23 February Saturday

മെഹ്ബൂബ രാജിവച്ചു ; പിഡിപി‐ ബിജെപി സഖ്യസർക്കാർ നിലംപൊത്തി

എം പ്രശാന്ത്Updated: Wednesday Jun 20, 2018

രാജിവച്ചശേഷം മെഹ്‌ബൂബ മുഫ്‌തി മാധ്യമങ്ങളെ കണ്ടപ്പോൾ ഫോട്ടോ‐പിടിഐ

ന്യൂഡൽഹി
ജമ്മു കശ്മീരിലെ പിഡിപി‐ ബിജെപി സഖ്യസർക്കാർ നിലംപൊത്തി. പിഡിപി സഖ്യത്തിൽനിന്ന് നാടകീയമായി ബിജെപി പിൻവാങ്ങിയതോടെയാണ് സർക്കാർ വീണത്. ബിജെപി പിന്തുണ പിൻവലിച്ചതിനു പിന്നാലെ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തി ഗവർണർ എൻ എൻ വോറയെ കണ്ട് രാജി സമർപ്പിച്ചു. പിഡിപിയുമായി ചേർന്ന് സർക്കാർ രൂപീകരണത്തിനില്ലെന്ന് പ്രതിപക്ഷ പാർടികളായ നാഷണൽ കോൺഫറൻസും (എൻസി) കോൺഗ്രസും വ്യക്തമാക്കി. ജമ്മു കശ്മീരിൽ ഗവർണർ ഭരണത്തിന്‌ ശുപാർശ ചെയ്‌ത്‌ ഗവർണർ വോറ രാഷ്‌ട്രപതിയ്‌ക്ക്‌ റിപ്പോർട്‌ നൽകി. സംസ്ഥാനത്ത് ഉടൻ തെരഞ്ഞെടുപ്പ് നടത്തണമെന്ന് എൻസിയും കോൺഗ്രസും ആവശ്യപ്പെട്ടു.

ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്ത ഘട്ടത്തിൽ ഗവർണർഭരണത്തിലൂടെ കശ്മീരിനെ പൂർണനിയന്ത്രണത്തിലാക്കുകയാണ് ബിജെപിയുടെ ലക്ഷ്യം. മെഹ്ബൂബ രാജി സമർപ്പിച്ചതിനു പിന്നാലെ ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ് ഉന്നതതല യോഗം വിളിച്ച് സുരക്ഷാസ്ഥിതി വിലയിരുത്തി. അജിത‌് ദോവൽ, ഐബി ധോവി, രജീവ് ജെയിൻ തുടങ്ങിയവർ പങ്കെടുത്തു.

റമദാൻ മാസത്തിൽ പ്രഖ്യാപിച്ച വെടിനിർത്തൽ കഴിഞ്ഞ ദിവസം ഏകപക്ഷീയമായി കേന്ദ്രം പിൻവലിച്ചിരുന്നു. ഇതിനോടുള്ള വിയോജിപ്പ് പിഡിപി പരസ്യമായി പ്രകടിപ്പിച്ചു.

