17 September Tuesday

ലഡാക്കിൽ മാധ്യമപ്രവർത്തകർക്ക‌് ബിജെപി കോഴപ്പണം നൽകി

സ്വന്തം ലേഖകൻUpdated: Thursday May 9, 2019

ന്യൂഡൽഹി
ജമ്മു -കശ‌്മീരിലെ ലഡാക്ക‌് ലോക‌്സഭാ മണ്ഡലത്തിൽ അനുകൂലമായ തെരഞ്ഞെടുപ്പ‌് റിപ്പോർട്ടുകൾക്കായി മാധ്യമപ്രവർത്തകർക്ക‌് ബിജെപി കോഴ നൽകി. ലഡാക്ക‌് പ്രസ‌്ക്ലബ്ബിൽ വാർത്താസമ്മേളനത്തിനിടെയാണ‌് ബിജെപി നേതാക്കൾ മാധ്യമ പ്രവർത്തകർക്ക‌് 500 രൂപ നോട്ടുകളടങ്ങിയ കവർ കൈമാറിയത‌്. മാധ്യമപ്രവർത്തകർ അപ്പോൾത്തന്നെ ബിജെപി നേതാക്കളെ പ്രതിഷേധമറിയിച്ച‌് പണമടങ്ങിയ കവർ മടക്കി. ജില്ലാ വരണാധികാരിക്കും പൊലീസിനും പരാതി നൽകി. 

പ്രസ‌്ക്ലബ്ബിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ ബിജെപി നേതാക്കൾക്കെതിരായി കേസ‌് രജിസ‌്റ്റർ ചെയ്യാൻ അനുവദിക്കണമെന്ന‌് ആവശ്യപ്പെട്ട‌് പൊലീസ‌് കോടതിയെ സമീപിച്ചിട്ടുണ്ടെന്ന‌് ജില്ലാ വരണാധികാരി അവ‌്നി ലവാസ അറിയിച്ചു. അനുമതി ലഭിച്ചാലുടൻ കേസെടുക്കും.

വീഡിയോദൃശ്യങ്ങൾ പരിശോധിച്ചശേഷം പരാതിയിൽ പ്രഥമദൃഷ്ട്യാ കഴമ്പുണ്ടെന്ന‌് ബോധ്യപ്പെട്ടിട്ടുണ്ട‌്. ഇത‌് പെരുമാറ്റച്ചട്ടത്തിന്റെ ലംഘനത്തിന‌് പുറമെ ക്രിമിനൽ കുറ്റം കൂടിയാണ‌്. ബിജെപി നേതാക്കൾക്കെതിരായി മൂന്ന‌് പരാതികൾ ലഭിച്ചിട്ടുണ്ട‌്. എല്ലാ പരാതികളും ഒന്നിച്ച‌് പരിഗണിച്ചാണ‌് നടപടികളിലേക്ക‌് നീങ്ങുന്നത‌്–- അവ‌്നി ലവാസ അറിയിച്ചു. അവ‌്നി നിലവിലെ തെരഞ്ഞെടുപ്പ‌് കമീഷനംഗം അശോക‌് ലവാസയുടെ മകളാണ‌്.

ജമ്മു കശ‌്മീർ ബിജെപി അധ്യക്ഷൻ രവീന്ദർ റെയ‌്ന, എംഎൽസി വിക്രം രന്ദാവ എന്നിവർക്കെതിരായാണ‌് പ്രസ‌്ക്ലബ‌് വരണാധികാരിക്ക‌് പരാതി നൽകിയത‌്. ആക്ഷേപം അടിസ്ഥാനരഹിതമെന്നാണ‌് ബിജെപി നിലപാട‌്. പ്രതിരോധ മന്ത്രി നിർമല സീതാരാമൻ ലഡാക്കിൽ പൊതുയോഗത്തിന‌് എത്തിയിരുന്നുവെന്നും അതിനുള്ള ക്ഷണക്കത്തുകളാണ‌് കവറിൽ മാധ്യമപ്രവർത്തകർക്ക‌് നൽകിയതെന്നും റെയ‌്ന അവകാശപ്പെട്ടു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top