19 November Tuesday

കളഞ്ഞുകുളിച്ച്‌ കോൺഗ്രസ്‌; വോട്ടർമാർ തള്ളിയിട്ടും ഭരണം നിലനിർത്തി ബിജെപി

എം പ്രശാന്ത‌്Updated: Saturday Oct 26, 2019

ന്യൂഡൽഹി >  വോട്ടർമാർ തള്ളിയിട്ടും മഹാരാഷ്ട്രയിലും ഹരിയാനയിലും ഭരണം നിലനിർത്താൻ കഴിഞ്ഞ ബിജെപി കടപ്പെട്ടിരിക്കുന്നത്‌ പടയ്‌ക്കുമുമ്പേ പരാജയം സമ്മതിച്ച കോൺഗ്രസ്‌  നേതൃത്വത്തിനോടാണ്‌. രണ്ടിടത്തും പ്രധാന പ്രതിപക്ഷ പാർടിയായ കോൺഗ്രസ്‌ പ്രചാരണരംഗത്ത്‌ തികച്ചും നിർജീവമായിരുന്നു. മഹാരാഷ്‌ട്രയിൽ എൻസിപി നേതാവ്‌ ശരദ്‌ പവാറാണ്‌ യുപിഎയുടെ പ്രചാരണത്തിന്‌ ചുക്കാൻപിടിച്ചത്‌. ഹരിയാനയിൽ വളരെ വൈകി കളത്തിലിറങ്ങിയ മുൻമുഖ്യമന്ത്രി ഭൂപീന്ദർ സിങ്‌ ഹൂഡയാണ്‌ അൽപ്പമെങ്കിലും ബിജെപിക്കെതിരായി സംസാരിച്ചത്‌.

പ്രധാനമന്ത്രി നരേന്ദ്ര മോഡിയും ആഭ്യന്തര മന്ത്രി അമിത്‌ ഷായും ഇരുസംസ്ഥാനങ്ങളിലുമായി മുപ്പതിലേറെ റാലിയിൽ പങ്കെടുത്തപ്പോൾ കോൺഗ്രസ്‌ അധ്യക്ഷ സോണിയ ഗാന്ധിയുടേതായി ഒരു റാലി പോലും ഉണ്ടായില്ല. ഹരിയാനയിലെ മഹേന്ദ്രഗഢിൽ നിശ്ചയിച്ച റാലിയിൽനിന്ന്‌ അവസാനം സോണിയ പിൻവാങ്ങി.  രാഹുൽ ഗാന്ധിയാണ്‌  പങ്കെടുത്തത്‌. മഹാരാഷ്ട്രയിലും ഹരിയാനയിലുമായി ഏഴ്‌ റാലിക്കു മാത്രമാണ്‌ രാഹുൽ എത്തിയത്‌. രാഹുലിന്റെ തെരഞ്ഞെടുപ്പുപ്രസംഗങ്ങളിൽ ആത്മവിശ്വാസവുമുണ്ടായില്ല.

നേതാക്കളുടെ തമ്മിലടി അവസാനിപ്പിക്കാനോ കൊഴിഞ്ഞുപോക്ക്‌ തടയാനോ ഹൈക്കമാൻഡിനായില്ല.  പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന്‌ ദേശീയ തലത്തിൽ സമിതിക്ക്‌ രൂപംനൽകുന്നത്‌ 10 ദിവസംമുമ്പാണ്‌. ആകെ രണ്ടുവട്ടമാണ്‌ ഈ സമിതി യോഗം ചേർന്നത്‌. ആളും പണവുമിറക്കി ബിജെപി പ്രചാരണം കൊഴുപ്പിച്ചപ്പോൾ ഹൈക്കമാൻഡിൽനിന്ന്‌ ഫണ്ട്‌ കിട്ടാത്തതിലുള്ള ആശങ്കയിലായിരുന്നു സ്ഥാനാർഥികൾ.

ജയിക്കാൻ ആത്മർഥമായ  നടപടി സ്വീകരിക്കാതിരുന്നിട്ടും ഇരു സംസ്ഥാനങ്ങളിലെയും ഫലം വന്നപ്പോൾ കോൺഗ്രസ്‌ നേതൃത്വം ഞെട്ടി. ഹരിയാനയിൽ ഭരണത്തിന്‌ അടുത്തുവരെ എത്തിയപ്പോൾ ഹൈക്കമാൻഡ്‌ അമ്പരന്നു. ശരദ്‌ പവാറിന്റെ തണലിലാണെങ്കിലും മഹാരാഷ്ട്രയിൽ നില മെച്ചപ്പെടുത്താനായതും ബിജെപി സീറ്റുകൾ കുറയ്‌ക്കാനായതും നേട്ടമായി. ഹരിയാനയിൽ ഭൂപീന്ദർ ഹൂഡയെ നേതൃത്വത്തിലേക്ക്‌ തിരിച്ചുകൊണ്ടുവന്നതും മഹാരാഷ്‌ട്രയിൽ നേതൃത്വത്തിൽ വരുത്തിയ അഴിച്ചുപണിയുമെല്ലാം അൽപ്പംകൂടി നേരത്തെയാകാമായിരുന്നുവെന്ന അടക്കംപറച്ചിലിലാണ്‌ കോൺഗ്രസ്‌ നേതൃത്വം.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top