20 September Friday

ഭീമ കൊറേഗാവ് സംഭവം; മലയാളി പ്രൊഫസറുടെ വീട്ടിൽ റെയ്‌ഡ്‌

വെബ് ഡെസ്‌ക്‌Updated: Wednesday Sep 11, 2019

ന്യൂഡൽഹി > ഭീമ കൊറേഗാവ് കേസുമായി ബന്ധപ്പെട്ട്‌ ഡൽഹി സർവകലാശാലയിലെ മലയാളി അധ്യാപകന്റെ വീട്ടിൽ പുണെ പൊലീസ്‌ റെയ്‌ഡ്‌ നടത്തി. അധ്യാപക ദമ്പതികളായ ഹനി ബാബുവിന്റെയും ജെന്നി റൊവേനയുടെയും നോയ്‌ഡയിലെ വീട്ടിലാണ് ചൊവ്വാഴ്‌ച റെയ്ഡ് നടത്തിയത്. അതേസമയം, ഭീമ കൊറേഗാവ്‌ കേസിലല്ല 2017ലെ എല്‍ഗാര്‍ പരിഷത്ത്‌ കേസിലാണ്‌ റെയ്‌ഡ്‌ നടത്തിയതെന്ന്‌ പുണെ അസിസ്റ്റന്റ് കമീഷണര്‍ ശിവജി പവാര്‍ പറയുന്നു. ചൊവ്വാഴ്‌ച പുലര്‍ച്ചെ ആറരയ്ക്ക് തുടങ്ങിയ പരിശോധന ആറ് മണിക്കൂര്‍ നീണ്ടു. പുസ്തകങ്ങളും ലാപ് ടോപ്പും ഫോണും ഹാര്‍ഡ് ഡിസ്‌കും പെൻ ഡ്രൈവുകളും പിടിച്ചെടുത്തുവെന്ന് ജെനി റൊവാന പറഞ്ഞു.

ഹനി ബാബുവിന് ഭീമ കൊറേഗാവ് കേസില്‍ ബന്ധമുണ്ടെന്നാണ് പുണെ പൊലീസിന്റെ വാദം. ഈ കേസിൽ മലയാളിയായ റോണാ വിൽസൺ ഉൾപ്പെടെ വിചാരണയിലാണ്. ഭീമ കൊറേഗാവ്‌ പോരാട്ടത്തിന്റെ ഇരുനൂറാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി മഹാരാഷ്ട്രയിൽ ദളിത്‌ സംഘടനകൾ 2017 ഡിസംബര്‍ 31ന് എല്‍ഗാര്‍ സംഗമം സംഘടിപ്പിച്ചു. നരേന്ദ്ര മോഡി സര്‍ക്കാരിന്റെ നയങ്ങളില്‍ എതിര്‍പ്പുള്ള നിരവധി പേർ  പങ്കെടുത്തു. ഇതില്‍ പങ്കെടുത്തവരുടെ  പ്രസംഗങ്ങള്‍ കൊറെഗാവ്‌ ഭീമ ഗ്രാമത്തില്‍ കലാപം ഇളക്കിവിട്ടുവെന്നാണ്‌ പൊലീസ്‌ കേസ്‌.


പ്രധാന വാർത്തകൾ
 Top