21 November Thursday

പശുവിൽ സ്വർണമെന്ന്‌ ബിജെപി നേതാവ്‌; വായ്‌പ തേടി പശുവുമായി ക്ഷീരകർഷകൻ ബാങ്കിൽ

വെബ് ഡെസ്‌ക്‌Updated: Friday Nov 8, 2019

കൊൽക്കത്ത>   ‘സ്വർണം ചുരത്തുന്ന പശു’വിനെ പണയം വച്ച്‌ സ്വർണവായ്‌പ തേടി കർഷകൻ  ധനസ്ഥാപനത്തിലെത്തി. പശ്‌ചിമബംഗാളിലെ ഡാങ്കുനി ഏരിയയിലെ മണപ്പുറം ഫൈനാൻസ്‌ ഓഫീസിലേക്കാണ്‌ അമാൻ എന്ന കർഷകൻ ‘സ്വർണവായ്‌പ’ തേടിയെത്തിയത്‌. ഇന്ത്യൻ പശുക്കളുടെ പാലിൽ സ്വർണമുണ്ടെന്ന ബിജെപി നേതാവിന്റെ വാക്കുവിശ്വസിച്ചായിരുന്നു കർഷകന്റെ വായ്‌പാഅപേക്ഷ.

കഴിഞ്ഞ ദിവസം പശ്ചിമബംഗാൾ ബിജെപി അധ്യക്ഷൻ ദിലീപ്‌ ഘോഷാണ്‌ ഇന്ത്യൻ പശുക്കളുടെ പാലിൽ സ്വർണമുണ്ടെന്നും അതുകൊണ്ടാണ്‌ പാലിന്‌ ഇളംമഞ്ഞനിറമുള്ളതെന്നും പറഞ്ഞത്‌. സ്വർണവായ്‌പയ്‌ക്കുവേണ്ടിയാണ്‌ എന്റെ രണ്ടുപശുക്കളുമായി ഞാനിവിടെ വന്നിരിക്കുന്നത്‌. പശുവിൻപാലിൽ സ്വർണമുണ്ടെന്ന്‌ കഴിഞ്ഞദിവസം കേട്ടു. ഈ പശുക്കളെക്കൊണ്ടാണ്‌ കുടുംബം പുലരുന്നത്‌. നിലവിൽ 20 പശുക്കളുണ്ട്‌, വായ്‌പ കിട്ടിയാൽ കച്ചവടം കൂടുതൽ മെച്ചപ്പെടുത്താമായിരുന്നുവെന്ന്‌ കർഷകൻ പ്രാദേശികചാനലിനോട്‌ പറഞ്ഞു. 

ദിലീപ്‌ഘോഷിന്റെ ഈ വിഡ്‌ഢിത്തംകാരണം വെട്ടിലായ മറ്റൊരാൾ ഗരൽഗച്ച പഞ്ചായത്ത്‌ പ്രധാൻ മനോജ്‌സിങ്ങാണ്‌. ദിവസവും നിരവധി ക്ഷീരകർഷകരാണ്‌ എന്റെ വീട്‌ തേടി വരുന്നത്‌. എല്ലാവർക്കും അറിയേണ്ടത്‌ 15–-16 ലിറ്റർ പാൽ കറക്കുന്ന ഈ പശുക്കളെവച്ച്‌ അവർക്ക്‌ എത്ര ലോൺകിട്ടുമെന്നാണ്‌ എന്ന്‌ മനോജ്‌ സിങ്‌ പറഞ്ഞു. ഇത്തരമൊരു വിചിത്രമായ കണ്ടുപിടിത്തത്തിന്‌ ദിലീപ്‌ഘോഷിന്‌ നൊബേൽ പുരസ്‌കാരം നൽകണമെന്നും അദ്ദേഹം പരിഹസിച്ചു.
 

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top