18 February Tuesday
പണിമുടക്ക്‌ ഇന്നുമുതൽ

ബിഎസ്എന്‍എലിനെ രക്ഷിക്കാന്‍ എന്തിനു സമരം ചെയ്യണം...? നാളത്തെ തലമുറയോട്‌ നമുക്ക്‌ മറുപടി പറയേണ്ടതുണ്ട്‌

സുരേഷ് കുമാര്‍ ആര്‍ Updated: Sunday Feb 17, 2019

ബിഎസ‌്എൻഎല്ലിനെ തകർക്കുന്ന കേന്ദ്രസർക്കാർ നയങ്ങൾക്കെതിരെ ബിഎസ‌്എൻഎൽ സംയുക്ത യൂണിയനുകളുടെയും അസോസിയേഷനുകളുടെയും നേതൃത്വത്തിൽ ഇന്നുമുതൽ ത്രിദിന ദേശീയ പണിമുടക്ക‌് ആരംഭിക്കുകയാണ്‌.  18, 19, 20 തീയതികളിലാണ‌് പണിമുടക്ക‌്.

ബിഎസ്എന്‍എല്‍ രൂപീകരിക്കുമ്പോള്‍ ദീര്‍ഘവീക്ഷണമുള്ള തൊഴിലാളി പ്രസ്ഥാനങ്ങള്‍ സര്‍ക്കാരുമായി ഉണ്ടാക്കിയ  തീരുമാനങ്ങളാണ് ഇന്നും ഈ സ്ഥാപനത്തെ ഏതെങ്കിലും മുതാലാളിക്ക് വിറ്റു കളയാതെ മുന്നോട്ടു കൊണ്ട് പോകുന്നത‌്. എന്നാൽ ഇന്ന‌് ബിഎസ്എന്‍എല്‍ നേരിടുന്ന പ്രശ്നങ്ങൾ പരിഹരിക്കാൻ കഴിഞ്ഞാൽ മാത്രമേ ആയിരക്കണക്കിന‌് തൊഴിലാളികൾക്കും നാളത്തെ തലമുറക്കും  വേണ്ടി ഈ പ്രസ്‌ഥാനം നിലനിർത്താൻ കഴിയുകയുള്ളു. എന്നാൽ അതിന‌് നമ്മൾ എന്തിന‌് സമരം ചെയ്യണം... ഉത്തരം ഇതാണ‌്....നാളത്തെ തലമുറയ്‌ക്ക്‌ നമ്മൾ ഉത്തരം നൽകേണ്ടതുണ്ട്‌.

ബിഎസ്എന്‍എലിനെ രക്ഷിക്കാന്‍ നമ്മള്‍ എന്തിനു സമരം ചെയ്യണം?

ഞാന്‍ എന്തിനു സമരം ചെയ്യണം? ഞാന്‍ സമരം ചെയ്‌താല്‍ എന്ത് പ്രയോജനം? എന്റെ കുറച്ചു ദിവസത്തെ ശമ്പളം ഞാന്‍ എന്തിനു നഷ്ടപ്പെടുത്തണം?  ഓരോ സമരം വരുമ്പോഴും മിക്കവരിലും ഉണ്ടാകുന്ന സ്വാഭാവികമായ ഒരു ചോദ്യമാണിതൊക്കെ.

ദയവായി കുറച്ചു മിനുട്ടുകള്‍ ഇത് വായിക്കാനായി മാറ്റി വെയ്ക്കുക

സുഹൃത്തുക്കളെ, നമ്മളുടെ ആശയങ്ങളും ആവശ്യങ്ങളും പോളിസി ഉണ്ടാക്കുന്ന സര്‍ക്കാരിന്റെയും മാനേജ്‌മന്റിന്റെയും പ്രവര്‍ത്തികളില്‍ നിന്നും പോരുത്തമില്ലാതെ വരുമ്പോഴാണ് എല്ലാ ഘട്ടങ്ങളിലും തൊഴിലാളികള്‍ എതിരഭിപ്രായം രേഖപ്പെടുത്താന്‍ ഇറങ്ങേണ്ടി വരുന്നത്. 

