06 December Friday

30 വര്‍ഷത്തിനു ശേഷം ബിജെപിയും ശിവസേനയും രണ്ടുവഴിക്ക്‌ ; ബന്ധം ഔപചാരികമായി അവസാനിച്ചു

വെബ് ഡെസ്‌ക്‌Updated: Tuesday Nov 12, 2019


ന്യൂഡൽഹി
കേന്ദ്രസർക്കാരിലെ ശിവസേന പ്രതിനിധി അരവിന്ദ്‌ സാവന്ത്‌ മന്ത്രിസ്ഥാനം രാജിവച്ചതോടെ 30 വർഷത്തെ ബിജെപി–-ശിവസേന ബന്ധം ഔപചാരികമായി അവസാനിച്ചു. ശിവസേനയുമായി സഹകരിക്കണമെങ്കിൽ അവർ ബിജെപി ബന്ധം പൂർണമായി വേർപെടുത്തണമെന്ന്‌ എൻസിപി ആവശ്യപ്പെട്ടിരുന്നു. 
ബാൽ താക്കറേ 1966ൽ രൂപംനൽകിയ ശിവസേന 1989ലെ ലോക്‌സഭ, മഹാരാഷ്ട്ര നിയമസഭ തെരഞ്ഞെടുപ്പുകളിലാണ്‌ ബിജെപിയോട്‌ ആദ്യമായി സഖ്യംസ്ഥാപിച്ചത്‌.

1995–-99ൽ ശിവസേന–-ബിജെപി സഖ്യം സംസ്ഥാനം ഭരിച്ചു. ശിവസേനയിൽനിന്ന്‌ മനോഹർ ജോഷിയും നാരായൺ റാണെയും ഇക്കാലത്ത്‌ മുഖ്യമന്ത്രിമാരായി.
2004ൽ ഉദ്ധവ്‌ താക്കറേ ശിവസേന അധ്യക്ഷനായി. ഇതിൽ പ്രതിഷേധിച്ച്‌ ബാൽ താക്കറേയുടെ അനന്തിരവൻ രാജ്‌ താക്കറേ ശിവസേന വിട്ട്‌ എംഎൻഎസ്‌ എന്ന പാർടി രൂപീകരിച്ചു. 2012ൽ ബാൽ താക്കറേ അന്തരിച്ചു. 2014ലെ തെരഞ്ഞെടുപ്പിൽ സീറ്റിനെച്ചൊല്ലി കലഹിച്ച്‌ ബിജെപിയും ശിവസേനയും വെവ്വേറെ മത്സരിച്ചു. എന്നാൽ, കേന്ദ്രമന്ത്രിസഭയിൽ ശിവസേന പ്രതിനിധി തുടർന്നു. ബിജെപി നേതൃത്വത്തിൽ രൂപീകരിച്ച സംസ്ഥാനസർക്കാരിൽ പിന്നീട്‌ ശിവസേന ചേർന്നു.

ഇനി ബിജെപിയുമായി ചേരില്ലെന്ന്‌ 2018ൽ ശിവസേന പ്രഖ്യാപിച്ചു. ലോക്‌സഭ തെരഞ്ഞടുപ്പിനു മുമ്പ്‌ ബിജെപി അധ്യക്ഷൻ അമിത്‌ ഷാ മുംബൈയിലെത്തി നടത്തിയ ചർച്ചയിൽ കലഹമടങ്ങി. എന്നാൽ, നിയമസഭ തെരഞ്ഞെടുപ്പിനുശേഷം മുഖ്യമന്ത്രിസ്ഥാനം തുല്യമായി പങ്കിടാമെന്ന്‌ അമിത്‌ ഷാ വാക്ക്‌ നൽകിയിരുന്നതായി ശിവസേന പറയുന്നു. ഇതു പാലിക്കാൻ ബിജെപി തയ്യാറാകാത്തതാണ്‌ നിലവിലെ വേർപിരിയലിനു കാരണം.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top