23 August Friday

ഇതാണ‌് വേറിട്ട ബിജെപി; മന്ത്രിമാരിൽ 29 ശതമാനം കാലുമാറിവന്നവർ

സ്വന്തം ലേഖകൻUpdated: Saturday Mar 23, 2019

ന്യൂഡൽഹി> രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലെ ബിജെപി മന്ത്രിമാരിൽ 29 ശതമാനം പേരും കോൺഗ്രസ‌് ഉൾപ്പെടെയുള്ള പാർടികളിൽനിന്ന‌് കൂറുമാറി എത്തിയവർ. കോൺഗ്രസിൽനിന്ന‌് കൂറുമാറി എത്തിയവരെ 24 മണിക്കൂറിനുള്ളിൽ മന്ത്രിയാക്കിയ സംഭവവും ഉണ്ടായി.

പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ സംസ്ഥാനമായ ഗുജറാത്തിൽ ജവാഹർ ചാവ‌്ദയെയാണ‌് ഇങ്ങനെ 24 മണിക്കൂറിനുള്ളിൽ മന്ത്രിയാക്കിയത‌്. വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ അപ്രസക്തരായിരുന്ന ബിജെപിക്ക‌് കോൺഗ്രസിന്റെ അടിവേരുതോണ്ടാൻ ഒപ്പംനിന്നത‌് അവരുടെതന്നെ നേതാവും മുൻ മന്ത്രിയുമായ ഹിമന്ദ ബിശ്വ ശർമയാണ‌്. കോൺഗ്രസ‌് മുക്ത വടക്കു കിഴക്ക‌് എന്ന മുദ്രാവാക്യം ബിജെപി യാഥാർഥ്യമാക്കിയതിൽ മുഖ്യ ചുമതലക്കാരനാണ‌് ശർമ. ലോക‌്സഭാ തെരഞ്ഞെടുപ്പിന‌് മുന്നോടിയായും കോൺഗ്രസിൽനിന്നടക്കം നേതാക്കൾ ബിജെപിയിലേക്ക‌് ചേക്കേറുകയാണ‌്. ഒരു മുതിർന്ന കോൺഗ്രസ‌് നേതാവ‌ിന്റെ വരവിനുവേണ്ടിയാണ‌് പത്തനംതിട്ടയിൽ ബിജെപി സ്ഥാനാർഥിയെ പ്രഖ്യാപിക്കാത്തതെന്നും അഭ്യൂഹമുണ്ട‌്.

ബിജെപി മുഖ്യമന്ത്രിമാരുള്ള 12 സംസ്ഥാനങ്ങളിലെ 180 ബിജെപി മന്ത്രിമാരിൽ 53 പേർ മറ്റ‌് പാർടിയിൽനിന്ന‌് എത്തിയവരാണ‌്. ഇതിൽ 11 സംസ്ഥാനങ്ങളിലും ഒരു മന്ത്രിയെങ്കിലും കൂറുമാറി എത്തിയതാണ്‌. ബിഹാറുൾപ്പെടെ ബിജെപി സഖ്യകക്ഷിയായ സംസ്ഥാന സർക്കാരുകളെ പരിഗണിക്കാതെയുള്ള കണക്കാണിത‌്. ബിജെപിയുടെ സഖ്യകക്ഷികളിലേക്ക‌് ചേക്കേറിയ മറ്റു പാർടിക്കാരുടെ എണ്ണവും ഇതിൽ ഉൾപ്പെട്ടിട്ടില്ല. രാജസ്ഥാൻ, മധ്യപ്രദേശ‌്, ഛത്തീസ‌്ഗഢ‌് സംസ്ഥാനങ്ങളിൽ അധികാരം നഷ്ടപ്പെട്ട ബിജെപി ഉത്തർപ്രദേശ്‌, ഉത്തരാഖണ്ഡ‌്, ഹരിയാന എന്നിവിടങ്ങളിൽ തുടരുന്നുണ്ട‌്. ഹരിയാനയിൽ മന്ത്രിമാരും സഹമന്ത്രിമാരുമായ 14 പേരിൽ മൂന്നുപേർ മറ്റ‌് പാർടിയിൽനിന്നെത്തിയവരാണ‌്. ഉത്തരാഖണ്ഡിൽ 10ൽ അഞ്ചു മന്ത്രിമാരും ബിജെപിക്കു പുറത്തുനിന്നെത്തിയവരാണ‌്. സത‌്പാൽ മഹാരാജ‌്, ഹാരക‌് സിങ‌് റാവത്ത‌്, യശ‌്പാൽ ആര്യ തുടങ്ങിയ പ്രമുഖരും ഇതിൽ ഉൾപ്പെടും. മുൻ മുഖ്യമന്ത്രിയും മുതിർന്ന നേതാവ‌് എച്ച‌് എൻ ബഹുഗുണയുടെ മകനുമായ വിജയ‌് ബഹുഗുണ 2016ൽ നിയമസഭാ തെരഞ്ഞെടുപ്പിനുമുമ്പ‌് കോൺഗ്രസിനെ പിളർത്തിയിരുന്നു. അദ്ദേഹത്തിന്റെ സഹോദരി റിത്ത ബഹുഗുണ ജോഷി ഇപ്പോൾ യുപിയിലെ ബിജെപി മന്ത്രിയാണ‌്. യോഗി ആദിത്യനാഥ‌് മന്ത്രിസഭയിലെ അംഗങ്ങളായ സ്വാമി പ്രസാദ‌് മൗര്യ, എസ‌് പി സിങ‌് (ബിഎസ‌്പി), അനിൽ രാജ‌്ബർ (എസ‌്പി) എന്നിവരും മറ്റ‌് പാർടികളിൽനിന്നുള്ളവർ.

