ്റിനു മുന്നോടിയായി കാർഷിക വിഷയം ചർച്ച ചെയ്യാൻ  കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ വിളിച്ച കൂടിയാലോചനയിൽ കർഷക–- കർഷകത്തൊഴിലാളി സംഘടനകളെ പങ്കെടുപ്പിച്ചില്ല. ഉന്നത ഉദ്യോഗസ്ഥർക്കും വിദഗ‌്ധർക്കും പുറമെ വൻകിട തോട്ടം ഉടമകളെയും വൻകിട കർഷകരെയുംമാത്രമാണ‌് ക്ഷണിച്ചത്. കാർഷികമേഖലയുടെ ദുരിതം തൊട്ടറിയുന്ന സാധാരണ കര്‍ഷകര്‍ക്ക് നിലപാട് അറിയിക്കാനുള്ള അവസരം നിഷേധിക്കപ്പെട്ടു.

രണ്ടാം മോഡി സർക്കാരിന്റെ കർഷകവിരുദ്ധ നയമാണ‌് ഇതിലൂടെ വെളിപ്പെട്ടതെന്ന‌് അഖിലേന്ത്യാ കിസാൻ സഭ പ്രസ‌്താവനയിൽ പറഞ്ഞു. അഖിലേന്ത്യാ തലത്തിലുള്ള കർഷക സംഘടനകളുടെ പ്രതിനിധികളുമായി ചർച്ച നടത്താൻ കേന്ദ്രം തയ്യാറാകണമെന്നും കിസാൻസഭാ പ്രസിഡന്റ‌് അശോക‌് ധാവ‌്ളെയും ജനറൽ സെക്രട്ടറി ഹനൻമൊള്ളയും പറഞ്ഞു.

ഈ വർഷം ആദ്യ നാലുമാസത്തിനിടെ 808 കർഷകരാണ‌് മഹാരാഷ്ട്രയിൽമാത്രം ആത്മഹത്യ ചെയ‌്തത‌്.
സ്വാമിനാഥൻ കമീഷൻ ശുപാർശചെയ‌്ത മിനിമം താങ്ങുവില ഉൾപ്പെടെയുള്ള പരിഷ‌്കാരങ്ങൾ നടപ്പാക്കുമെന്ന വാഗ‌്ദാനം ഇതുവരെ മോഡി സർക്കാർ പാലിച്ചിട്ടില്ല.

കർഷകരുടെ കുടുംബത്തിന‌് 10 ലക്ഷം നൽകണം


കാർഷിക  പ്രതിസന്ധി പരിഹരിക്കാന്‍ അടിയന്തരമായി പരിഗണിക്കേണ്ട ശുപാർശകൾ കിസാൻസഭ മുന്നോട്ടുവച്ചു. ഭൂപരിഷ‌്കരണം, കൃഷിഭൂമി ഏറ്റെടുക്കുന്നത് അവസാനിപ്പിക്കല്‍,  വനാവകാശ നിയമം കാര്യക്ഷമമാക്കല്‍, ആദിവാസികളുടെ ഭൂമി കോർപറേറ്റുകൾ തട്ടിയെടുക്കുന്നത‌് തടയല്‍, കുടികിടപ്പ‌് കർഷകരുടെ അവകാശങ്ങൾ എന്നിവയിൽ കേന്ദ്രം പുരോഗമനപരമായ നടപടി സ്വീകരിക്കണം. സമഗ്രമായ കടാശ്വാസ പദ്ധതി ബജറ്റിൽ ഉൾപ്പെടുത്തണം. ആത്മഹത്യചെയ‌്ത കർഷകരുടെ കുടുംബത്തിന‌് 10 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണം.

ചെറുകിട, ഇടത്തരം കർഷകർക്ക‌് സർക്കാർ പലിശരഹിത വായ‌്പ നൽകണം. കർഷികവിളകൾക്ക‌് ലഭിക്കേണ്ട മിനിമം താങ്ങുവില നിഷേധിക്കുന്നത‌് ഒഴിവാക്കാൻ സർക്കാർ സംഭരണം ശക്തിപ്പെടുത്തണം. തൊഴിലുറപ്പു പദ്ധതിയിൽ വർഷം 200 തൊഴിൽ ദിനങ്ങളും ദിവസം 500 രൂപ കൂലിയും ഉറപ്പാക്കുക, കർഷകർക്ക‌് മിനിമം വരുമാനവും സാമൂഹ്യസുരക്ഷയും ഉറപ്പാക്കുന്ന നിയമനിർമാണം നടത്തുക, എല്ലാ വിളകൾക്കും ഇൻഷുറൻസ‌് നൽകാനും പ്രകൃതി ദുരന്തം, വന്യമൃഗങ്ങളുടെ ആക്രമണം, രോഗങ്ങൾ എന്നിവമൂലമുള്ള നാശനഷ്ടത്തിന‌് മുഴുവൻ നഷ്ടപരിഹാരം നൽകാനും വ്യവസ്ഥ ചെയ്യുക, കർഷകർക്കും കർഷകത്തൊഴിലാളികൾക്കും 5000 രൂപ മാസ പെൻഷൻ നൽകുക, മൃഗകച്ചവടത്തിന‌് ഒരുതരത്തിലുമുള്ള വിലക്കും ഏർപ്പെടുത്തതാതിരിക്കുക, വന്യമൃഗങ്ങളെയും അലഞ്ഞുതിരിയുന്ന കന്നുകാലികളെയും നിയന്ത്രിക്കുക, ഇവമൂലം ഉണ്ടാകുന്ന വിളനാശത്തിനും മരണത്തിനും പര്യാപ‌്തമായ നഷ്ടപരിഹാരം നൽകുക, അടച്ചുപൂട്ടിയ പഞ്ചസാര, ചണം, പേപ്പർ, തുണിമില്ലുകൾ തുറന്നു പ്രവർത്തിപ്പിക്കാൻ നടപടി സ്വീകരിക്കുക എന്നീആവശ്യങ്ങളും കിസാൻസഭ ആവശ്യപ്പെട്ടു.


പ്രധാന വാർത്തകൾ
 Top