20 February Wednesday
ചൊവ്വാഴ‌്ച മുതൽ സിപിഐഎം നേതൃത്വത്തിൽ സീതാമാർഹിയിൽ കൂടുതൽ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കാൻ പോവുകയാണ്

ബീഹാറിൽ സിപിഐ എം ഭൂസമരത്തിനുനേരെ ബോംബേറ‌്: പൊള്ളലേറ്റ പ്രവർത്തക മരിച്ചു

വെബ് ഡെസ്‌ക്‌Updated: Monday Jan 21, 2019

പാറ്റ‌്ന > ബീഹാറിലെ സീതാമർഹിയിൽ സിപിഐ എം നേതൃത്വത്തിൽ നടക്കുന്ന ദളിതർക്കായുള്ള ഭൂപ്രക്ഷോഭത്തിന് നേരെ ഭൂമാഫിയ നടത്തിയ ബോംബേറിൽ പൊള്ളലേറ്റ നേതാവ‌് വൃന്ദ സാഹ്നി മരിച്ചു. നൂറ‌് ശതമാനം പൊള്ളലേറ്റ വൃന്ദ ഞായറാഴ‌്ച പകൽ പാറ്റ‌്ന മെഡിക്കൽ കോളേജിൽ വച്ചാണ‌് മരിച്ചത‌്. കഴിഞ്ഞ 16നാ‌ണ‌് സമരക്കാർക്കുനേരെ ബോംബേറുണ്ടായത‌്. സാരമായി പൊള്ളലേറ്റ സമരനേതാവ്‌ അനാമിക ദേവി ചികിത്സയിലാണ്‌.

ബീഹാറിലെ മിഥില റീജിയണിൽപ്പെടുന്ന സീതാമാർഹി ജില്ലയിലാണ‌് സിപിഐഎമ്മിന്റെ നേതൃത്വത്തിൽ 361 ഭൂരഹിത ദലിത‌് കർഷക കുടുംബങ്ങൾ കാലങ്ങളായി താമസിക്കുന്ന 10 ഏക്കർ മിച്ചഭൂമി പതിച്ചുനൽകണമെന്നാവശ്യപ്പെട്ട‌് പ്രക്ഷോഭം നടത്തുന്നത‌്. നിതീഷ‌് കുമാർ സർക്കാർ ഇവർക്ക‌് ഭൂമി പതിച്ചുനൽകാമെന്ന‌് വാഗ‌്ദാനം നൽകിയിരുന്നെങ്കിലും പാലിക്കാത്തതിനെത്തുടർന്നാണ‌് സമരം തുടങ്ങിയത‌്. രുന്നി സൈദ്പൂർ വില്ലേജിലുള്ള 10 ഏക്കർ മിച്ചഭൂമിക്ക‌് പട്ടയം നൽകാതിരുന്നതിനുപുറമേ വർഷങ്ങളായി ഇവിടെ താമസിച്ചുവരുന്ന തൊഴിലാളികളെ ബലം പ്രയോഗിച്ച് ഒഴിപ്പിക്കാനുള്ള ശ്രമവും  നിതീഷ് കുമാർ സർക്കാർ നടത്തി. തുടർന്നാണ് മിച്ചഭൂമി ദളിതർക്ക് എഴുതി നൽകണമെന്നാവശ്യപ്പെട്ട് സിപിഐ എം, അഖിലേന്ത്യാ കിസാൻ സഭ (എഐകെഎസ‌്), അഖിലേന്ത്യാ കർഷക തൊഴിലാളി യൂണിയൻ (എഐഎഡബ്ല്യൂയു) എന്നിവയുടെ നേതൃത്വത്തിൽ സമരം ശക്തിപ്പെട്ടത്. 2003 മുതൽ ബിജെപി–-നിതീഷ‌് കുമാർ സർക്കാരുകൾ ഇവിടത്തെ കുടുംബങ്ങളെ കുടിയൊഴിപ്പിക്കാൻ ശ്രമം നടത്തുന്നുണ്ട്‌.

ജനുവരി 11 മുതൽ 316 കുടുംബങ്ങളിലെ 51 പേർ നിരാഹാര സമരത്തിലായിരുന്നു. നിരാഹാര സമരത്തിന്റെ ആറാം ദിവസം 16 നാണ് ഭൂമാഫിയസംഘം സമരക്കാർക്കെതിരെ പെട്രോൾ ബോംബെറിഞ്ഞത്. സ്‌ത്രീകൾക്കും കുട്ടികൾക്കും ഉൾപ്പെടെ നിരവധിപേർക്ക്‌ പൊള്ളലേറ്റു. നൂറുശതമാനം പൊള്ളലേറ്റ വൃന്ദയെ സ്വകാര്യ ആശുപത്രിയിലും പിന്നീട‌് പാറ്റ‌്ന മെഡിക്കൽ കോളേജിലും ചികിത്സിച്ചെങ്കിലും രക്ഷിക്കാനായില്ല. സിപിഐ എം ബീഹാർ സംസ്ഥാന സെക്രട്ടറി ആവധേഷ‌്കുമാർ ആശുപത്രിയിലെത്തി വൃന്ദയ‌്ക്ക് അന്തിമോപചാരം അർപ്പിച്ചു.

ദലിത് കുടുംബങ്ങളെ കുടിയൊഴിപ്പിക്കാനനുവദിക്കില്ലെന്ന് പ്രഖ്യാപിച്ച് ചൊവ്വാഴ‌്ച മുതൽ സിപിഐഎം നേതൃത്വത്തിൽ സീതാമാർഹിയിൽ കൂടുതൽ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കാൻ പോവുകയാണ്.

മറ്റു വാർത്തകൾ

 Top