ബിഎസ്എന്‍എല്‍ എന്ന ബൃഹത്തായ സ്ഥാപനം നമ്മുടെ നാട്ടുകാരുടെ നികുതി പണം കൊണ്ട് ഉണ്ടാക്കി എടുത്തതാണ്. അവ ഭാവി തലമുറയ്ക്ക് വേണ്ടി സംരക്ഷിക്കേണ്ടത് നമ്മുടെ ഉത്തരവാദിത്വമാണ്. 16‐ാ്ം  നൂറ്റാണ്ടുമുതൽ മുതല്‍  നാല് ശതാബ്ദക്കാലം ഇന്ത്യ അടക്കിഭരിച്ച് നമ്മളെ അടിമകളാക്കി വെച്ചവരില്‍ നിന്നും ഇന്ത്യയെ മോചിപ്പിക്കാന്‍ പലഘട്ടങ്ങളായി സ്വയം ഇറങ്ങി വന്നവര്‍ ഭാവി തലമുറയെങ്കിലും നല്ലാതായി ജീവിക്കണം എന്ന് ആശിച്ചവരായിരുന്നു. അവരുടെ ഇച്ഛാശക്തിയാണ് ഇന്ന് നമ്മള്‍ അനുഭവിക്കുന്ന സ്വാതന്ത്ര്യം, അവരുടെ ത്യാഗമാണ് ഇന്ന് നമ്മള്‍ അനുഭവിക്കുന്ന സന്തോഷം, അവര്‍ അവര്‍ക്ക് വേണ്ടി ജീവിക്കാത്തത് കൊണ്ടാണ് ഇന്ന് നമ്മള്‍ ആര്‍ക്കും അടിമയാകാതെ  ജീവിക്കാനുള്ള  സാഹചര്യം ഉണ്ടാക്കിയത്. യഥാര്‍ഥ സമരങ്ങള്‍ എന്നും അങ്ങനെ തന്നെ ആയിരുന്നു. തോല്‍ക്കാനും നഷ്ടപ്പെടാനും മടിയില്ലാത്ത നേതാക്കന്മാര്‍ അതേ മനോഭാവമുള്ള നേതൃത്വത്തിന്റെ തീരുമാനങ്ങളില്‍ ഒരു സംശയവും മറുചോദ്യവുമില്ലാത്ത ഇല്ലാത്ത അണികളും ചേര്‍ന്ന് ജയിക്കാനായി തുനിഞ്ഞിറങ്ങിയപ്പോള്‍ നേടിയെടുത്ത വിജയങ്ങള്‍.   ഇന്നിന്റെ ആവശ്യവും അതാണ്‌.

രാജ്യത്തിന്റെ പൊതു സ്വത്തായ ബിഎസ്എന്‍എല്‍ പൊതു സ്വത്തായി നിലനിര്‍ത്താന്‍ നമ്മള്‍ നടത്താന്‍ പോകുന്ന ത്യാഗമായിരിക്കണം നമ്മള്‍ ത്യജിക്കുന്ന ശമ്പളം.

ബിഎസ്എന്‍എല്‍ എന്ന സ്ഥാപനത്തിലെ മുഴുവന്‍ തൊഴിലാളികളും സമരം ചെയ്യും എന്ന് നേതാക്കന്മാര്‍ പറയുന്നത്, ഓരോ അണികളിലും ഉള്ള വിശ്വാസം കൊണ്ടാണ്. നമ്മളുടെ ചെറുത്തുനില്‍പ്പുകള്‍ നമ്മള്‍ക്ക് എന്തൊക്കെ വാങ്ങി തന്നു എന്ന് ഓര്‍ക്കാതെ പോകരുത്.

2000-ാം ആണ്ടില്‍ ബിഎസ്എന്‍എല്‍ രൂപീകരിക്കുമ്പോള്‍ ദീര്‍ഘവീക്ഷണമുള്ള തൊഴിലാളിപ്രസ്ഥാനങ്ങള്‍ സര്‍ക്കാരുമായി ഉണ്ടാക്കിയ  തീരുമാനങ്ങളാണ് ഇന്നും ഈ സ്ഥാപനത്തെ ഏതെങ്കിലും മുതാലാളിക്ക് വിറ്റു കളയാതെ മുന്നോട്ടു കൊണ്ട് പോകുന്നത്.  

2007ല്‍ ഒരു കുടുംബ വഴക്കിന്റെ പേരില്‍ അന്നത്തെ മന്ത്രി വേണ്ടെന്ന് വെച്ച നാലര കോടി ലൈന്‍ 2G ടെണ്ടര്‍ അന്ന് വരെ ടെലികോം മാര്‍ക്കറ്റില്‍  രണ്ടാം സ്ഥാനത്ത് നിന്നിരുന്ന ബിഎസ്എന്‍എലിനെ അഞ്ചാം സ്ഥാനത്തേക്ക് കൂപ്പു കുത്തിച്ചപോള്‍ നമ്മളുടെ കൂട്ടായ സമരങ്ങള്‍ രണ്ടേകാല്‍ കോടി ടെണ്ടര്‍ വിളിക്കാന്‍ ഉള്ള തീരുമാനം എടുത്തു നടപ്പിലാക്കാന്‍ സര്‍ക്കാരിനെ നിര്‍ബന്ധിതമാക്കിയത്. അന്നത്തെ നമ്മുടെ സമരമാണ് ഇന്നും ബിഎസ്എന്‍എലിനെ 11കോടി വരിക്കാരുമായി ടെലികോം മാര്‍ക്കറ്റില്‍ പിടിച്ചു നിര്‍ത്തുന്നത്.

