28 January Saturday

പങ്കാളിയെ വെട്ടിനുറുക്കിയ സംഭവം: യുവതിയുടെ ശരീരഭാഗങ്ങളിൽ ചിലത്‌ കണ്ടെടുത്തു

സ്വന്തം ലേഖകൻUpdated: Tuesday Nov 15, 2022

ന്യൂഡൽഹി> ഡൽഹി മെഹ്‌റോളിയിൽ പങ്കാളിയെ 35 കഷണങ്ങളായി വെട്ടിനുറുക്കിയ സംഭവത്തിൽ കൊല്ലപ്പെട്ട ശ്രദ്ധ വാക്കറുടെ ശരീരഭാഗങ്ങളിൽ ചിലത്‌ കണ്ടെടുത്തു. പിടിയിലായ അഫ്താബ് അമീൻ പൂനാവാല (28)യുമായി മെഹ്‌റോളിയിലെ വനപ്രദേശത്ത്‌ നടത്തിയ തെളിവെടുപ്പിനിടെയാണ്‌ പത്തുശരീരഭാഗങ്ങൾ കണ്ടെടുത്ത്‌. ഇവ ഫോറൻസിക്‌ ലാബോറട്ടിയിലേയ്‌ക്ക്‌ അയച്ചു. മെയ്‌ 18നായിരുന്നു വിവാഹം കഴിക്കാൻ നിർബന്ധിച്ചതിന്‌ ശ്രദ്ധയെ ഇയാൾ ഛതർപൂർ പഹാരിയിലെ വാടകഫ്ലാറ്റിൽ  കഴുത്തുഞെരിച്ചുകൊന്നത്‌. 18 ദിവസം കൊണ്ടാണ്‌ വെട്ടിമുറിച്ച ശരീരഭാഗങ്ങൾ വനത്തിൽ കൊണ്ടിട്ടത്‌.

അതേസമയം ശ്രദ്ധയുടെ ശരീരം ഫ്ലാറ്റിൽ  സൂക്ഷിച്ചിരിക്കവേ തന്നെ ഡേറ്റിങ്‌ ആപ്പ്‌ വഴി പുതിയ പെൺസുഹൃത്തുക്കളെ അഫ്‌താബ്‌  എത്തിച്ചതായും പൊലീസ്‌ വെളിപ്പെടുത്തി. ഇയാളുമായി ബന്ധപ്പെട്ട പെൺകുട്ടികളുടെ വിവരം ശേഖരിക്കാൻ ആപ്പിൽ നിന്ന്‌ പൊലീസ്‌ വിവരം തേടും. പുതിയ സുഹൃത്തുക്കൾ എത്തുമ്പോൾ ഫ്രിഡ്‌ജിൽ നിന്ന്‌ കപ്പ്‌ബോർഡിലേയ്‌ക്ക്‌ അവശിഷ്‌ടം ഇയാൾ മാറ്റിയിരുന്നു. മുൻപ്‌ ഷെഫായി ജോലി ചെയ്‌തിരുന്ന പ്രതി ഉപയോഗിച്ച കത്തി ഇനിയും കണ്ടെടുക്കാനായില്ല. ശരീരം കൊണ്ടുപോയി തള്ളാനുള്ള പ്ലാസ്‌റ്റിക്‌ ബാഗും കത്തിയും വാങ്ങിയ കടയിലെത്തിച്ചും തെളിവെടുത്തു. ഇവിടെ സിസിടിവി ദൃശ്യങ്ങൾ ലഭ്യമല്ലാത്തത്‌ തിരിച്ചടിയാണ്‌. ഗൂഗിളിൽ നിന്നാണ്‌ രക്തക്കറ മായിക്കാൻ സൾഫർ ഹൈപ്പോക്ലോറൈറ്റ് ഉപയോഗിക്കാമെന്ന്‌ പ്രതി കണ്ടെത്തിയത്‌.  ശ്രദ്ധയുടെ കൊലപാതകം മൂടിവെയ്‌ക്കാനായി ഇവരുടെ ഇൻസ്‌റ്റഗ്രാം സുഹൃത്തുക്കളുമായി അഫ്‌താബ്‌ ചാറ്റും തുടർന്നിരുന്നു.

