17 November Sunday
മസ‌്തിഷ്കവീക്കം- പടരുന്നു

ബിഹാറിലെ കുട്ടികളുടെ കൂട്ടമരണം: സർക്കാരുകൾ പ്രതിക്കൂട്ടിൽ

പി ആര്‍ ചന്തുകിരണ്‍Updated: Wednesday Jun 19, 2019

ന്യൂഡൽഹി
ബിഹാറിൽ കുട്ടികളെ കൂട്ടമരണത്തിലേക്ക‌് നയിച്ചത‌് കേന്ദ്ര–സംസ്ഥാന സർക്കാരുക‌ളുടെ നിസ്സംഗതയും പിടിപ്പുകേടും.  രണ്ട‌ു പതിറ്റാണ്ടിലേറെയായി കൂട്ടമരണത്തിന‌് ഇടയാക്കുന്ന രോഗത്തിന്റെ മൂലകാരണം എന്താണെന്ന‌് ഇതുവരെ കണ്ടെത്തിയിട്ടില്ല. മസ‌്തിഷ്കവീക്കത്തിന‌് ഇടയാക്കുന്ന വൈറസിനെക്കുറിച്ചുള്ള ഗവേഷണം ഏകോപിപ്പിക്കാൻ ആധുനിക ലാബ‌് വേണമെന്ന ആവശ്യവും നടപ്പായില്ല.

മുസഫർപുർ, വൈശാലി, ഈസ്റ്റ് ചമ്പാരൻ തുടങ്ങി 12 ജില്ലയിലാണ‌് രോഗം വ്യാപകം. മസ‌്തിഷ്കവീക്കം ഗുരുതരമായി ബാധിച്ച മുസഫർപുരിൽ 1995ലാണ‌് രോഗം തിരിച്ചറിഞ്ഞത‌്. അതിനുശേഷം എല്ലാ വർഷവും മരണം ഉണ്ടായി. 2014ൽ 1026 പേർക്കും 2015ൽ 390 പേർക്കും മസ‌്തിഷ്കവീക്കം ബാധിച്ചു. 2015ൽ 35 കുട്ടികളും 2016ൽ നാലു കുട്ടികളും 2017ൽ 11 കുട്ടികളും മരിച്ചെന്ന‌് ആരോഗ്യവകുപ്പിന്റെ കണക്കുകൾ. കൂടുതൽ കുട്ടികളുടെയും മരണത്തിന‌് ഇടയാക്കിയത‌് ഹൈപ്പോ ഗ്ലൈസീമിയ ആണെന്നാണ‌് ആരോഗ്യവകുപ്പ‌് പറയുന്നത‌്. എന്നാൽ, മസ‌്തിഷ്കവീക്കത്തിന്റെ  ഭാഗമായ ഒരു ഡസൻ രോഗങ്ങളിൽ ഒന്നാണ‌് ഹൈപ്പോ ഗ്ലൈസീമിയ. ഇത‌് ബാധിച്ചാൽ രക്തത്തിലെ പഞ്ചസാരയുടെ അ‌ളവ‌് വൻതോതിൽ കുറയും. പോഷകാഹാരക്കുറവ‌ുള്ള കുട്ടികൾക്ക‌് ഈ  സാഹചര്യം തരണംചെയ്യാനാകില്ല. ഈ വെല്ലുവിളി അംഗീകരിക്കാനും പ്രതിവിധി കാണാനും സർക്കാർ മടിച്ചുനിൽക്കുകയാണ‌്. മസ‌്തിഷ്കവീക്കം പ്രതിരോധിക്കാൻ യുനിസെഫിന്റെ മാർഗനിർദേശങ്ങൾ പാലിക്കുന്നതിൽ ഈവർഷം ഗുരുതര വീഴ‌്ചവന്നെന്ന‌് ആരോഗ്യമേഖലയിലെ വിദഗ‌്ധർ ചൂണ്ടിക്കാട്ടുന്നു. 

‘സയൻസ‌് ഡയറക്ട‌്’ ജേർണൽ പ്രസിദ്ധീകരിച്ച പഠനറിപ്പോർട്ട‌് പോഷകാഹാരക്കുറവും സാമൂഹ്യ പിന്നോക്കാവസ്ഥയുമാണ‌് രോഗകാരണമെന്ന‌് വ്യക്തമാക്കുന്നു. മുസഫർപുരിൽ 135 കുട്ടികളെ കേന്ദ്രീകരിച്ചാണ‌് പഠനം നടത്തിയത‌്. ഇതിൽ 123 കുട്ടികളും പട്ടികജാതി, പട്ടികവർഗം, ഒബിസി വിഭാഗങ്ങളിൽ പെട്ടവരാണ‌്. 100 കുട്ടികളുടെ കുടുംബങ്ങൾ നിരക്ഷരരാണ‌്. ഭൂരിപക്ഷം കുട്ടികൾക്കും ശുചിത്വത്തെക്കുറിച്ച‌് ധാരണയില്ല.


പ്രധാന വാർത്തകൾ
 Top