2007ല്‍ തന്നെ ബിഎസ്എന്‍എല്‍ ഓഹരികള്‍ വില്‍ക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. വീണ്ടും നമ്മള്‍ സമരവുമായി തെരുവിലേക്കിറങ്ങി. ശക്തമായ സമരങ്ങള്‍ക്കൊടുവില്‍ ഓഹരി വില്‍ക്കാനുള്ള തീരുമാനം സര്‍ക്കാരിന് മാറ്റേണ്ടി വന്നു. സര്‍ക്കാരിന്റെ മോഹന വാഗ്ദാനം കേട്ട് പെട്ടന്ന് കിട്ടുന്ന പണത്തേ ഓര്‍ത്തു തൊഴിലാളികളുടെ ഒത്താശയോടെ ഓഹരി വിറ്റ നമ്മുടെ സഹോദര സ്ഥാപനമായ അന്താരാഷ്ട്ര കോളുകള്‍ നിയന്ത്രിച്ചിരുന്ന വിഎസ്എന്‍എല്‍ ഇന്ന് എവിടെയാണ്?, അങ്ങനെ ഒരു കമ്പനി നിലവില്‍ ഉണ്ടായിരുന്നു എന്ന് തന്നെ ഇന്നത്തെ പുതിയ തലമുറയ്ക്ക് അറിയുക പോലുമില്ല, കാരണം അത് ടാറ്റാ എന്ന സ്വകാര്യ കമ്പനിയുടെ റിയല്‍ എസ്റ്റേറ്റ്‌ വിംഗ്  ആയി മാറിക്കഴിഞ്ഞു. ദീര്‍ഘവീക്ഷണമുള്ള തൊഴിലാളി പ്രസ്ഥാനങ്ങള്‍ ഒരു സ്ഥാപനത്തിന്റെ നിലനില്‍പ്പിനു എത്രത്തോളം ആവശ്യമാണ്‌ എന്നതിന്റെ ഉത്തമ ഉദാഹരണമാണ് ഇങ്ങനെയുള്ള കാര്യങ്ങള്‍. ഇങ്ങനത്തെ ചതിക്കുഴികളില്‍ വീഴാഞ്ഞതു കൊണ്ടാണ് ഇന്നും ബിഎസ്എന്‍എല്‍ ഇവിടെ കുത്തക കമ്പനികള്‍ക്ക് വെല്ലുവിളിയായി ഇന്നും സര്‍വീസ് നടത്തുന്നത്. 

2012 മുതല്‍  നമ്മള്‍ നടത്തിയ നിരന്തര സമരങ്ങളാണ്, ലോകത്തെവിടെയും ഉപയോഗിക്കാത്ത WiMAX സ്പെക്ട്രം 8000കോടി രൂപ ഫീസ്‌ സര്‍ക്കാര്‍ വാങ്ങി ബിഎസ്എന്‍എലിലേക്ക് അടിച്ചേല്‍പ്പിച്ചപ്പോള്‍, അങ്ങനെ വാങ്ങിയ ഫീസ്‌ തിരികെ തരാന്‍ തീരുമാനമാക്കിയത്.

2013ല്‍ നമ്മള്‍ നടത്തിയ സമരങ്ങളാണ് ഇവിടുത്തെ ഗ്രൂപ്പ്‌ C ജീവനക്കാരെ അപ്പാടെ പിരിച്ചു വിടണം എന്നും ഓഫീസര്‍മാരുടെ എണ്ണം 15000 എന്ന എന്നതില്‍ നിജപ്പെടുത്തി അവരെ  കോൺട്രാക്‌റ്റ്‌ അടിസ്ഥാനത്തില്‍ നിയമിക്കണം എന്നുമുള്ള ഡിലോയിറ്റി കമ്മിറ്റിയുടെ തീരുമാനങ്ങളെ തള്ളിക്കളയാന്‍ മാനേജ്‌മന്റിനെ പ്രേരിപ്പിച്ചത്.