മുതിർന്ന മാധ്യമ പ്രവർത്തകൻ ഷുജാദ് ബുഖാരി കൊല്ലപ്പെട്ടതടക്കം ഒട്ടനവധി അനിഷ്ട സംഭവങ്ങളാണ് സമീപകാലത്ത് കശ്മീരിലുണ്ടായത്. 2016 ജൂലൈയിൽ ഹിസ്ബുൾ കമാൻഡർ ബുർഹാൻ വാനി കൊല്ലപ്പെട്ടശേഷം താഴ്വരയും അതിർത്തിയും സംഘർഷഭരിതമാണ്. കശ്മീരിൽനിന്നുള്ള ബിജെപി മന്ത്രിമാരുടെയും മുതിർന്ന നേതാക്കളുടെയും യോഗം ഡൽഹിയിൽ വിളിച്ചുചേർത്ത ദേശീയ അധ്യക്ഷൻ അമിത് ഷാ സഖ്യസർക്കാരിൽനിന്ന് പിൻവാങ്ങാനുള്ള കേന്ദ്രനേതൃത്വത്തിന്റെ തീരുമാനം അറിയിക്കുകയായിരുന്നു. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത‌് ദോവൽ ചൊവ്വാഴ്ച രാവിലെതന്നെ അമിത് ഷായെ വസതിയിലെത്തി കണ്ട് കശ്മീരിലെ സാഹചര്യങ്ങൾ വിശദീകരിച്ചിരുന്നു. ബിജെപിയുടെ കേന്ദ്ര ആസ്ഥാനത്ത് വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിൽ ദേശീയ ജനറൽ സെക്രട്ടറി റാം മാധവാണ് പിഡിപി സഖ്യത്തിൽനിന്ന് പിൻവാങ്ങുന്നതായി അറിയിച്ചത്.  മൂന്നുവർഷത്തെ ഭരണത്തിൽ കശ്മീരിനെ തൊണ്ണൂറുകളുടേതിനു സമാനമായവിധം അരക്ഷിതാവസ്ഥയിലേക്ക് തള്ളിയിട്ടശേഷമാണ് ബിജെപിയുടെ നാടകീയ പിൻവാങ്ങൽ.

നിലവിലെ സാഹചര്യത്തിൽ സഖ്യസർക്കാരിൽ തുടരുക ബിജെപിക്ക് സാധ്യമായ കാര്യമല്ലെന്നും പിഡിപിയാണ് മോശപ്പെട്ട ക്രമസമാധാന നിലയ്ക്ക് ഉത്തരവാദികളെന്നും റാം മാധവ് പറഞ്ഞു.

സഖ്യത്തിൽനിന്ന് പിൻവാങ്ങിയ ബിജെപി നടപടിയെ മെഹ്ബൂബ നിശിതമായി വിമർശിച്ചു. മറ്റേതെങ്കിലും കക്ഷിയുമായി ചേർന്ന് സർക്കാർ രൂപീകരണത്തിനില്ലെന്ന് ഗവർണറെ അറിയിച്ചിട്ടുണ്ടെന്നും വാർത്താസമ്മേളനത്തിൽ മെഹ്ബൂബ പറഞ്ഞു. തനിക്ക് ഞെട്ടലില്ല. അധികാരത്തിനുവേണ്ടിയല്ല ജനങ്ങൾക്കുവേണ്ടിയായിരുന്നു സർക്കാർ. സാന്ത്വനസ്പർശമാണ് കശ്മീരിൽ വേണ്ടത്.

അല്ലാതെ പേശീബലനയമല്ല. കശ്മീരിന് പ്രത്യേക പദവി നൽകുന്ന 370‐ാം വകുപ്പ് സംരക്ഷിക്കാൻ മൂന്നുവർഷവും ശ്രമിച്ചു. 11,000 യുവാക്കൾക്കെതിരായ കേസുകൾ പിൻവലിച്ചു. പാകിസ്ഥാനടക്കം എല്ലാവരുമായും ചർച്ച  ആഗ്രഹിച്ചു. ജനവിധി മാനിച്ച് വലിയ പാർടിയെന്ന നിലയിലാണ് ബിജെപിയുമായി കൂട്ടുകൂടിയത്‐ മെഹ്ബൂബ പറഞ്ഞു. പിഡിപിയുമായി സഖ്യത്തിനില്ലെന്ന് എൻസി നേതാവ് ഒമർ അബ്ദുള്ളയും കോൺഗ്രസ് നേതാവ് ഗുലാംനബി ആസാദും വ്യക്തമാക്കി. മെഹ്ബൂബ തലയുയർത്തി ഇറങ്ങണമെന്നായിരുന്നു താനാഗ്രഹിച്ചതെന്ന് ഒമർ പറഞ്ഞു. കശ്മീരിൽ ഏറ്റവും കൂടുതൽ സിവിലിയരും സൈനികരും കൊല്ലപ്പെട്ടത് കഴിഞ്ഞ മൂന്നുവർഷ കാലയളവിലാണെന്ന് ഗുലാംനബി ചൂണ്ടിക്കാട്ടി.
 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top