എന്നാൽ രണ്ടുമാസത്തോളം ഫോൺ ഓഫായതാണ്‌ ചില സുഹൃത്തുക്കൾക്ക്‌ സംശയം തോന്നാൻ ഇടയാക്കിയത്‌. ഇത്‌ ഇവർ ശ്രദ്ധയുടെ കുടുംബത്തെ അറിയിച്ചതോടെയാണ്‌ അച്ഛൻ ഡൽഹിയിലെത്തിയതും കൊലപാതകത്തിന്റെ ചുരുളഴിഞ്ഞതും. അമേരിക്കൻ ടിവി ഷോ ആയ ഡെക്സ്റ്ററിൽ നിന്നാണ്‌ പ്രതിക്ക്‌ കൊലപാതകത്തിനുള്ള ആത്മവിശ്വാസം ലഭിച്ചതെന്നും പൊലീസ്‌ പറയുന്നു. ഇതിലും കൊലപ്പെടുത്തുന്നവരുടെ ശരീരഭാഗങ്ങൾ ഫ്രിഡ്‌ജിലാണ്‌ സൂക്ഷിക്കുന്നത്‌. മറ്റ്‌ നിരവധി ക്രൈം സീരീസുകളും അഫ്‌താബ്‌ തുടർച്ചയായി കാണാറുണ്ടായിരുന്നു. ശ്രദ്ധ കൊല്ലപ്പെട്ട്‌ ദിവസങ്ങൾക്കകം കൈയിലെ മുറിവിന്‌ ഇയാൾ ചികിത്സ തേടിയതായി ഒരു ഡോക്‌ടറും സ്ഥിരീകരിച്ചു. മുംബൈയിൽ താമസിച്ചിരുന്നപ്പോൾ അഫ്‌താബ്‌ കൊല്ലുമെന്ന്‌ സന്ദേശമയച്ചിരുന്നതായി ശ്രദ്ധയുടെ സുഹൃത്തും മൊഴി നൽകി.

പിന്നീട്‌ പറഞ്ഞ്‌ അവസാനിപ്പിച്ചു. മകളുമായി ഒരു വർഷം മുമ്പാണ്‌ സംസാരിച്ചതെന്നും സുഹൃത്താണ്‌ ഡൽഹിയിേ്ലയ്‌ക്ക്‌ മാറിയ വിവരം അറിയിച്ചതെന്നും അച്ഛൻ മദൻ വാക്കർ പറഞ്ഞു. അയൽവാസികളുമായും ഇരുവരും ബന്ധം പുലർത്തിയിരുന്നില്ല. പൊലീസ്‌ എത്തുമ്പോൾ മാത്രമാണ്‌ സമീപവാസികൾ പോലും കൊലപാകത വിവരമറിഞ്ഞത്‌.  അതേസമയം കൊലപാകത്തെ ലൗജിഹാദുമായി കൂട്ടിക്കെട്ടാൻ ബിജെപി ശ്രമം തുടങ്ങി. മഹാരാഷ്‌ട്രയിലെ നേതാവും എംഎൽഎയുമായ റാം കദം ലൗ ജിഹാദിൽ അന്വേഷണം വേണമെന്ന്‌ ആവശ്യപ്പെട്ട്‌ ഡൽഹി പൊലീസിന്‌ കത്തുനൽകി. പ്രതിക്ക്‌ വധശിക്ഷ നൽകണമെന്ന്‌ മധ്യപ്രദേശ്‌ ആഭ്യന്തരമന്ത്രി നരോത്തം മിശ്രയും ആവശ്യപ്പെട്ടു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top