12 November Tuesday

ഭാരത്‌ പെട്രോളിയം വിൽപ്പന ഉടൻ

സ്വന്തം ലേഖകൻUpdated: Tuesday Oct 22, 2019

ന്യൂഡൽഹി > രാജ്യത്തിന് അഭിമാനമായ മഹാരത്‌ന കമ്പനി  ഭാരത്‌ പെട്രോളിയം (ബിപിസിഎൽ) സ്വകാര്യകമ്പനിക്ക്‌ വിട്ടുകൊടുക്കാനുള്ള നടപടി അവസാനഘട്ടത്തിൽ. കേന്ദ്രസർക്കാരിന്റെ കൈവശമുള്ള 53.3 ശതമാനം ഓഹരി ഒറ്റ കമ്പനിക്ക്‌ വിൽക്കും. അമേരിക്കൻ എണ്ണഭീമൻ എക്‌സോൺ മൊബീൽ, സൗദിയുടെ ആരംകോ, കുവൈത്ത്‌ പെട്രോളിയം, റഷ്യൻ കമ്പനി റോസ്‌നെഫ്‌റ്റ്‌, അബുദാബി നാഷണൽ ഓയിൽ, ഫ്രഞ്ച്‌ കമ്പനി ടോട്ടൽ എസ്‌എ എന്നിവയാണ് ബിപിസിഎല്‍ വാങ്ങാന്‍ മത്സരിക്കുന്നത്.

പ്രതിവർഷം 14,000 കോടിരൂപ പ്രവർത്തനലാഭമുള്ള കമ്പനിയിലെ സർക്കാർ ഓഹരികൾ 60,000 കോടിരൂപയ്‌ക്ക്‌ വിൽക്കാനാണ്‌ പദ്ധതി. ലേലത്തിൽ പങ്കെടുക്കുന്ന കമ്പനികളുടെ ടെൻഡര്‍ നവംബർ നാലിന്‌ തുറക്കും. ഒരാഴ്‌ചയ്‌ക്കുള്ളിൽ തുടർനടപടി ഉണ്ടാകും.

രാജ്യമെമ്പാടുമായി ഭാരത്‌ പെട്രോളിയത്തിനുള്ള 14,800 പമ്പുകൾ, മുംബൈ, കൊച്ചി, നുമാലിഗഡ്‌, ബിന എന്നിവിടങ്ങളിലെ റിഫൈനറികൾ, മൊസാമ്പിക്കിലെ എണ്ണപ്പാടത്തിലുള്ള 10 ശതമാനം നിക്ഷേപം എന്നിവ സ്വകാര്യവൽക്കരിക്കും. ഭാരത്‌ പെട്രോളിയത്തിന്റെ ആസ്‌തിനിർണയത്തിനും ഓഹരിവിറ്റഴിക്കൽ നടപടികൾക്കും ഏജൻസികളെ ഉടൻ നിശ്‌ചയിക്കും. ഓഹരിവിപണിയിൽ ഭാരത്‌ പെട്രോളിയത്തിന്റെ മൂലധനമൂല്യം 1.37 ലക്ഷം കോടിയാണ്‌.

കോർപറേറ്റ്‌ നികുതി വെട്ടിക്കുറച്ചതിനെത്തുടർന്ന് ഇക്കൊല്ലം സർക്കാരിന്റെ വരുമാനത്തിൽ 1.45  ലക്ഷം കോടിരൂപയുടെ ഇടിവുണ്ടാകും. ഇത്‌ സൃഷ്ടിക്കുന്ന കമ്മി നികത്താൻ പൊതുമേഖലാ സ്ഥാപനങ്ങളുടെ  ഓഹരിവിൽപ്പനയാണ്‌ കേന്ദ്രം കണ്ടെത്തിയ മാർഗം.


പ്രധാന വാർത്തകൾ
 Top