23 May Thursday

ബിജെപിയെ വിമർശിച്ചു: സിപിഐയുടെ സന്ദേശം ദൂരദർശൻ വെട്ടി

വെബ് ഡെസ്‌ക്‌Updated: Friday Apr 19, 2019

ന്യൂഡൽഹി
ആർഎസ്എസിനേയും ബിജെപിയേയും വിമർശിച്ചുള്ള സിപിഐയുടെ തെരഞ്ഞെടുപ്പ‌് പ്രചാരണ സന്ദേശത്തിന് ദൂരദർശൻ പ്രക്ഷേപണാവസരം നിഷേധിച്ചു. ബിജെപിക്കെതിരായ വിമർശനം ഒഴിവാക്കിയാൽ പ്രക്ഷേപണാനുമതി നൽകാമെന്ന ദൂരദർശന്റെ നിലപാട‌് സിപിഐ അംഗീകരിച്ചില്ലെന്ന‌് ദേശീയ കൗൺസിൽ അംഗവും രാജ്യസഭ എംപിയുമായ ബിനോയ‌് വിശ്വം വാർത്താസമ്മേളനത്തിൽ പറഞ്ഞു.

ബിജെപിക്കെതിരായ വിമർശനം ഒഴിവാക്കി പ്രസംഗം അവതരിപ്പിക്കേണ്ടതില്ലെന്നാണ് തീരുമാനം. സന്ദേശം നൽകുന്നതിന‌് സിപിഐക്ക് അഞ്ചുമിനിറ്റായിരുന്നു അനുവദിച്ചത്. സന്ദേശം മുൻകൂട്ടി എഴുതി നൽകിയിരുന്നു. ഇതിൽ ആർഎസ്എസിനേയും ബിജെപിയേയും വിമർശിക്കുന്ന മുഴുവൻ ഭാഗങ്ങളും ദൂരദർശൻ അധികൃതർ ഒഴിവാക്കിയശേഷമാണ‌് സന്ദേശം അവതരിപ്പിക്കാനെത്തിയ ബിനോയ് വിശ്വത്തിന് നൽകിയത്.

സംഭവത്തിൽ ദൂരദർശൻ അധികൃതരുടെ  വിശദീകരണം എഴുതി വാങ്ങിയിട്ടുണ്ടെന്നും തെരഞ്ഞെടുപ്പ് കമീഷനെ സമീപിക്കുമെന്നും ബിനോയ് വിശ്വം പറഞ്ഞു. ഇതേ പ്രസംഗം ചെറിയ മാറ്റങ്ങളോടെ ആകാശവാണി റെക്കോഡ് ചെയ്തിട്ടുണ്ടെന്നും 25ന‌് പ്രക്ഷേപണം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

സ്വതന്ത്ര സംവിധാനങ്ങളെയും സ്ഥാപനങ്ങളെയും ബിജെപി സർക്കാർ കൈയടക്കിവച്ചു നിയന്ത്രിക്കുകയാണെന്നും രാഷ്ട്രീയ വിമർശനങ്ങൾ ഇല്ലാതാക്കുന്ന നടപടി അംഗീകരിക്കാനാകില്ലെന്നും സിപിഐ ജനറൽ സെക്രട്ടറി എസ് സുധാകർ റെഡ്ഡി പറഞ്ഞു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top