ന്യൂഡൽഹി > സിപിഐ എം മുഖപത്രത്തിനെതിരെ വ്യാജപ്രചരണം നടത്തിയതിന് ക്ഷമ ചോദിച്ച് ബിജെപി നേതാവ്. ഇന്ത്യാ ടുഡേയുടെ ചാനൽ ചർച്ചയിലാണ് സിപിഐ എം പശ്ചിമ ബംഗാൾ സംസ്ഥാന കമ്മിറ്റിയുടെ മുഖപത്രമായ 'ഗണശക്തി'ക്കെതിരെ ബിജെപി ദേശീയ ജനറൽ സെക്രട്ടറി രാം മാധവ് ആരോപണം ഉന്നയിച്ചത്. ഗൽവാനിലെ സംഘർഷത്തിന് കാരണം ഇന്ത്യൻ സൈന്യമാണെന്ന് ഗണശക്തി റിപ്പോർട്ട് ചെയ്തുവെന്നായിരുന്നു ആരോപണം. തനിക്ക് ലഭിച്ച പത്രത്തിൽ ഇത്തരത്തിൽ വാർത്ത കണ്ടുവെന്നും രാം മാധവ് പറഞ്ഞു.
എന്നാൽ ഗണശക്തി ഇന്ത്യൻ സൈന്യത്തിനെതിരെ ഒരു വാർത്തയും പ്രസിദ്ധീകരിച്ചിരുന്നില്ല എന്നതാണ് വാസ്തവം. രാം മാധവിന്റെ നുണപ്രചരണം ചൂണ്ടിക്കാട്ടി സിപിഐ എം മുൻ എംപിയും മുതിർന്ന നേതാവുമായ മുഹമ്മദ് സലീം തന്നെ രംഗത്തെത്തി. വാട്സ്പ്പിൽ ലഭിക്കുന്ന വ്യാജ പ്രചരണമാണ് ബിജെപി നേതാവ് ഒരു ദേശീയ മാധ്യമത്തിലൂടെ ഏറ്റുപറഞ്ഞതെന്ന് മുഹമ്മദ് സലീം വിമർശിച്ചു. ഗണശക്തി പ്രസിദ്ധീകരിച്ച വാർത്ത ഇപ്പോഴും ഓൺലൈനിൽ ലഭ്യമാണെന്നും രാം മാധവിന് വേണമെങ്കിൽ പരിശോധിക്കാമെന്നും മുഹമ്മദ് സലീം ട്വിറ്ററിലൂടെ പ്രതികരിച്ചു.
ഇതിനു പിന്നാലെയാണ് രാം മാധവ് തന്റെ ഓദ്യോഗിക ട്വിറ്റർ പ്രൊഫൈലിലൂടെ ക്ഷമാപണം നടത്തിയത്. ഗണശക്തിയെക്കുറിച്ചുള്ള വാർത്ത മുതിർന്ന നേതാവ് അയച്ചു തന്നപ്പോൾ വിശ്വസിച്ച് പോയതാണെന്നും രാം മാധവ് മുഹമ്മദ് സലീമിനുള്ള മറുപടിയായി പറഞ്ഞു. താൻ വാട്സപ്പ് വാർത്തകളെ വിശ്വസിക്കുന്നില്ല. തെറ്റ് സംഭവിച്ചതിന് ക്ഷമ ചോദിക്കുന്നുവെന്നും ബിജെപി നേതാവ് പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള് വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..