18 June Tuesday

3 സംസ്ഥാനത്ത്‌ അട്ടിമറിനീക്കം: രാജിക്കൊരുങ്ങി പിസിസി അധ്യക്ഷൻമാർ; കോൺഗ്രസ‌് നേതൃത്വം ആശങ്കയിൽ

സ്വന്തം ലേഖകൻUpdated: Saturday May 25, 2019

ന്യൂഡൽഹി 
ബിജെപി വീണ്ടും അധികാരത്തിലെത്തിയോടെ മധ്യപ്രദേശിലെയും കർണാടകത്തിലെയും രാജസ്ഥാനിലെയും ഭരണം അട്ടിമറിക്കാനുള്ള നീക്കങ്ങൾ അണിയറയിൽ സജീവമായി. മൂന്നു സംസ്ഥാനങ്ങളിലും ഭരണം നഷ്ടപ്പെട്ടേക്കാമെന്ന കടുത്ത ആശങ്കയിലാണ‌്  കോൺഗ്രസ‌്. മധ്യപ്രദേശിൽ കോൺഗ്രസ‌് തകർന്നടിഞ്ഞതോടെ കമൽനാഥ‌് സർക്കാരിനെ അട്ടിമറിക്കാനുള്ള കരുനീക്കങ്ങൾ തുടങ്ങി.

ചിന്ദ‌്‌വാരയിൽ കമൽനാഥിന്റെ മകൻ നകുൽ ഒഴിച്ച‌് ബാക്കി 28 സീറ്റിലും കോൺഗ്രസ‌ിനെ വൻ ഭൂരിപക്ഷത്തിലാണ‌് ബിജെപി പരാജയപ്പെടുത്തിയത‌്.  പാർടിയുടെ മുഖമായി വിശേഷിപ്പിക്കപ്പെടുന്ന ജ്യോതിരാതിദിത്യ സിന്ധ്യ ഒന്നരലക്ഷത്തോളം വോട്ടിന‌് തോറ്റു. ഭോപാലിൽ മൂന്ന‌് ലക്ഷത്തിലേറെ വോട്ടിനാണ‌് പ്രഗ്യ സിങ‌് ഠാക്കൂർ ദിഗ‌്‌വിജയ‌്സിങ്ങിനെ തറപറ്റിച്ചത‌്. 230 അംഗ നിയമസഭയിൽ കോൺഗ്രസ‌്–- 114, സ്വതന്ത്രർ–- 4, ബിഎസ‌്പി–- 1, എസ‌്പി– -1 എന്നിങ്ങനെയാണ‌് കമൽനാഥ‌് സർക്കാരിന്റെ ഭൂരിപക്ഷം. 109 സീറ്റ‌് സ്വന്തമായുള്ള ബിജെപിക്ക‌് ചെറിയ ചരടുവലികൊണ്ട‌ുതന്നെ സർക്കാരിനെ മറിച്ചിടാനാകും. കോൺഗ്രസ‌് എംഎൽഎമാർ സർക്കാരിന്റെ പ്രകടനത്തിൽ അസംതൃപ‌്തരാണെന്നും അടുത്ത‌ുതന്നെ കൂറുമാറുമെന്നും ബിജെപി വൃത്തങ്ങൾ പറയുന്നു.

കർണാടകത്തിൽ 28 സീറ്റിൽ 25 എണ്ണവും ബിജെപി നേടിയതോടെ കോൺഗ്രസ‌്, ജെഡിഎസ‌് സർക്കാരിന്റെ നിലനിൽപ്പ‌ും ഭീഷണിയിലാണ‌്. മുൻ പ്രധാനമന്ത്രി ദേവഗൗഡ തുമക്കൂറിലും ലോക‌്സഭയിലെ കോൺഗ്രസ‌് നേതാവ‌ായിരുന്ന മല്ലികാർജുൻ ഖാർഗെ കലബുർഗിയിലും മുൻ കേന്ദ്രമന്ത്രി വീരപ്പമൊയ‌്‌ലി ചിക്കബല്ലാപുരിലും പരാജയപ്പെട്ടതോടെ സഖ്യം തകർച്ചയിലേക്ക‌് നീങ്ങുകയാണ‌്. 21 സീറ്റ‌് കോൺഗ്രസിനും ഏഴ‌് സീറ്റ‌് ജെഡിഎസിനുമെന്ന തെരഞ്ഞെടുപ്പ‌് ധാരണയിലാണ‌് സഖ്യം മത്സരിച്ചത‌്. ഉഡുപ്പി, ചിക‌്മഗളൂരു, ഉത്തര കന്നട, ബിജാപ്പുർ, ശിവമോഗ തുടങ്ങിയ ശക്തികേന്ദ്രങ്ങൾ ജെഡിഎസിന‌് വിട്ടുകൊടുത്തതിൽ കോൺഗ്രസിനുള്ളിൽ കടുത്ത അമർഷമുണ്ടായിരുന്നു. 

224 അംഗ സഭയിൽ കോൺഗ്രസിന‌് 80 സീറ്റും ജെഡിഎസിന‌് 37 സീറ്റുമാണുള്ളത‌്. 104 സീറ്റുള്ള ബിജെപി അട്ടിമറിനീക്കങ്ങൾ സജീവമാക്കിയിട്ട‌് മാസങ്ങളായി. കേന്ദ്രത്തിൽ അധികാരത്തിലെത്തിയാൽ സംസ്ഥാനത്തും ഭരണമാറ്റമുണ്ടാകുമെന്ന‌് ബിജെപി സംസ്ഥാന അധ്യക്ഷനും മുൻ മുഖ്യമന്ത്രിയുമായ യെദ്യൂരപ്പ പ്രസ‌്താവിച്ചിട്ടുണ്ട‌്.

രാജസ്ഥാനിൽ രണ്ടാംതവണയും 25ൽ 25 സീറ്റും ബിജെപി നേടിയതോടെ കോൺഗ്രസ‌് പരുങ്ങലിലാണ‌്. ബിജെപിയെ അനുകരിച്ച‌് വോട്ട‌് നേടാമെന്ന അശോക‌് ഗെലോട്ട‌് സർക്കാരിനുള്ള തിരിച്ചടികൂടിയാണ‌് ഫലം. അശോക‌് ഗെലോട്ടും ഉപമുഖ്യമന്ത്രി സച്ചിൻ പൈലറ്റും തമ്മിലുള്ള അധികാര വടംവലിയാണ‌് മോശ പ്രകടനത്തിന‌ു പിന്നിലെന്ന ആക്ഷേപവും ഉയർന്നിട്ടുണ്ട‌്. നിയമസഭാതെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടവരെ ലോക‌്സഭാ സ്ഥാനാർഥികളായി അവതരിപ്പിച്ചതും തിരിച്ചടിയായി. നിലവിൽ കോൺഗ്രസിന‌് 100 സീറ്റും ബിജെപിക്ക‌് 73 സീറ്റുമാണുള്ളത‌്. 13 സ്വതന്ത്രരും ബിഎസ‌്പിക്ക‌് ആറും ആർഎൽപിക്ക‌് മൂന്നും സീറ്റുണ്ട‌്. വീണ്ടും അധികാരത്തിലെത്തിയതിന്റെ ഊർജത്തിൽ ബിജെപി രാജസ്ഥാനിലും കോൺഗ്രസ‌് സർക്കാരിനെ താഴെയിറക്കാനുള്ള കരുനീക്കത്തിലാണ‌്.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top