13 October Sunday

ഡൽഹിയിൽ വൻ മയക്കുമരുന്ന് വേട്ട; 500 കിലോ കൊക്കെയ്ൻ പിടികൂടി

വെബ് ഡെസ്‌ക്‌Updated: Wednesday Oct 2, 2024


ന്യൂഡൽഹി
ഡൽഹിയിൽ 2000 കോടി രൂപയിലധികം വിലമതിക്കുന്ന 565 കിലോ കൊക്കെയ്‌ൻ പിടിച്ചു. തെക്കൻ ഡൽഹിയിലെ മഹിപാൽപുർ എക്‌സ്‌റ്റൻഷൻ മേഖലയിൽ നടന്ന വൻ ലഹരിവേട്ടയിൽ നാലുപേർ അറസ്‌റ്റിലായി. ചൊവ്വാഴ്‌ച്ച രാത്രി രഹസ്യവിവരത്തെ തുടർന്ന്‌ ഇവിടുത്തെ ഗോഡൗണിൽ പൊലീസ്‌ റെയ്‌ഡ്‌ ചെയ്യുകയായിരുന്നു. വിദേശത്ത്‌ നിന്നും എത്തിക്കുന്ന ലഹരിമരുന്ന്‌ ഡൽഹിയിലും രാജ്യത്തിന്റെ വിവിധഭാഗങ്ങളിലേക്കും വിതരണം ചെയ്‌തിരുന്നത്‌ ഇവിടെ നിന്നാണെന്ന്‌ ഡൽഹി പൊലീസ്‌ സ്‌പെഷ്യൽ സെൽ അഡീഷണൽ കമീഷണർ പ്രമോദ്‌സിങ് ഖുശ്‌വാഹ അറിയിച്ചു. വസന്ത്‌വിഹാർ സ്വദേശി തുഷാർ ഗോയൽ, സഹായികളായ ഹിമാൻശു, ഔറംഗസേബ്‌, ലഹരിമരുന്ന്‌ വാങ്ങാനെത്തിയ ഭരത്‌ ജെയിൻ എന്നിവരാണ്‌ പിടിയിലായത്‌.

പബ്ലിഷിങ് കമ്പനി ഉടമ തുഷാർ ഗോയലാണ്‌ ലഹരിമരുന്ന്‌ വിതരണസംഘത്തിലെ മുഖ്യ സൂത്രധാരൻ. ഇയാളിൽനിന്നും 50 കിലോ കൊക്കെയ്‌ൻ വാങ്ങി ഡൽഹിയിലെ ഹോട്ടലുകളിലും പബ്ബുകളിലും വിതരണം ചെയ്യാനായിരുന്നു ഭരത്‌ ജെയിനിന്റെ പദ്ധതി. ലഹരിമരുന്ന്‌ ശൃംഖലയെ നിയന്ത്രിക്കുന്നവർ ദുബൈയിലാണെന്ന്‌ പൊലീസ് സംശയിക്കുന്നു. രാജ്യതലസ്ഥാനത്തെ ഏറ്റവും വലിയ ലഹരിമരുന്ന്‌ വേട്ടയാണിതെന്നാണ് റിപ്പോര്‍ട്ട്.

ഞായറാഴ്‌ച്ച ഡൽഹി തിലക്‌നഗർ മേഖലയിൽ നിന്നും 400 ഗ്രാം ഹെറോയിനും 160 ഗ്രാം കൊക്കെയ്‌നുമായി രണ്ട്‌ അഫ്‌ഗാൻ സ്വദേശികൾ അറസ്‌റ്റിലായി. ഡൽഹി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ലൈബീരിയൻ സ്വദേശിയിൽ നിന്നും 24 കോടി വില മതിക്കുന്ന 1,660 ഗ്രാം കൊക്കെയ്‌നും പിടികൂടി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top