21 February Thursday

വിലപേശൽ ; കർണാടകത്തിൽ കോടികൾ ഒഴുകുന്നു ; കുമാരസ്വാമി മറുതന്ത്രം മെനയുന്നു

വെബ് ഡെസ്‌ക്‌Updated: Thursday Jan 17, 2019


ന്യൂഡൽഹി
ബിജെപി കൂടാരത്തിലേക്കടുക്കുന്ന തങ്ങളുടെ ഏഴ‌് എംഎൽഎമാരെ തിരിച്ചെത്തിക്കാൻ കോൺഗ്രസ‌് ശ്രമം തുടങ്ങിയതോടെ കർണാടകത്തിൽ വിലപേശൽ ശക്തം. കൂറുമാറിയ എംഎൽഎമാരുമായി തിരക്കിട്ട ചർച്ചകളാണ‌് നടക്കുന്നത‌്.   വീണ്ടും  മനംമാറ്റം ഉണ്ടാകുന്നത‌് ഒഴിവാക്കാൻ കോൺഗ്രസ‌്–-ജെഡിഎസ‌് സഖ്യത്തിൽനിന്നും അകന്ന നാല‌് എംഎൽഎമാരെ ബിജെപി ഗോവയിലേക്ക‌് മാറ്റി. ശേഷിക്കുന്ന മൂന്നുപേർ  മുംബൈയിൽ മഹാരാഷ്ട്ര ബിജെപി മന്ത്രി രാം ഷിൻഡെയുടെ നേരിട്ടുള്ള മേൽനോട്ടത്തിലാണ‌്.

കോൺഗ്രസ‌് നിയമസഭാ കക്ഷിയോഗം 18നു ചേരാൻ തീരുമാനിച്ചതായി  കുമാരസ്വാമിയുമായി കൂടിക്കാഴ‌്ച നടത്തിയശേഷം അമരേഗൗഡ എംഎൽഎ   മാധ്യമങ്ങളോടു പറഞ്ഞു.  കൂറുമാറിയവരിൽ മുൻമന്ത്രി രമേശ‌് ജാർക്കിഹോളി, ഉമേഷ‌് ജാതവ‌് എന്നിവർ മടങ്ങിവരാൻ ഇടയില്ലെന്ന‌് നേതാക്കൾ തന്നെ പറയുന്നു. പണമൊഴുക്കിയാണ‌് എംഎൽഎമാരെ കൂറുമാറ്റിക്കാൻ ശ്രമം.

കർണാടകത്തിലെ പഞ്ചസാരക്കിണ്ണം എന്ന‌് അറിയപ്പെടുന്ന ബലാഗവി മേഖലയിലെ പ്രബലമായ ജാർക്കിഹോളി കുടുംബത്തിലെ അംഗമാണ‌് രമേശ‌്.  സഹോദരൻ സതീഷ‌് ജാർക്കിഹോളിയും കോൺഗ്രസ‌് പ്രതിനിധിയായി നിയമസഭയിലുണ്ട‌്. മറ്റൊരു സഹോദരൻ ബാലചന്ദ്ര ജാർക്കിഹോ‌ളി ബിജെപി എംഎൽഎയാണ‌്.  മുൻമുഖ്യമന്ത്രിയും കോൺഗ്രസ‌് നിയമസഭാകക്ഷി നേതാവുമായ സിദ്ധരാമയ്യയുമായി അടുപ്പം പുലർത്തുന്നവരാണ‌് രമേശും സതീഷും.

മന്ത്രി ഡി കെ ശിവകുമാർ ബലേഗാവിലെ കാര്യങ്ങളിൽ ഇടപെടുന്നത‌് അവസാനിപ്പിക്കണമെന്ന‌് രമേശും കൂട്ടരും നേരത്തെ ആവശ്യപ്പെട്ടിരുന്നു. രമേശിനെ മന്ത്രിസഭയിൽനിന്ന‌് ഒഴിവാക്കുക കൂടി ചെയ‌്തതോടെ ജാർക്കിഹോളി സംഘം കൂടുതൽ പ്രകോപിതരായി. അവസരം മുതലെടുത്ത‌് ബിജെപി ഇവരെ പാട്ടിലാക്കി. സിബിഐ–-ആദായനികുതി റെയ‌്ഡുകൾ വഴി കോൺഗ്രസ‌് എംഎൽഎമാരെ ബിജെപി ഭീഷണിപ്പെടുത്തുകയാണെന്ന‌് കോൺഗ്രസ‌് ലോക‌്സഭാ കക്ഷിനേതാവ‌് മല്ലികാർജുൻ ഖാർഗെ ഡൽഹിയിൽ പറഞ്ഞു. കർണാടകത്തിൽ ബിജെപി ഉടൻ സർക്കാർ രൂപീകരിക്കുമെന്ന് മുൻമുഖ്യമന്ത്രിയും ബിജെപി സംസ്ഥാന അധ്യക്ഷനുമായ യെദ്യൂരപ്പ അവകാശപ്പെട്ടു.

