02 July Thursday

കോവിഡിനിടെ ബിജെപിയുടെ കുതിരക്കച്ചവടം; ഗുജറാത്തിലും രാജസ്ഥാനിലും രാജ്യസഭാ സർക്കസ്‌

സ്വന്തം ലേഖകൻUpdated: Sunday Jun 7, 2020

ന്യൂഡൽഹി > രാജ്യം കോവിഡിൽ നട്ടംതിരിയുമ്പോൾ രാജ്യസഭ അംഗബലം വർധിപ്പിക്കാൻ എംഎൽഎമാരെ ചാക്കിട്ടുപിടിച്ച്‌ ബിജെപി കുതിരക്കച്ചവടം.
ഗുജറാത്തിൽ നാലുമാസത്തിനിടെ എട്ട്‌ എംഎൽമാരാണ്‌ കോൺഗ്രസിൽ നിന്നും രാജിവച്ചത്‌. രാജസ്ഥാനിൽ എംഎൽഎമാരെ കൂട്ടത്തോടെ വിലയ്‌ക്കെടുക്കാനാണ്‌ നീക്കം. ഗുജറാത്തിലെ കൂട്ടരാജിക്ക്‌ പിന്നിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്‌ഷായാണെന്നാണ്‌ കോൺഗ്രസിന്റെ ആരോപണം. മറ്റ്‌ സംസ്ഥാനങ്ങളിലും കരുനീക്കം ശക്തം. ഈ മാസം 19നാണ്‌ ഗുജറാത്ത്‌, രാജസ്ഥാൻ, മധ്യപ്രദേശ്‌, കർണാടകം, ആന്ധ്രാപ്രദേശ്‌ തുടങ്ങിയ സംസ്ഥാനങ്ങളിലെ 24 രാജ്യസഭാസീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പ്‌.

റിസോര്‍ട്ടിലേക്ക് നോക്കി ​ഗുജറാത്ത്

ഗുജറാത്തിൽ അഞ്ച്‌ എംഎൽഎമാരാണ്‌ മാർച്ചിൽ കോൺഗ്രസ് വിട്ടത്‌. സോമാഭായ്‌പട്ടേൽ(സുരേന്ദ്രനഗർ),  പ്രദ്യുമാൻസിൻഹ്‌ ജഡേജ(അബ്‌ദാസ), ‌ മംഗൾഗാവിത്‌(ദാംഗ്), ജെ വി കാക്കാദിയ(ധാരി), പ്രവീൺമാറു(ഭാവ്‌നഗർ ) എന്നിവരാണ്‌ രാജിവച്ചത്‌.  കൂട്ടരാജിയെ തുടർന്ന്‌ കോൺഗ്രസ്‌ എംഎൽഎമാരെ കൂട്ടത്തോടെ രാജസ്ഥാനിലെ റിസോർട്ടിലേക്ക്‌ മാറ്റി. എന്നാൽ, രണ്ട്‌ദിവസം മുമ്പ്‌ കർജൻ എംഎൽഎ അക്ഷയ്‌പട്ടേലും കാപ്രാദ എംഎൽഎ ജിതുചൗധ്‌രിയും രാജിവച്ചു. വെള്ളിയാഴ്‌ച മോർബി എംഎൽഎ  ബ്രിജേഷ്‌മെർജയും പാർടി വിട്ടു. ഇതോടെ ഗുജറാത്ത്‌ നിയമസഭയിൽ കോൺഗ്രസ്‌ 65ൽ ഒതുങ്ങി. നാല്‌ രാജ്യസഭാസീറ്റുകളിൽ രണ്ട്‌ എണ്ണം സ്വന്തമാക്കാമെന്ന കോൺഗ്രസിന്റെ കണക്കുകൂട്ടലാണ്‌ ഇതോടെ പാളിയത്‌. 
മുതിർന്ന നേതാക്കളായ ശക്തിസിൻഹ്‌ ഗോഹിലും ഭരത്‌സിൻഹ്‌ സോളങ്കിയുമാണ്‌ കോൺഗ്രസിന്റെ രാജ്യസഭാസ്ഥാനാർഥികൾ. നിലിവിലെ സാഹചര്യത്തിൽ‌ ഇവരിൽ ഒരാൾ മാത്രമേ ജയിക്കൂ‌. ഇപ്പോൾ 103 സീറ്റുകളുള്ള ബിജെപിയുടെ ലക്ഷ്യം മൂന്ന്‌ സീറ്റാണ്‌. റാമിലബെൻ ബാര, അഭയ്‌ ഭരദ്വാജ്‌ എന്നിവരെ ബിജെപി രാജ്യസഭാസ്ഥാനാർഥികളായി പ്രഖ്യാപിച്ചു‌. മുൻ കോൺഗ്രസ്‌ നേതാവ്‌ നരഹരിഅമീൻ മൂന്നാംസ്ഥാനാർഥിയായേക്കും‌. കോൺഗ്രസിൽ നിന്ന്‌ എംഎൽഎമാരെ ചാക്കിട്ടുപിടിക്കാൻ ബിജെപിയെ സഹായിക്കുന്നത്‌ അമീനാണ്‌. വരുംദിവസങ്ങളിൽ കൂടുതൽ എംഎൽഎമാർ രാജിവയ്‌ക്കുമെന്ന്‌ അമീൻ പ്രഖ്യാപിച്ചു.