2014മുതല്‍ നമ്മള്‍ നടത്തിയ സമരങ്ങളാണ്, അധികമായി ബിഎസ്എന്‍എളില്‍ നിന്നും നികുതി ഇനത്തില്‍ ഇന്‍കംടാക്സ് ഡിപ്പാര്‍ട്ട്മെന്റ‌്  പിടിച്ചെടുത്ത അധിക തുക തിരികെ തരാന്‍ ഇടയാക്കിയത്.

ഇന്ന് വീണ്ടും കാലം നമ്മളെ നോക്കുന്നു. നമ്മുടെ ബിഎസ്എന്‍എലിന്റെ നിലനില്‍പ്പ് വീണ്ടും ചോദ്യം ചെയ്യപ്പെടുന്നു. നമ്മള്‍ക്ക് മുന്നോട്ടു പോകാന്‍ പുതിയ സര്‍വിസ് ജനങ്ങള്‍ക്ക് കൊടുക്കണം. ജനങ്ങള്‍ക്ക് ഇഷ്ടപ്പെടുന്ന അതിവേഗ ഫൈബര്‍ ഇന്റര്‍നെറ്റ്‌ കുറഞ്ഞ നിരക്കില്‍ എവിടെയും  എത്തിക്കാന്‍ പറ്റണം. ജനങ്ങള്‍ കാത്തിരിക്കുന്ന ബിഎസ്എന്‍എല്‍ 4G രാജ്യത്തിന്റെ എല്ലാ കോണിലും എത്തിക്കാന്‍ പറ്റണം. അങ്ങനെ ജനപ്രീതിയിലൂടെ വീണ്ടും നമ്മള്‍ക്ക് ജനമനസ്സിലേക്ക് കയറണം.

ഇത് ഞങ്ങളുടെ സ്ഥാപനം എന്ന് ജനങ്ങള്‍ പറയുന്ന ഒരു നിലയിലേക്ക് കാര്യങ്ങള്‍ എത്തണം. അതിനു നമ്മള്‍ക്ക് 4G സ്പെക്ട്രം വേണം. കാര്യങ്ങള്‍ നടത്തിയെടുക്കാന്‍ സര്‍ക്കാര്‍ ഫണ്ട് തരണം അതില്ലെങ്കില്‍ വലിയ ആസ്തിയുള്ള ഈ സ്ഥാപനത്തിന് വായ്പ്പ എടുത്ത് നല്ല സര്‍വീസ് ജനങ്ങള്‍ക്ക് എത്തിച്ചു കൊടുക്കാനുള്ള അവസരം ഉണ്ടാക്കണം. പക്ഷെ, നമ്മളുടെ ഒത്തൊരുമയുടെ ശക്തിയില്‍ ഭയമുള്ള സര്‍ക്കാര്‍ ബിഎസ്എന്‍എല്‍ വില്‍ക്കാനുള്ള തീരുമാനം മറ്റൊരു രീതിയില്‍ നടപ്പാക്കാന്‍ ശ്രമിക്കുന്നു.

മികച്ച പ്രവര്‍ത്തങ്ങള്‍ക്ക്  ആവശ്യമായ കാര്യങ്ങള്‍ ഒന്നും അനുവദിക്കാതെ, മറ്റുള്ള ആറര ലക്ഷം കോടിക്ക് മുകളില്‍ ലോണുകള്‍ ഉള്‍പ്പടെ അനുവദിച്ചുകൊണ്ട് കമ്പനികള്‍ക്ക് വഴിവിട്ട സഹായം ചെയ്തു രാജ്യത്തിന്റെ മുഴുവന്‍ ടെലികോം സേവനങ്ങളും ഒരു കമ്പനിയുടെ കയ്യിലേക്ക് എത്തിക്കാന്‍ നോക്കുന്ന നിലയിലേക്ക് സര്‍ക്കാര്‍ സംവിധാനങ്ങളും പോളിസികളും മാറ്റിയെടുക്കുന്നു. പുതുതായി ഒരു സര്‍വീസും തുടങ്ങാന്‍ അനുവദിക്കാതെ ബിഎസ്എന്‍എലിനെ ജനങ്ങള്‍ ഉപേക്ഷിക്കുന്ന ഒരു അവസ്ഥ ഉണ്ടാക്കി ഈ സ്ഥാപനം അടച്ചു പൂട്ടാം എന്ന നിഗൂഡതീരുമാനത്തില്‍ മുന്നോട്ടു പോകുന്നു.

