15 September Sunday

അവസാന ലാപ്പിൽ ബിജെപിക്ക്‌ നെഞ്ചിടിപ്പ്‌

എം പ്രശാന്ത‌്Updated: Thursday May 9, 2019

ന്യൂഡൽഹി
ലോക‌്സഭാ തെരഞ്ഞെടുപ്പിൽ ശേഷിക്കുന്ന രണ്ട‌് ഘട്ടവും ബിജെപിക്കും എൻഡിഎക്കും നിർണായകം. അടുത്ത രണ്ട‌് ഘട്ടങ്ങളിലായി 118 ലോക‌്സഭാ മണ്ഡലങ്ങളിലാണ‌് വോട്ടെടുപ്പ‌്. 2014ലെ തെരഞ്ഞെടുപ്പിൽ 118ൽ 85 സീറ്റിലും എൻഡിഎ ആണ‌് ജയിച്ചത‌്. ഇതിൽ 76ലും ജയിച്ചത‌് ബിജെപി.

ആദ്യ അഞ്ച‌് ഘട്ടങ്ങളിലായി 425 സീറ്റിൽ വോട്ടെടുപ്പ‌് പൂർത്തിയായി. ഇതിൽ എൻഡിഎക്ക്‌ 2014 ൽ ലഭിച്ചത‌് 251 സീറ്റാണ‌്. നിലവിലെ സാഹചര്യത്തിൽ  സീറ്റുനില കുറയുകയല്ലാതെ മെച്ചപ്പെടില്ല. 2014 ലേതിന‌് സമാനമായി കേവല ഭൂരിപക്ഷമെന്ന സ്വപ‌്നം ബിജെപി ഏറെക്കുറെ ഉപേക്ഷിച്ചു. തെരഞ്ഞെടുപ്പ‌് പൂർത്തിയായ 425 മണ്ഡലത്തിൽ എഴുപതോളം സിറ്റിങ‌് സീറ്റുകൾ ബിജെപിക്ക‌് നഷ്ടപ്പെടുമെന്നാണ‌് സൂചന. യുപിയിൽ തെരഞ്ഞെടുപ്പ‌് പൂർത്തിയായ 57 സീറ്റിൽ 51 ഉം ബിജെപിയുടെ സിറ്റിങ‌് സീറ്റുകളായിരുന്നു. മുപ്പതോളം സീറ്റുകൾ ബിജെപിക്ക‌് നഷ്ടപ്പെടുമെന്നാണ‌് വിലയിരുത്തൽ. യുപിയിൽ ഇനി 27 സീറ്റിലാണ‌് തെരഞ്ഞെടുപ്പ‌് പൂർത്തിയാകാനുള്ളത‌്. ഈ മണ്ഡലങ്ങളിൽ 26 ലും കഴിഞ്ഞ തെരഞ്ഞെടുപ്പിൽ വിജയിച്ചത‌് എൻഡിഎയാണ‌്.

പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ മണ്ഡലമായ വാരാണസിയൊഴികെ മറ്റിടങ്ങളിലെല്ലാം കടുത്ത വെല്ലുവിളിയാണ‌് ബിജെപിക്ക്‌. 23 മണ്ഡലത്തിൽ ബിജെപിയും മഹാസഖ്യവുമായാണ‌് ഏറ്റുമുട്ടൽ. അഖിലേഷ‌് യാദവ‌് മത്സരിക്കുന്ന അസംഗഢിൽ മഹാസഖ്യത്തിന‌് വെല്ലുവിളി  ഇല്ല. സിറ്റിങ‌് സീറ്റുകളിൽ ഇരുപതെങ്കിലും നിലനിർത്തിയാൽമാത്രമാണ‌് അടുത്ത സർക്കാർ രൂപീകരണത്തിന‌് എൻഡിഎക്ക്‌ സാധ്യത തെളിയുക. എന്നാൽ, മഹാസഖ്യം ഐക്യത്തോടെ നീങ്ങുന്നതിനാൽ 12 സീറ്റുകൾക്കപ്പുറം ബിജെപിക്ക‌് യുപിയിലെ ശേഷിക്കുന്ന മണ്ഡലങ്ങളിൽ സാധ്യതയില്ല.