രാജസ്ഥാനില്‍ മൂന്നാംസ്ഥാനാർഥി

രാജസ്ഥാനിൽ എംഎൽഎമാരെ കൂട്ടത്തോടെ വിലയ്‌ക്കെടുക്കാൻ ബിജെപി പരക്കംപായുകയാണെന്ന്‌ മുഖ്യമന്ത്രി അശോക്‌ഗെഹ്‌ലോട്ട്‌ തന്നെ പറഞ്ഞു.
ഇവിടെ മൂന്നാമതൊരു സ്ഥാനാർഥിയെ രാജ്യസഭയിലേക്ക്‌ മത്സരിപ്പിക്കാനുള്ള ബിജെപിയുടെ നീക്കം വലിയ ചർച്ചയ്‌ക്ക്‌ വഴിമരുന്നിട്ടു. രാജേന്ദ്രഗെലൊട്ട്‌, ഓംകാർ ലാഘാവത്‌ എന്നിവരെ രാജ്യസഭയിലേക്ക്‌ മത്സരിപ്പിക്കുമെന്ന്‌ ബിജെപി നേരത്തെ അറിയിച്ചു. ഇതുകൂടാതെ മൂന്നാമതൊരു സ്ഥാനാർഥിയെക്കൂടി മത്സരിപ്പിക്കാനാണ്‌ നീക്കം‌. നീരജ്‌ദാംഗി, കെ സി വേണുഗോപാൽ എന്നിവരാണ്‌ കോൺഗ്രസ്‌ സ്ഥാനാർഥികൾ. 200 അംഗസഭയിൽ 107 അംഗങ്ങളുള്ള കോൺഗ്രസ്‌ രണ്ട്‌ സീറ്റും ജയിക്കാമെന്ന ആത്മവിശ്വാസത്തിലാണ്‌.

മധ്യപ്രദേശില്‍ പണ്ടേ ചോര്‍ച്ച

മധ്യപ്രദേശിൽ ജോതിരാദിത്യസിന്ധ്യയും 22 എംഎൽഎമാരും ബിജെപിയിലേക്ക്‌ ചേക്കേറിയതോടെ കോൺഗ്രസിന്റെ നില പരുങ്ങലിലായി. ബിജെപിക്ക്‌ 107 അംഗങ്ങളും കോൺഗ്രസിന്‌ 92 അംഗങ്ങളുമുണ്ട്‌. ബിജെപിയുടെ ജോതിരാദിത്യസിന്ധ്യയും സമർസിങ്‌ സോളങ്കിയും വിജയം‌ ഉറപ്പാക്കി. കോൺഗ്രസിലെ‌ ദിഗ്‌വിജയ്‌സിങ്ങിനും ജയസാധ്യതയുണ്ട്‌. എന്നാൽ, മറ്റൊരു സ്ഥാനാർഥി ഫൂൽസിങ്‌ ബരായ്‌യുടെ നില പരുങ്ങലിലാണ്‌.


പ്രധാന വാർത്തകൾ
 Top