15 December Sunday

കുട്ടികളുടെ ഉച്ചഭക്ഷണത്തിൽനിന്നും മുട്ട ഒഴിവാക്കണം: അന്ത്യശാസനവുമായി ബിജെപി

വെബ് ഡെസ്‌ക്‌Updated: Saturday Jul 20, 2019

റായ്‌പൂർ> ഛത്തീസ്ഗഡിൽ സ്കൂൾ കുട്ടികൾക്ക് ഉച്ചഭക്ഷണത്തിൽനിന്നും മുട്ട ഒഴിവാക്കണമെന്ന് അന്ത്യശാസനവുമായി ബിജെപി. വെജിറ്റേറിയൻ ഭക്ഷണം കഴിക്കുന്ന കുട്ടികളെ നിർബന്ധിച്ച്  മുട്ട കഴിപ്പിക്കുന്നു എന്ന് ചൂണ്ടിക്കാണിച്ചാണ് ബിജെപി ഭീഷണിയുമായി രംഗത്തെത്തിയത്.

എന്നാൽ ബിജെപി ഉന്നയിച്ച ആരോപണങ്ങൾ സർക്കാർ നിഷേധിച്ചു. മുട്ട കഴിക്കണമെന്നത് നിർബന്ധിതമല്ലെന്നായിരുന്നു സർക്കാർ വിശദീകരണം. കുട്ടികളിലെ പോഷകക്കുറവ് പരിഹരിക്കുന്നതിനാണ് മുട്ട കൊടുക്കാമെന്ന് തീരുമാനിച്ചത്. മുട്ട വേണ്ട എന്നുള്ള കുട്ടികൾക്ക‌് പഴവും, പാലും തെരഞ്ഞെടുക്കാനുള്ള സൗകര്യമുണ്ട്. രക്ഷകർത്താക്കളോട‌് അത‌് പറഞ്ഞിട്ടുമുള്ളതാണെന്ന് സർക്കാർ വിശദീകരിക്കുന്നു..

കഴിഞ്ഞ ബിജെപി സർക്കാരിന്റെ കാലത്താണ് ഉച്ചഭക്ഷണത്തിൽനിന്നും മുട്ട നിരോധിക്കുന്നത്. ആളുകളുടെ മത വിശ്വാസങ്ങളെ തകർക്കുമെന്ന് പറഞ്ഞായിരുന്നു അന്ന് ബിജെപിയുടെ നടപടി. എന്നാൽ ആറുമാസം മുമ്പ് അധികാരത്തിൽ എത്തിയ കോൺഗ്രസ് സർക്കാർ പദ്ധതി വീണ്ടും കൊണ്ടുവരികയായിരുന്നു.

സംസ്ഥാനത്ത‌് കുട്ടികളിൽ പോഷകക്കുറവ് രൂക്ഷമായതിനെത്തുടർന്നാണ് സർക്കാർ പദ്ധതി വീണ്ടും തുടങ്ങാൻ തീരുമാനിച്ചത്. നോൺ വെജിറ്റേറിയൻ ആയിട്ടുള്ള കുട്ടികൾക്ക് മുട്ടയും വെജിറ്റേറിയൻ കുട്ടികൾക്കായി പഴവും, പാലുമാണ‌് പദ്ധതിയുടെ ഭാഗമായി തീരുമാനിച്ചത്. സംസ്ഥാനത്തെ 14 വയസ്സിൽ താഴെയുള്ള കുട്ടികളിൽ 37 ശതമാനം കുട്ടികൾക്കും വളർച്ച മുരടിപ്പും തൂക്കക്കുറവും ആണെന്നാണ് പഠന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ആദിവാസി കുട്ടികളുടെ ഇടയിൽ ഇത് 44 ശതമാനം വരെയാണ്.

ജൂലൈ 12നാണ‌് മുട്ട ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് കവർധ ജില്ലാ കലക്ടർക്ക് നിവേദനം നൽകിയിരുന്നു. തങ്ങളുടെ കീഴ്വഴക്കങ്ങൾക്ക് എതിരാണെന്ന് ചൂണ്ടികാണിച്ചായിരുന്നു നിവേദനം. ജൂലൈ 17നുള്ളിൽ പദ്ധതി അവസാനിപ്പിക്കണമെന്നാണ് നിവേദനത്തിൽ അവർ ആവശ്യപ്പെട്ടത്. ഭൂരിഭാഗം വരുന്ന സാമുദായങ്ങളും വെജിറ്റേറിയൻ ആണെന്നിരിക്കെ മുട്ട കൊടുക്കുന്നത് ഇവർ തമ്മിലുള്ള ഐക്യം തകർക്കുമെന്നായിരുന്നു ബിജെപിയുടെ ന്യായം.

പ്രതിഷേധം ശക്തമായതോടെ മുട്ട കഴിക്കാൻ താല്പര്യമില്ലാത്ത കുട്ടികളെ കണ്ടെത്തി അവർക്കായി പ്രത്യേക ഇരിപ്പിട സൗകര്യം ഒരുക്കാമെന്ന് 17നു പുറത്തിറക്കിയ വാർത്ത കുറിപ്പിൽ സംസ്ഥാന സർക്കാർ അറിയിച്ചു. സ്കൂളിൽവെച്ച് മുട്ട കഴിക്കാൻ താല്പര്യമില്ലാത്ത കുട്ടികൾക്ക് വീട്ടിൽ കൊണ്ടുപോകാനുള്ള സൗകര്യമൊരുക്കുമെന്നും വാർത്ത കുറിപ്പിൽ പറയുന്നുണ്ട്. പുതിയ സംവിധാനം ചർച്ച ചെയ്യുന്നതിനായി ജില്ലാ തലത്തിൽ രക്ഷാകർത്തക്കളുടെയും പൊതുപ്രവർത്തകരുടെയും യോഗം വിളിച്ച് വിഷയം അവതരിപ്പിക്കണമെന്ന് വിദ്യാഭാസ വകുപ്പ് ജില്ലാ കലക്ടർമാർക്ക് നിർദേശം നൽകി.

അതേസമയം ബിജെപി ഭരിക്കുന്ന ഭൂരിഭാഗം സംസ്ഥാനങ്ങളിലും മുട്ട ഉച്ചഭക്ഷണത്തിൽ നിന്നും ഒഴിവാക്കിയതായാണ് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ന്യൂട്രിഷന്റെ കണക്കുകൾ കാണിക്കുന്നത്. 11 സംസ്ഥാനങ്ങളിൽ ഇത്തരത്തിൽ മുട്ട  ഒഴിവാക്കി. ചില സംസ്ഥാനങ്ങളിൽ ആഴ്ചയിൽ ഒരു മുട്ട എന്ന നിലയിൽ കൊടുക്കുന്നുണ്ടെന്നും കണക്കുകളിൽനിന്നും വ്യക്തമാണ്.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top