ത്രിപുരയിൽ നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ‌് നേതാക്കൾ കൂട്ടമായി ബിജെപിയിൽ ചേക്കേറി. ഏഴംഗ ബിജെപി മന്ത്രിസഭയിൽ നാലുപേർ (55 ശതമാനം) കോൺഗ്രസ‌് നേതാക്കളാണ‌്. രത്തൻ ലാൽ നാഥ‌്, സുധിപ‌് റോയ‌് ബർമാൻ, പ്രഞ്ജിത‌് സിൻഹ, മനോജ‌് കാന്തി ദേബ‌് എന്നിവർ. അരുണാചൽപ്രദേശിൽ മുഖ്യമന്ത്രി പെമ ഖണ്ഡു ഉൾപ്പെടെ ഒമ്പത‌് മന്ത്രിമാരും കോൺഗ്രസ‌് വിമതരാണ‌്. അസമിൽ 2016ൽ സഖ്യത്തിലൂടെ ബിജെപി ആദ്യമായി അധികാരത്തിലെത്തി. 11 അംഗ മന്ത്രിസഭയിൽ പകുതിയോളംപേർ മുൻ കോൺഗ്രസുകാർ. മുൻ മന്ത്രിയും മുതിർന്ന നേതാവുമായ ഹിമന്ദ ബിശ്വ ശർമയും ഇതിൽ ഉൾപ്പെടുന്നു. മണിപ്പുരിൽ ആറംഗ ബിജെപി മന്ത്രിസഭയിൽ മുഖ്യമന്ത്രി എൻ ബിരൺ സിങ്ങുൾപ്പെടെ അഞ്ച‌് മന്ത്രിമാരും മറ്റുപാർടിക്കാരാണ‌്. 

ഗുജറാത്തിൽ 24 അംഗ ബിജെപി മന്ത്രിസഭയിൽ ഏഴുപേർ മറ്റ‌് പാർടിക്കാരാണ‌്. ഗോവയിൽ മനോഹർ പരീക്കറിന്റെ മരണശേഷവും അധികാരം നിലനിർത്താനായെങ്കിലും മന്ത്രിമാരിൽ രണ്ടുപേർ മുൻ കോൺഗ്രസുകാരാണ‌്. വിശ്വജിത‌് റാണ, മൗവിൽ ഡോഡിഞോ എന്നിവർ. ജാർഖണ്ഡിൽ 10 അംഗ സഭയിൽ രണ്ടുപേർ മറ്റുപാർടിക്കാരാണ‌്. ഹിമാചൽപ്രദേശ‌് മന്ത്രിസഭയിൽ അംഗമായ അനിൽ ശർമ കോൺഗ്രസിൽനിന്ന‌് കളംമാറി എത്തിയതാണ‌്.


പ്രധാന വാർത്തകൾ
 Top