05 April Sunday

"പ്രതിഷേധിക്കുന്നവർ രാജ്യദ്രോഹികളല്ല'; ശ്രദ്ധേയ നിരീക്ഷണവുമായി ബോംബെ ഹൈക്കോടതി

സ്വന്തം ലേഖകൻUpdated: Sunday Feb 16, 2020

ന്യൂഡൽഹി > പൗരത്വ ഭേദഗതി നിയമത്തില്‍ പ്രതിഷേധിക്കുന്നവരെയെല്ലാം രാജ്യദ്രോഹികളും ഒറ്റുകാരുമായി ചിത്രീകരിക്കുന്നത്‌ തെറ്റാണെന്ന്‌ ബോംബെ ഹൈക്കോടതി. ‘‘ബ്രിട്ടീഷ്‌ ഭരണത്തിനെതിരെ ശക്തമായ  പ്രതിഷേധങ്ങൾ സംഘടിപ്പിച്ചാണ്‌ നാം സ്വാതന്ത്ര്യം നേടിയതെന്ന യാഥാർഥ്യം വിസ്‌മരിക്കരുത്‌. സർക്കാരിനെതിരെ ജനങ്ങൾ പ്രതിഷേധിക്കുന്നത്‌ ദൗർഭാഗ്യകരമാണ്‌.  അതിന്റെ പേരിൽമാത്രം അടിച്ചമർത്തുന്നത്‌ തെറ്റാണ്‌’’–- ബോംബെ ഹൈക്കോടതി ഔറംഗബാദ്‌ ബെഞ്ചിലെ ജസ്റ്റിസുമാരായ ടി വി നലവാദേയും എം ജി സേവ്‌ലികാറും നിരീക്ഷിച്ചു. ബീഡ്‌ ജില്ലയിൽ പ്രതിഷേധം നടത്താൻ അനുമതി നിഷേധിക്കപ്പെട്ടെന്ന ഹര്‍ജിയിലാണ് നിരീക്ഷണം.  നിരോധനാജ്ഞ ഏർപ്പെടുത്തിയ ഉത്തരവ്‌ ഹൈക്കോടതി റദ്ദാക്കി.

പൗരത്വ ഭേദഗതി നിയമ ഭരണഘടനയുടെ 14–-ാം അനുച്ഛേദം വാഗ്‌ദാനം ചെയ്യുന്ന തുല്യതയ്‌ക്ക്‌ എതിരാണെന്ന്‌ തോന്നുന്നവർക്ക്‌ 19–-ാം അനുച്ഛേദം വാഗ്‌ദാനം ചെയ്യുന്ന ആശയാവിഷ്‌കാരത്തിനുള്ള സ്വാതന്ത്ര്യം ഉപയോഗിച്ച്‌  പ്രതിഷേധം സംഘടിപ്പിക്കാൻ അവകാശമുണ്ട്.

പ്രതിഷേധത്തിനു പിന്നിലുള്ള കാരണം ശരിയോ തെറ്റോ എന്ന്‌ പരിശോധിക്കാൻ കോടതിക്ക്‌ നിയമപരമായ അധികാരമില്ല. ഇത്തരം നിയമം വരുമ്പോൾ ഏതെങ്കിലും പ്രത്യേക മതവിഭാഗങ്ങൾ സ്വാഭാവികമായും പ്രതിഷേധിക്കും. സമരം ചെയ്യുന്നവരുടെ മനുഷ്യത്വപരമായ അവകാശംകൂടി അധികാരികൾ കണക്കിലെടുക്കണം.
സമാധാനപരമായ പ്രതിഷേധങ്ങൾക്കെതിരെ ബലപ്രയോഗം ഉണ്ടായാൽ അത്‌ അനാവശ്യമായ സംഘർഷങ്ങൾക്കും കലാപങ്ങൾക്കും കാരണമായേക്കാം. ന്യൂനപക്ഷവിഭാഗങ്ങളുടെ അവകാശങ്ങൾ നിഷേധിക്കപ്പെടുമ്പോൾ മറ്റ്‌ മതങ്ങളിലുള്ളവരും സാഹോദര്യം പ്രകടിപ്പിച്ച്‌ രംഗത്തിറങ്ങുകയാണ്‌. ഭരണഘടനയുടെ ആമുഖത്തിലും സാഹോദര്യത്തെക്കുറിച്ച്‌ വ്യക്തമായി പരാമർശിച്ചിട്ടുണ്ട്‌. സാഹോദര്യത്തെ അടിച്ചമർത്താൻ നോക്കിയാൽ അത്‌ രാജ്യത്തിന്റെ ഐക്യത്തെയും അഖണ്ഡതയെയും ബാധിക്കുമെന്നും കോടതി മുന്നറിയിപ്പ്‌ നൽകി.

പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭങ്ങൾ പ്രതിരോധിക്കാൻ ഡിസംബറിൽ ബംഗളൂരുവിൽ പ്രഖ്യാപിച്ച നിരോധനാജ്ഞ തെറ്റാണെന്ന്‌ കഴിഞ്ഞദിവസം കർണാടക ഹൈക്കോടതിയും ഉത്തരവിട്ടിരുന്നു.


പ്രധാന വാർത്തകൾ
 Top