13 November Wednesday

ബിഎസ്‌എൻഎൽ ജീവനക്കാരുടെ രാജ്യവ്യാപക നിരാഹാരസമരം മാറ്റി

വെബ് ഡെസ്‌ക്‌Updated: Thursday Oct 17, 2019
ന്യൂഡൽഹി >  ബിഎസ്‌എൻഎൽ ജീവനക്കാരുടെ സംഘടനകളുടെ സംയുക്തവേദി(എയുഎബി) വെള്ളിയാഴ്‌ച രാജ്യവ്യാപകമായി  നടത്താനിരുന്ന നിരാഹാരസമരം മാറ്റി. സെപ്‌തംബറിലെ ശമ്പളം 23നു വിതരണംചെയ്യാമെന്ന്‌ മാനേജ്‌മെന്റ്‌ ഉറപ്പുനൽകിയതിനെതുടർന്നാണിത്‌. 
 
ബിഎസ്‌എൻഎൽ പുനരുദ്ധാരണ പദ്ധതിക്ക്‌ ഒരാഴ്‌ചയ്‌ക്കുള്ളിൽ സർക്കാർ അംഗീകാരം നൽകുമെന്ന്‌ പ്രതീക്ഷിക്കുന്നതായും മാനേജ്‌മെന്റ്‌ ചർച്ചയിൽ സംഘടന നേതാക്കളെ അറിയിച്ചു.
 
    കരാർ ജീവനക്കാരെ പിരിച്ചുവിടാനുള്ള ഉത്തരവിൽ നേതാക്കൾ ശക്തമായ പ്രതിഷേധം അറിയിച്ചു. കരാർ ജീവനക്കാർക്കും ശമ്പളം കൃത്യമായി വിതരണം ചെയ്യണമെന്ന്‌ ആവശ്യപ്പെട്ടു.സേവനവും ഗുണനിലവാരവും മെച്ചപ്പെടുത്താനുള്ള നടപടികൾ സ്വീകരിക്കണമെന്നും സംഘടനനേതാക്കൾ ആവശ്യപ്പെട്ടു. 
 
 30നു എയുഎബി വീണ്ടും യോഗം ചേർന്ന്‌ ഭാവിപരിപാടികൾ തീരുമാനിക്കും.  പുനരുദ്ധാരണ പദ്ധതി സർക്കാർ അംഗീകരിച്ചാൽ ബാങ്ക്‌വായ്‌പ ലഭ്യമാകുമെന്നും ഇത്തരം പ്രശ്‌നങ്ങൾക്ക്‌ പരിഹാരമാകുമെന്നും മാനേജ്‌മെന്റ്‌ അറിയിച്ചു.
 
    ബിഎസ്‌എൻഎൽ സിഎംഡി പ്രവീൺകുമാർ പർവറുമായി നടന്ന ചർച്ചയിൽ എയുഎബിയെ പ്രതിനിധാനം ചെയ്‌ത്‌ ബിഎസ്‌എൻഎൽ എംപ്ലോയീസ്‌ യൂണിയൻ, എൻഎഫ്‌ടിഇ, എഫ്‌എൻടിഒ അടക്കമുള്ള സംഘടനകളുടെ ഭാരവാഹികൾ പങ്കെടുത്തു. 
 

 


പ്രധാന വാർത്തകൾ
 Top