27 June Thursday

ബംഗാളിൽ തൃണമൂൽ-ബിജെപി സംഘർഷത്തിൽ 4 മരണം

ഗോപിUpdated: Sunday Jun 9, 2019

കൊൽക്കത്ത> ബംഗാളിൽ തൃണമൂൽ–-ബിജെപി സംഘർഷത്തിൽ നാലുപേർ കൊല്ലപ്പെട്ടു. നിരവധിപേർക്ക് പരിക്കേറ്റു. നാലുപേരുടെ നില ഗുരുതരം. കൊല്ലപ്പെട്ടവരിൽ മൂന്നുപേർ ബിജെപിക്കാരും ഒരാൾ തൃണമൂലുകാരനുമാണ്. ഉത്തര 24 പർഗാനാസ് ജില്ലയിലെ സന്ദേഷ്ഖാലി മേഖലയിൽ ഹാട്ടിഗാഞ്ചി ഗ്രാമത്തിലാണ് സംഭവം. തോക്കും ബോംബും വടിവാളും ഇരുമ്പുദണ്ഡുകളും ഇഷ്ടികയും മറ്റും  ഉപയോഗിച്ച് ഇരുകൂട്ടരും മണിക്കൂറുകൾ ഏറ്റുമുട്ടിയതായി ഗ്രാമവാസികൾ പറഞ്ഞു. ശനിയാഴ്ച രാത്രി വൈകുംവരെ ഏറ്റുമുട്ടൽ തുടർന്നു.

മേഖലയിൽ ആധിപത്യം സ്ഥാപിക്കാൻ വേണ്ടിയുള്ള നീക്കമാണ് വൻ ഏറ്റുമുട്ടലിലേക്ക‌് നയിച്ചത്. ലോക‌്സഭാ തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ട തൃണമൂൽ ഈ മേഖലയിൽ തങ്ങളുടെ കൊടികളും ബാനറുകളും അഴിച്ചുമാറ്റാൻ ശ്രമിച്ചെന്നും  അത് തടഞ്ഞ പ്രവർത്തകർക്കുനേരെ വെടിവയ്ക്കുകയായിരുന്നെന്നും ബിജെപി ആരോപിച്ചു. ബിജെപിയാണ് അക്രമം അഴിച്ചുവിട്ടതെന്ന‌് തൃണമൂൽ നേതാക്കൾ പറഞ്ഞു. സംഭവത്തെക്കുറിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി റിപ്പോർട്ട് ആവശ്യപ്പെട്ടു.

തെരഞ്ഞെടുപ്പിനെത്തുടർന്ന‌് സംസ്ഥാനത്തൊട്ടാകെ ബിജെപി–-തൃണമൂൽ  സംഘർഷം വ്യാപകമാണ്. വലിയ ക്രമസമാധാന പ്രശ്നമാണ് ഇത് സൃഷ്ടിച്ചിരിക്കുന്നത്. തൃണമൂലുകാരും ബിജെപിക്കാരും സിപിഐ എം,  ഇടതുമുന്നണി പ്രവർത്തകർക്കു നേരെയും പലയിടങ്ങളിലും അക്രമം അഴിച്ചുവിട്ടു. വ്യാപകമായ ആക്രമണത്തിനും ജനങ്ങളെ തമ്മിലടിപ്പിക്കുന്ന  നീക്കത്തിനുമെതിരെ ഇടതുമുന്നണിയുടെ ആഭിമുഖ്യത്തിൽ വിവിധ സ്ഥലങ്ങളിൽ സമാധാന റാലികൾ സംഘടിപ്പിച്ചു. ഇടതുമുന്നണി കൊൽക്കത്ത ജില്ലാകമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന റാലിയിൽ ആയിരങ്ങൾ പങ്കെടുത്തു.

അതേസമയം പശ്ചിമ ബംഗാളിൽ അതിക്രമങ്ങൾ തടയാൻ സംസ്ഥാന സർക്കാർ ഇടപെടുന്നില്ലെന്ന‌് കേന്ദ്രസർക്കാർ. ക്രമസമാധാനം പരിപാലിക്കാൻ നടപടി സ്വീകരിക്കണമെന്നും കൃത്യനിർവഹണത്തിൽ വീഴ‌്ചവരുത്തിയ ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കണമെന്നും ആഭ്യന്തരമന്ത്രാലയം  സംസ്ഥാന സർക്കാരിനോട‌് നിർദേശിച്ചു. നോർത്ത‌് 24 പർഗനാസ‌് ജില്ലയിലെ സന്ദേഷ‌്കാളിയിൽ തൃണമൂൽ–-ബിജെപി ഏറ്റുമുട്ടലിൽ നിരവധി പേർ കൊല്ലപ്പെട്ടു. ക്രമസമാധാന വിഷയങ്ങൾ ചർച്ചചെയ്യാൻ ബംഗാൾ ഗവർണർ കേസരിനാഥ‌് ത്രിപാഠി തിങ്കളാഴ‌്ച പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ സന്ദർശിക്കാനിരിക്കേയാണ‌് ആഭ്യന്തരമന്ത്രാലയം സംസ്ഥാന സർക്കാരിന‌് കർശന നിർദേശം നൽകിയത‌്.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top