ബിഹാറിൽ 16 മണ്ഡലത്തിലാണ‌് ഇനി വോട്ടെടുപ്പ‌് നടക്കാനുള്ളത‌്. ഇതിൽ 15ലും കഴിഞ്ഞ തെരഞ്ഞെടുപ്പിൽ എൻഡിഎക്കായിരുന്നു ജയം. 12ൽ ബിജെപി ജയിച്ചപ്പോൾ ഒരു സീറ്റിൽ എൽജെപിയും രണ്ട‌് സീറ്റിൽ ആർഎൽഎസ‌്പിയും ജയിച്ചു. ആർഎൽഎസ‌്പി നിലവിൽ എൻഡിഎക്കൊപ്പം ഇല്ല. അതുകൊണ്ടുതന്നെ അവർ ജയിച്ച രണ്ടുസീറ്റും നഷ്ടപ്പെടും.

പട്‌നസാഹിബിൽ കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ബിജെപി ടിക്കറ്റിൽ ജയിച്ച ശത്രുഘ‌്നൻ സിൻഹ ഇപ്പോൾ കോൺഗ്രസിലാണ‌്. കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദിന‌് കടുത്ത വെല്ലുവിളിയാണ‌് സിൻഹ ഉയർത്തുന്നത‌്. ജാർഖണ്ഡിൽ ഏഴ‌് സീറ്റിലാണ‌് ഇനി തെരഞ്ഞെടുപ്പ‌് നടക്കാനുള്ളത‌്. അഞ്ചിലും കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ബിജെപിക്കായിരുന്നു ജയം. രണ്ട‌് സീറ്റിൽ ജെഎംഎം ജയിച്ചു. കോൺഗ്രസും ആർജെഡിയും ജെഎംഎമ്മും സഖ്യത്തിൽ മത്സരിക്കുന്നതിനാൽ ജാർഖണ്ഡിലും ബിജെപിയുടെ സീറ്റുനില കുറയും. മധ്യപ്രദേശിൽ 16 സീറ്റിലാണ‌് ഇനി വോട്ടെടുപ്പ‌് ശേഷിക്കുന്നത‌്. ജ്യോതിരാദിത്യ സിന്ധ്യയുടെ ഗുണയൊഴികെ 15 സീറ്റിലും കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ബിജെപിക്കായിരുന്നു ജയം. ഭോപാലിലടക്കം കോൺഗ്രസ‌് വെല്ലുവിളി ഉയർത്തുന്ന സാഹചര്യത്തിൽ സിറ്റിങ‌് സീറ്റുകളിൽ നല്ലൊരു പങ്ക‌് ബിജെപിക്ക‌് നഷ്ടമാകും.

ഡൽഹിയിൽ ഏഴു സീറ്റിലും കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ജയം ബിജെപിക്കായിരുന്നു. എഎപിയും കോൺഗ്രസും സഖ്യം രൂപീകരിക്കാതിരുന്നത‌് ബിജെപിക്ക‌് ഗുണം ചെയ്യുമെങ്കിലും എല്ലാ സീറ്റുകളും നിലനിർത്തുക എളുപ്പമല്ല. ഹിമാചലിൽ നാല‌് സീറ്റുകളും ബിജെപിക്കൊപ്പമായിരുന്നു. ഹരിയാനയിൽ 10 ൽ ഏഴും ബിജെപി നേടി. ഈ രണ്ടിടത്തും സിറ്റിങ‌് സീറ്റുകളെല്ലാം നിലനിർത്താൻ ബിജെപിക്കാകില്ല. പഞ്ചാബിൽ കഴിഞ്ഞ തെരഞ്ഞെടുപ്പിൽ എൻഡിഎക്ക്‌ അഞ്ച‌് സീറ്റാണ‌് ലഭിച്ചത‌്. ഇത്തവണയും വലിയ മാറ്റമുണ്ടാകില്ല. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ജയിച്ച ചണ്ഡീഗഢ‌് നിലനിർത്താനും ബിജെപി പാടുപെടുകയാണ‌്. ബംഗാളിൽ തെരഞ്ഞെടുപ്പ‌് നടക്കാനുള്ള 17 സീറ്റിലും 2014 ൽ തൃണമൂലാണ‌് ജയിച്ചത‌്. ഭൂരിഭാഗം മണ്ഡലങ്ങ‌ളിലും ഇടതുപക്ഷവും തൃണമൂലുമായാണ‌് മത്സരം.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top