ബിജെപിയിൽനിന്ന‌് ചിലരെ പുറത്തുചാടിക്കാൻ മുഖ്യമന്ത്രി കുമാരസ്വാമിയും ശ്രമിക്കുന്നുണ്ട‌്. മന്ത്രിസ്ഥാനമാണ‌് വാഗ‌്ദാനം. ഗുരുഗ്രാമിൽ ബിജെപി എംഎൽഎമാരെ പാർപ്പിച്ചിരിക്കുന്ന റിസോർട്ടിൽ കാവൽ ശക്തമാക്കി. ബിജെപി ജനാധിപത്യത്തെ കശാപ്പുചെയ്യുകയാണെന്ന‌് ആരോപിച്ച‌് റിസോർട്ടിനു മുന്നിലും ബംഗളൂരു ബിജെപി ഓഫീസിനു മുന്നിലും യൂത്ത‌് കോൺഗ്രസുകാർ പ്രതിഷേധിച്ചു.

പണച്ചാക്കുമായി ബിജെപി മധ്യപ്രദേശിലും
ന്യൂഡൽഹി
കുതിരക്കച്ചവടത്തിലൂടെ മധ്യപ്രദേശിലും ഭരണം പിടിക്കാൻ ബിജെപി നീക്കം. ചില കോൺഗ്രസ‌് എംഎൽഎമാരേയും സ്വതന്ത്രരേയും  ബിജെപി കണ്ണുവച്ചിട്ടുണ്ട‌്.  230 അംഗ നിയമസഭയിൽ കേവലഭൂരിപക്ഷമില്ലാത്ത കോൺഗ്രസ‌് നാല‌് സ്വതന്ത്രരുടെയും രണ്ട‌്ബിഎസ‌്പി അംഗങ്ങളുടെയും ഒരു എസ‌്പിഅംഗത്തിന്റെയും പിന്തുണയിലാണ‌് ഭരിക്കുന്നത‌്.
സഭയിൽ കോൺഗ്രസിന‌് 114 ഉം ബിജെപിക്ക‌് 109 ഉം അംഗങ്ങ‌ളാണുള്ളത‌്. ആർക്കും  കേവലഭൂരിപക്ഷം നൽകാത്ത നിയമസഭാ തെരഞ്ഞടുപ്പ‌് ഫലം വന്ന ഡിസംബർ 11ന‌് സർക്കാർ രൂപീകരിക്കാൻ ബിജെപി  നീക്കങ്ങൾ നടത്തിയിരുന്നു. ബിജെപിയെ പുറത്താക്കാൻ കോൺഗ്രസിന‌്  പിന്തുണ നൽകുമെന്ന‌് ബിഎസ‌്പിയും എസ‌്പിയും നടത്തിയ  പ്രഖ്യാപനമാണ‌് അന്ന‌് നിർണായകമായത‌്. 

മധ്യപ്രദേശിലെ അട്ടിമറിനീക്കം മുതിർന്ന കോൺഗ്രസ‌് നേതാക്കൾ സ്ഥിരീകരിച്ചു. എന്നാൽ, ബിജെപി സ്വന്തം കൂടാരം സംരക്ഷിക്കുകയാണ‌് ചെയ്യേണ്ടതെന്ന‌് മുഖ്യമന്ത്രി കമൽനാഥ‌് പ്രതികരിച്ചു. എംഎൽഎമാരെ വിലയ‌്ക്കെടുക്കാൻ ബിജെപി ശ്രമിച്ചേക്കാം. എന്നാൽ, കോൺഗ്രസ‌് എംഎൽഎമാരിലും സർക്കാരിനെ പിന്തുണയ‌്ക്കുന്ന എംഎൽഎമാരിലും തനിക്ക‌് വിശ്വാസമുണ്ടെന്ന‌്  കമൽനാഥ‌് പറഞ്ഞു.


പ്രധാന വാർത്തകൾ
 Top