'ബാരാതു'മായി ദുബായിക്കാരനായ വരനെത്തി, വധു മുങ്ങി
ജലന്ദർ> ഇൻസ്റ്റാഗ്രാമിലൂടെ പ്രണയത്തിലായ കാമുകിയെ കല്യാണം കഴിക്കാൻ ബാരാതുമായി വന്ന വരൻ ഞെട്ടി. വധുവിനെ കാണാനില്ല. യുവതിയെ വിവാഹം കഴിക്കാനായി ദുബായിൽ നിന്നും എത്തിയതായിരുന്നു 29കാരനായ ദീപക്. പഞ്ചാബിലെ ജലന്ദർ ജില്ലയിലെ മാണ്ഡിയാലി സ്വദേശിയായ ദീപക് ദുബായിലാണ് താമസം. മോഗ സ്വദേശിയായ മൻപ്രീത് കൗർ മൻപ്രീത് കൗർ എന്ന യുവതിയെ തേടിയാണ് യുവാവെത്തിയത്.
ഇൻസ്റ്റാഗ്രാമിലൂടെ പരിചയപ്പെട്ട യുവതിയും യുവാവും മൂന്ന് വർഷത്തിലേറെയായി ബന്ധത്തിലായിരുന്നു. ഫോണിലൂടെ തന്നെ വിവാഹം കഴിക്കാൻ തീരുമാനിക്കുകയും മാതാപിതാക്കളെ പരസ്പരം പരിചയപ്പെടുത്തിക്കൊടുക്കുകയും ചെയ്തിരുന്നു.
ഡിസംബർ 6നായിരുന്നു വിവാഹം നിശ്ചയിച്ചത്. കുറഞ്ഞത് 150 അതിഥികളുമായി എത്താനായിരുന്നു മൻപ്രീതും കുടുംബവും ദീപകിനോട് ആവശ്യപ്പെട്ടത്. എന്നാൽ ബാരാതുമായി ദീപക് എത്തിയപ്പോൾ വധുവും കുടുംബവും അവിടില്ലായിരുന്നു. വിവഹചടങ്ങുകൾക്കായി ഒരുക്കിയെന്ന് പറഞ്ഞ മണ്ഡപവും ഇല്ലായിരുന്നു.
ഉച്ചയോടെ മോഗയിൽ എത്തിയ വരൻ ദീപക് മൻപ്രീതിനെ പലതവണ വിളിച്ചു. വേദിയിലേക്ക് നയിക്കാൻ ബന്ധുക്കൾ വരുമെന്നായിരുന്നു ആദ്യം കിട്ടിയ മറുപടി. കുറേ കഴിഞ്ഞിട്ടും ആരെയും കാണാതായതിനെ തുടർന്ന് വീണ്ടും വിളിച്ചപ്പോഴാണ് അമളി മനസിലായത്. ഫോൺ സ്വിച്ച് ഓഫ് ചെയ്ത് വധു മുങ്ങിയിരുന്നു.
അഞ്ച് മണിക്കൂറിലധികം കാത്തിരുന്ന ശേഷം വരനും കുടുംബവും മൻപ്രീത് കൗറിനും കുടുംബത്തിനുമെതിരെ പരാതി നൽകാൻ പൊലീസ് സ്റ്റേഷനിലേക്ക് പോയതായാണ് റിപ്പോർട്ടുകൾ.
0 comments