18 October Friday

ചിന്മയാനന്ദിനെതിരെ ആരോപണം : പെൺകുട്ടി ഹാജരായി; സുരക്ഷ ഒരുക്കി സുപ്രീംകോടതി

വെബ് ഡെസ്‌ക്‌Updated: Saturday Aug 31, 2019


ന്യൂഡൽഹി
ബിജെപി നേതാവ്‌ ചിൻമയാനന്ദ്‌ പീഡിപ്പിച്ചെന്ന്‌ ആരോപണമുന്നയിച്ച നിയമവിദ്യാർഥിനിക്ക്‌ മാതാപിതാക്കളുമായി കൂടിക്കാഴ്‌ചയ്‌ക്ക്‌ സുപ്രീംകോടതി അവസരമൊരുക്കി. കൂടിക്കാഴ്‌ചയ്‌ക്കുശേഷംമാത്രമേ നാട്ടിലേക്ക്‌ മടങ്ങുന്ന കാര്യത്തിൽ തീരുമാനമെടുക്കാൻ സാധിക്കൂവെന്ന്‌ പെൺകുട്ടി കോടതിയോട്‌ പറഞ്ഞു. ഇതേ തുടർന്ന്‌ രക്ഷിതാക്കളെ ഡൽഹിയിലെത്തിക്കാൻ ജസ്റ്റിസ്‌ ആർ ഭാനുമതി അധ്യക്ഷയായ ബെഞ്ച്‌ നിർദേശിച്ചു. ഇതിന്‌  ആവശ്യമായ സുരക്ഷയൊരുക്കാൻ ഡൽഹി പൊലീസ്‌ കമീഷണറോടും കൂടിക്കാഴ്‌ചയ്‌ക്ക്‌ സൗകര്യമൊരുക്കാൻ കോടതി രജിസ്‌ട്രാറോടും ആവശ്യപ്പെട്ടു. നാല്‌ ദിവസത്തേക്ക്‌ പെൺകുട്ടിയെ ഓൾ ഇന്ത്യാ വുമെൻസ്‌ കോൺഫറൻസ്‌ ഹോസ്റ്റലിൽ താമസിപ്പിക്കാനാണ്‌ കോടതിയുടെ നിർദേശം. തിങ്കളാഴ്‌ച കോടതി കേസ്‌ പരിഗണിക്കും.

വെള്ളിയാഴ്‌ച രാത്രി ജഡ്‌ജിമാരുടെ ചേംബറിൽ പ്രത്യേക സിറ്റിങ് നടത്തിയാണ്‌ ജസ്റ്റിസുമാരായ ആർ ഭാനുമതിയും എ എസ്‌ ബൊപ്പണ്ണയും പെൺകുട്ടിയുടെ ഭാഗംകേട്ടത്‌. ചിൻമയാനന്ദിനെതിരെ ആരോപണമുന്നയിച്ചതിനു പിന്നാലെ കാണാതായ പെൺകുട്ടിയെ രാജസ്ഥാനിൽ കണ്ടെത്തിയതായി ഉത്തർപ്രദേശ്‌ പൊലീസ്‌ നേരത്തെ അറിയിച്ചു. തുടർന്ന്‌, പൊലീസ്‌ യുപിയിലേക്ക്‌ കൊണ്ടുപോകാൻ നീക്കംതുടങ്ങി. വെള്ളിയാഴ്‌ച രാവിലെ വിഷയം പരിഗണിച്ച സുപ്രീംകോടതി പെൺകുട്ടിയെ ഉടൻ കോടതിമുമ്പാകെ ഹാജരാക്കാൻ യുപി സർക്കാരിനോട്‌ ഉത്തരവിട്ടു.

ഇതിനു പിന്നാലെയാണ്‌ വൈകിട്ട്‌ പെൺകുട്ടി കോടതിയിലെത്തിയത്‌. പ്രാണൻ ഭയന്നാണ്‌ ജയ്‌പുരിലേക്ക്‌ ഒളിച്ചോടിയതെന്ന്‌ അവർ മൊഴിനൽകി.
 

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top