ഇവിടെയാണ് നമ്മുടെ സമരത്തിന്റെ പ്രസക്തി. ഈ സ്ഥാപനം ഇവിടെ ഉണ്ടാകണം, നമ്മള്‍ക്ക് വേണ്ടിമാത്രമല്ല , വരുന്ന തലമുറക്ക് വേണ്ടി, അനേകായിരം തൊഴിലവസരങ്ങള്‍ നമ്മുടെ വരും തലമുറയ്ക്ക് നല്‍കുവാന്‍ വേണ്ടി, ഈ വലിയ സ്ഥാപനത്തിനെ ചുറ്റിപ്പറ്റി ജീവിക്കുന്ന റീടെയില്‍ ഷോപ്പുകളിലെ ജീവനക്കാരുടെയും വിവിധ കരാര്‍ തൊഴിലാളികളുടെയും അവരുടെ കുടുംബത്തിന്റെയും അന്നവും  തൊഴില്‍ അവസരങ്ങളും ജീവനോപാധിയും നിലനില്‍ക്കുവാന്‍ വേണ്ടി, ഈ സ്ഥാപനം തകര്‍ത്തു നാളെ മുതല്‍ സ്വന്തമായി ടെലികോം സേവനങ്ങളുടെ വില നിശ്ചയാധികാരം സ്വന്തമാക്കി ഈ രാജ്യത്തെ കൊള്ളയടിക്കാം എന്ന് സ്വപ്നം കാണുന്ന മുതലാളിമാര്‍ക്ക് ഒരു ശക്തമായ താക്കീത് കൊടുക്കാന്‍, ഓരോ ജീവനക്കാരും മുന്നോട്ടു വരിക, ഇത് നമ്മുടെ ധര്‍മ്മമാണ്.

നിങ്ങള്‍ക്ക് മാറി നില്‍ക്കാം, പക്ഷെ നിങ്ങള്‍  ഇവിടെ ഉള്ളപ്പോള്‍ എങ്ങനെ ബിഎസ്എന്‍എലിന് ഈ ഗതി വന്നു? നിങ്ങള്‍ ഈ സ്ഥാപനം നിലനിര്‍ത്താന്‍ എന്ത് ചെയ്തു? എന്ന് നാളത്തെ തലമുറ ചോദിക്കുമ്പോള്‍ ഞാനും കൂടി ചേര്‍ന്ന തൊഴിലാളികളുടെ ശക്തിയാണ് ബിഎസ്എന്‍എലിനെ ഇങ്ങനെ നിര്‍ത്തിയത് എന്ന് ജീവിതകാലം മുഴുവന്‍ ഓര്‍ക്കാന്‍, അഭിമാനത്തോടെ ആ കാര്യം പങ്കു വെയ്കാന്‍, പൊതു സ്ഥാപനങ്ങള്‍ അങ്ങനെ നില്‍ക്കെണ്ടതിന്റെ  പ്രാധാന്യം പുതു തലമുറയ്ക്ക് കാട്ടി കൊടുക്കാന്‍, ഒന്നോ രണ്ടോ ദിവസത്തെ ശമ്പളമല്ല, എന്നെ ഞാനാക്കിയ കമ്പനിയുടെ നിലനില്‍പ്പായിരുന്നു എന്‍റെ മുന്നോട്ടു നയിച്ചത് എന്ന് അഭിമാനത്തോടെ പറയാന്‍, ഈ സമരത്തിലേക്ക് നിസംശയം അണിചേരുക.

ഓര്‍ക്കുക, ഇവിടെയുള്ള കുത്തക ടെലികോം കമ്പനികള്‍ക്ക് ഒരേ ഒരു മറുപടി മാത്രമേ ഉള്ളൂ.. ബിഎസ്എന്‍എല്‍.. എക്കാലവും ജനങ്ങള്‍ക്ക് വേണ്ടി ഈ സ്ഥാപനം ഉണ്ടാകുവാന്‍, വരിക സുഹൃത്തേ, നിസംശയം സമരത്തില്‍ പങ്കെടുക്കൂ.. നമ്മള്‍ സത്യസന്ധമായി ആത്മാര്‍ഥതയോടെ ചെയ്യുന്ന ഏതു കാര്യങ്ങള്‍ക്കും തീര്‍ച്ചായും നല്ല ഫലമുണ്ടാകും.. അതിനാല്‍, നല്ല നാളേക്കായി, വരും തലമുറക്കായി.. നമ്മുടെ ധര്‍മ്മസമരത്തിലേക്ക് അണിചേരുക...

ജയ്‌ ബിഎസ്എന്‍എല്‍..

എന്നും ബിഎസ്എന്‍എലിന് വേണ്ടി..

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top