കൊല്‍ക്കത്ത
ബംഗാളില്‍ സിബിഐയെ ഇറക്കി തൃണമൂല്‍ നേതാക്കളുടെ കല്‍ക്കരി കള്ളക്കടത്തുകേസില്‍ കേന്ദ്രം പിടിമുറുക്കിയപ്പോള്‍, ബിജെപി നേതാക്കളുടെ മയക്കുമരുന്ന് കള്ളക്കടത്ത് പിടികൂടി സംസ്ഥാനപൊലീസ്. തെരഞ്ഞെടുപ്പിന് മുന്നോടിയായി അഴിമതി, കള്ളക്കടത്തുകേസുകള് സജീവമാകാന്‍ വഴിവച്ചത് ഇരുപാര്ടിക്കുള്ളിലെയും ആഭ്യന്തരകലാപം.
ലക്ഷങ്ങളുടെ മയക്കുമരുന്നുകടത്തു കേസില്‍ യുവമോർച്ച സംസ്ഥാന സെക്രട്ടറിയും സിനിമാ സീരിയല്‍ താരവുമായ പാമേല ഗോസ്വാമി അറസ്റ്റിലായതിനുപിന്നാലെ പ്രമുഖ ബിജെപി നേതാവ് രാകേഷ് സിങ്ങും പിടിയിലായത് ബിജെപിയെ വെട്ടിലാക്കി. രാകേഷ് സിങ് ഒറ്റിക്കൊടുത്തെന്ന് കോടതിയില്‍ ഹാജരാക്കിയപ്പോള്‍ പാമേല വിളിച്ചു പറഞ്ഞു.
സംസ്ഥാനംവിടാന്‍ ശ്രമിച്ച സിങ്ങിനെ ബർദ്വമാന്‍ ജില്ലയിലെ വീട്ടില്‍നിന്ന് ചൊവ്വാഴ്ച രാത്രി പൊലീസ് പിടികൂടി. കേന്ദ്ര സുരക്ഷാ സേനയുടെ സഹായത്തോടെ സംസ്ഥാനം വിടാനുള്ള ഒരുക്കത്തിനിടെയാണ് സിങ് പിടിയിലായതെന്ന് പൊലീസ് വെളിപ്പെടുത്തി. രണ്ട് ആണ്മക്കളെ കൊല്‍ക്കത്തയില്‍ കസ്റ്റഡിയിലെടുത്തു. വീട് പരിശോധിക്കാനെത്തിയ പൊലീസിനെ ബിജെപി പ്രവർത്തകരെ ഇറക്കി ഇവര്‍ തടഞ്ഞു. മൂന്ന് മണിക്കൂര്‍ നീണ്ട തര്‍ക്കത്തിനൊടുവിലാണ് പൊലീസിന് വീട് പരിശോധിക്കാനായത്. കോടതി മാർച്ച് ഒന്നുവരെ രാകേഷ് സിങ്ങിനെ കസ്റ്റഡിയില്‍ വിട്ടു.
സജീവ തൃണമൂല്‍ പ്രവർത്തകനായിരുന്ന രാകേഷ് 2019ലാണ് ബിജെപിയില്‍ ചേക്കേറിയത്. കൊലക്കുറ്റം ഉൾപ്പെടെ 56 കേസ് ഇയാള്‍ക്കെതിരെയുണ്ട്. ഇതില്‍ 27 എണ്ണം ബിജെപിയില്‍ ചേര്ന്നശേഷമുള്ളതാണ്. ബിജെപി ദേശീയ, സംസ്ഥാനനേതാക്കളുമായി അടുത്തബന്ധം പുലര്‍ത്തുന്നു. രാകേഷ് കുറ്റം ചെയ്തെങ്കില്‍ ശിക്ഷിക്കപ്പെടണമെന്ന് ബിജെപി എംപി രൂപ ഗാംഗുലി പ്രതികരിച്ചു.
മമതയുടെ അനന്തരവനും തൃണമൂലിലെ രണ്ടാമനുമായ അഭിഷേക് ബാനർജി എംപിയെ ലക്ഷ്യംവച്ചാണ് സിബിഐ നീക്കം. കല്‍ക്കരി കള്ളകടത്തു കേസില്‍ ഭാര്യ റുജിരാ ബാനർജി, ഭാര്യാ സഹോദരി മേനകാ ഗംഭീര്‍ എന്നിവരെ ഇതിനകം ചോദ്യംചെയ്തു. ബാങ്കോങ്, ഇംഗ്ലണ്ട് എന്നിവിടങ്ങളിലെ ബാങ്ക് അക്കൗണ്ട് വിവരം കിട്ടിയെന്ന് സിബിഐ പരസ്യപ്പെടുത്തി. തൃണമൂല്‍ നേതാക്കളുടെ മറ്റ് നിരവധി അഴിമതി കഥകളും വീണ്ടും പൊങ്ങിവരുന്നുണ്ട്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..