23 July Tuesday

എസ‌്പി, ബിഎസ‌്പി വോട്ടുകൾ കിട്ടിയില്ലെന്ന‌് കോൺഗ്രസ്‌

വെബ് ഡെസ്‌ക്‌Updated: Sunday Jun 2, 2019

ന്യൂഡൽഹി
അമേഠിയിൽ രാഹുൽ ഗാന്ധിയുടെ പരാജയ കാരണം എസ‌്പിയും ബിഎസ‌്പിയും സഹകരിക്കാത്തതിനാലെന്ന‌് കോൺഗ്രസ‌് അന്വേഷണസമിതി. എസ‌്പിയുടെയും ബിഎസ‌്പിയുടെയും വലിയ വിഭാഗം വോട്ടുകൾ ബിജെപിയിലേക്ക‌് പോയതാണ‌് തോൽവിക്ക‌് ഇടയാക്കിയതെന്ന‌് വ്യക്തമാണെന്നാണ‌് രണ്ടംഗ സമിതിയുടെ കണ്ടെത്തൽ. 
പ്രാദേശിക ഘടകങ്ങൾ രാഹുലിന്റെ വിജയം ഉറപ്പാക്കുന്നതിൽ പരാജയപ്പെട്ടു. സ‌്മൃതി ഇറാനിയോട‌് വലിയ തോൽവി നേരിട്ടതിന്റെ കാരണം കണ്ടെത്താൻ രാഹുൽ നിയോഗിച്ച എഐസിസി സെക്രട്ടറി സുബീർ ഖാൻ, റായ‌്ബറേലി മണ്ഡലത്തിന്റെ ചുമതല വഹിച്ച കെ എൻ ശർമ എന്നിവരടങ്ങുന്ന സമിതിയുടേതാണ‌് കണ്ടെത്തൽ. അടുത്തയാഴ‌്ച ഹൈക്കമാൻഡിന‌് സമിതി റിപ്പോർട്ട‌് സമർപ്പിക്കും.

യുപിയിൽ മഹാസഖ്യത്തിന്റെ ഭാഗമാകാൻ കോൺഗ്രസ‌് തയ്യാറായില്ലെങ്കിലും അമേഠിയിലും സോണിയഗാന്ധി മൽസരിച്ച റായ‌്ബറേലിയിലും എസ‌്പി–-ബിഎസ‌്പി സഖ്യം സ്ഥാനാർഥികളെ നിർത്തിയിരുന്നില്ല. അമേഠി നിയമസഭാ മണ്ഡലത്തിൽ മുന്നിലെത്തിയെങ്കിലും തിലോയി, ജഗദീഷ‌്പുർ, സലോൺ, ഗൗരിഗഞ്ച‌് മണ്ഡലങ്ങളിൽ രാഹുൽ പിന്നിലായി. 18,000 വോട്ടുകൾക്കാണ‌് ഗൗരിഗഞ്ച‌ിൽ രാഹുൽ പിന്നിലായത‌്.  2014ൽ 4.08 ലക്ഷം വോട്ടു നേടിയത‌് 2019ൽ 4.13 ലക്ഷമായി കൂടി. 2014ൽ ബിഎസ‌്പി സ്ഥാനാർഥി 57,716 വോട്ടു നേടി. ഈ വോട്ടുകൾ രാഹുലിന‌് അനുകൂലമാവാത്തതാണ‌് പരാജയ കാരണമെന്ന‌് പ്രാദേശിക കോൺഗ്രസ‌് നേതൃത്വം പറഞ്ഞു. 55,000ത്തിൽ ഏറെ വോട്ടുകൾക്കാണ‌് സ‌്മൃതി ഇറാനി ജയിച്ചത‌്.

കോൺഗ്രസിന്റെയും നെഹ‌്റു–-ഗാന്ധി കുടുംബത്തിന്റെയും ശക്തികേന്ദ്രത്തിൽ അധ്യക്ഷനുണ്ടായ തോൽവി പാർടിയെ അക്ഷരാർഥത്തിൽ ഞെട്ടിച്ചിരുന്നു.  1988ൽ ബിജെപിയുടെ സഞ്ജയ‌് സിങ്ങിനോട‌് ക്യാപ‌്റ്റൻ സതീഷ‌് ശർമ തോറ്റതാണ‌് ഇതിനുമുമ്പ‌് കോൺഗ്രസിന്റെ അമേഠിയിലെ പരാജയം. 2004 മുതൽ രാഹുൽ മത്സരിക്കുന്ന മണ്ഡലമാണ‌് അമേഠി.
 രാഹുൽ ഗാന്ധി തോൽവി ഭയന്നാണ‌് സുരക്ഷിത മണ്ഡലമായി വയനാട‌് തെരഞ്ഞെടുത്തതെന്ന‌് വലിയ പ്രചാരണമുണ്ടായിരുന്നു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top