19 May Sunday

ബിജെപിയുടെ റോഡ‌്ഷോയ‌്ക്കിടെ അക്രമം; പരക്കെ പ്രതിഷേധം

ഗോപിUpdated: Thursday May 16, 2019

കൊൽക്കത്ത > ബിജെപി അധ്യക്ഷൻ അമിത് ഷാ നയിച്ച റോഡ് ഷോയോടനുബന്ധിച്ച് അരങ്ങേറിയ അക്രമത്തിലും ബംഗാളി നവോത്ഥാന നായകനും  ആധുനിക ബംഗാളി ഭാഷയുടെ പിതാവുമായ ഈശ്വരചന്ദ്ര വിദ്യാസാഗറിന്റെ പ്രതിമ തകർത്തതിലും പ്രതിഷേധിച്ച് ഇടതുമുന്നണിയുടെ അഭിമുഖ്യത്തിൽ വൻ റാലികൾ അരങ്ങേറി.

കോളേജ് സ‌്ട്രീറ്റ‌് വിദ്യാസാഗർ കോളേജിൽ സ്ഥാപിച്ച പ്രതിമയാണ് ബിജെപി അക്രമികൾ തകർത്തത്. സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, പിബി അംഗം പ്രകാശ് കാരാട്ട്, ഇടതുമുന്നണി ചെയർമാൻ ബിമൻ ബസു എന്നിവരുടെ നേതൃത്വത്തിൽ കൊൽക്കത്തയിൽ നടന്ന പ്രതിഷേധ പ്രകടനത്തിൽ കലാ സാഹിത്യരംഗത്തെ പ്രമുഖരടക്കം വിവിധ തുറകളിൽപ്പെട്ടവർ പങ്കെടുത്തു. ബുധനാഴ്ച പകൽ 11 ന‌് കോളേജ് സ‌്ക്വയർ വിദ്യാസാഗർ പാർക്കിൽനിന്നാരംഭിച്ച റാലി ഹേദുവാ ആസാദ് ഹിന്ദു പാർക്കിൽ സമാപിച്ചു. സിലിഗുരി, അസൻസോൾ, ബർദ്വമാൻ എന്നിവിടങ്ങളിലും റാലികൾ നടന്നു. ബംഗാളിന്റെ സംസ്കാരവും വിദ്യാസാഗറിന്റെ മഹത്വവും അറിയാത്ത, പുറത്തുനിന്ന‌് ഇറക്കുമതി ചെയ്തവരാണ് സംസ്കാരശൂന്യരായി പ്രതിമ തകർത്തതെന്ന‌് യെച്ചൂരി പറഞ്ഞു. അക്രമത്തിന്റെ ഉത്തരവാദിത്തത്തിൽനിന്ന‌് തൃണമൂലിനും ഒഴിഞ്ഞുമാറാൻ കഴിയില്ല.

ഉത്തർപ്രദേശ്,  ഗുജറാത്ത്, ബിഹാർ, മധ്യപ്രദേശ് എന്നിവിടങ്ങളിൽനിന്ന‌് വൻ തോതിൽ ആളുകളെ ഇറക്കുമതി ചെയ്താണ് കൊൽക്കത്തയിൽ ബിജെപി അമിത് ഷായുടെ റോഡ് ഷോ സംഘടിപ്പിച്ചത്. ശ്രീരാമന്റെയും ഹനുമാന്റെയും വേഷം ധരിച്ച പ്രകടനക്കാർ സിപിഐ എം  ഇടതുമുന്നണി നേതാക്കളെ രുക്ഷമായി പരിഹസിക്കുകയും തെറി വിളിക്കുകയും ചെയ്തു.

തൃണമൂലുകാരാണ് ആദ്യം പ്രകോപനം സൃഷ്ടിച്ചത്. റോഡ‌്ഷോ കൊൽക്കത്ത യൂണിവേഴ്സിറ്റിക്ക‌് സമീപം എത്തിയപ്പോൾ തൃണമൂൽ ഛത്രപരിഷത്തുകാർ അമിത് ഷായ്ക്ക് നേരെ കരിങ്കൊടി വീശുകയും വെള്ളക്കുപ്പികൾ വലിച്ചെറിയുകയും ചെയ‌്തു. ബിജെപിക്കാർ തൃണമൂലുകാരെയും അക്രമിച്ചു. പൊലീസ് സ്ഥിതി നിയന്ത്രണ വിധേയമാക്കിയെങ്കിലും ബിധാൻ സരണിയിൽ വിദ്യാസാഗർ കോളേജിൽനിന്ന‌് വീണ്ടും ഛത്രപരിഷത്ത് അക്രമം ഉണ്ടായി. തുടർന്ന‌്, ഇരുകൂട്ടരും രൂക്ഷമായ ഏറ്റുമുട്ടൽ നടത്തി. ബിജെപിക്കാർ കോളേജിലേക്ക് ഇരച്ചുകയറി പ്രതിമയും ഉപകരണങ്ങളും തല്ലിത്തകർത്തു.

ബിജെപി അക്രമത്തിലും  പ്രതിമ തകർത്തതിലും പ്രതിഷേധിച്ച് മമതയുടെ നേതൃത്വത്തിൽ തൃണമൂലുകാരും  പ്രകടനം നടത്തി. മമത കരുതിക്കൂട്ടി തയ്യാറാക്കിയ പദ്ധതിയാണ് അക്രമമെന്ന‌് അമിത് ഷാ പറഞ്ഞു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top