02 December Wednesday

ബിഹാർ മാറ്റത്തിന്‌ വിധിയെഴുതും; ദുർഭരണത്തിൽനിന്ന്‌ ബിഹാർ മോചിതമാകും: ഇടതുപക്ഷം

വെബ് ഡെസ്‌ക്‌Updated: Friday Oct 30, 2020


പട്‌ന
ബിഹാറിലെ ജനങ്ങൾ മാറ്റത്തിനായി വിധിയെഴുതിക്കഴിഞ്ഞുവെന്ന്‌ മഹാസഖ്യത്തിന്റെ ഭാഗമായ ഇടതുപക്ഷ പാർടികളുടെ ദേശീയ നേതാക്കൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഒന്നാംഘട്ടം വോട്ടെടുപ്പ്‌ പൂർത്തിയായ മേഖലകളിൽനിന്ന്‌ മഹാസഖ്യത്തിന്‌ അനുകൂലമായ പ്രതികരണമാണ്‌ ലഭിക്കുന്നതെന്ന്‌ സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. അടുത്ത ഘട്ടങ്ങളിലും ഈ പ്രവണത തുടരും. മോഡിയും നിതീഷും ഒരേപോലെ ജനങ്ങളെ വഞ്ചിച്ചു. ഇരുവർക്കുമെതിരായ വിധിയെഴുത്താകും തെരഞ്ഞെടുപ്പ്‌ ഫലം.

മോഡിക്കെതിരായാണ്‌ കഴിഞ്ഞ തെരഞ്ഞെടുപ്പിലും ബിഹാറുകാർ വിധിയെഴുതിയത്‌. എന്നാൽ, നിതീഷ്‌ പിന്നീട്‌  വഞ്ചന കാട്ടി. ഇത്‌ ജനങ്ങളുടെ മനസ്സിലുണ്ട്‌. രണ്ടു കോടി തൊഴിലാണ്‌ മോഡി വാഗ്‌ദാനം ചെയ്‌തത്‌. എന്നാൽ, അടച്ചിടൽ കാലയളവിൽ 15 കോടിയിലേറെ പേർക്ക്‌ തൊഴിൽ നഷ്ടമായി. ജനജീവിതം ദുസ്സഹമായി. തൊഴിൽ നഷ്ടമായി മറ്റ്‌ സംസ്ഥാനങ്ങളിൽനിന്ന്‌ മടങ്ങിയെത്തിയ തൊഴിലാളികളോട്‌ ബിഹാർ സർക്കാരും കേന്ദ്രവും ഒരേപോലെ ദ്രോഹം കാട്ടി. വർഗീയ വിഷയങ്ങളല്ലാതെ മറ്റൊന്നും പ്രധാനമന്ത്രിക്ക്‌ പറയാനില്ല.

മുഖ്യമന്ത്രിക്കെതിരായി തെരഞ്ഞെടുപ്പ്‌ യോഗങ്ങളിൽത്തന്നെ ജനരോഷമുയരുകയാണ്‌. 10 ലക്ഷം തൊഴിലടക്കം മഹാസഖ്യം മുന്നോട്ടുവച്ച ജനപക്ഷ അജൻഡ വോട്ടർമാർ ഏറ്റെടുത്തുകഴിഞ്ഞു–- യെച്ചൂരി പറഞ്ഞു.

ഇടതുപക്ഷംകൂടി ഉൾപ്പെടുന്ന വിശ്വസനീയമായ ഒരു പുതിയ ബദൽ ബിഹാറിൽ യാഥാർഥ്യമാകുമെന്ന്‌ സിപിഐ ജനറൽ സെക്രട്ടറി ഡി രാജയും സിപിഐ എംഎൽ പൊളിറ്റ്‌ബ്യൂറോ അംഗം കവിതാ കൃഷ്‌ണനും പറഞ്ഞു. ദുർഭരണത്തിൽനിന്ന്‌ ബിഹാർ മോചിതമാകും.  ദേശീയ രാഷ്ട്രീയത്തിൽ ഒരു ദിശാമാറ്റത്തിന്‌ ബിഹാർ വേദിയാകുമെന്നും ഇരുവരും പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top