20 June Thursday

ബംഗാളിൽ 8 മണ്ഡലം ഇന്ന്‌ ബൂത്തിലേക്ക്‌

ഗോപിUpdated: Sunday May 12, 2019

കൊൽക്കത്ത > ബംഗാളിൽ എട്ടു മണ്ഡലത്തിൽ ഞായറാഴ്‌ച വോട്ടെടുപ്പ്. പശ്ചിമ–-പൂർവ മെദിനിപുർ, ബാങ്കുറ ജില്ലകളിൽപ്പെട്ട താംലുക്ക്, കാന്തി, ഘട്ടാൽ, പുരുളിയ, ബാങ്കുറ, ജാർഗ്രാം, മെദിനിപുർ, ബിഷ്ണുപുർ  എന്നിവിടങ്ങളിലാണ്‌ വോട്ടെടുപ്പ്‌. ഇടതുമുന്നണി, തൃണമൂൽ കോൺഗ്രസ്, ബിജെപി എന്നീ കക്ഷികൾ തമ്മിൽ ശക്തമായ ത്രികോണമത്സരമാണ് ഇവിടങ്ങളിൽ. 
കോൺഗ്രസും എല്ലാ മണ്ഡലത്തിലും  സ്ഥാനാർഥികളെ നിർത്തിയിട്ടുണ്ടെങ്കിലും ഒരു ചലനവും സൃഷ്ടിക്കാൻ കഴിഞ്ഞിട്ടില്ല.

സിപിഐ എം അഞ്ചിടത്തും സിപിഐ രണ്ടിടത്തും ഫോർവേഡ് ബ്ലോക്ക് ഒരുസീറ്റിലും  മത്സരിക്കുന്നു. സിപിഐ എം കേന്ദ്ര കമ്മിറ്റിയംഗം അമിയപത്ര, സംസ്ഥാന കമ്മിറ്റിയംഗവും ആദിവാസി–-മഹിളാ നേതാവുമായ ദേബലീന ഹേംബ്രാം, തൃണമൂൽ നേതാവും മന്ത്രിയുമായ സുബ്രത മുഖർജി, ബിജെപി സംസ്ഥാന പ്രസിഡന്റ് ദിലീപ് ഘോഷ് എന്നിവരാണ് മത്സര രംഗത്തുള്ള പ്രമുഖർ. മുൻ പൊലീസ് സൂപ്രണ്ടും മാവോയിസ‌്റ്റ്‌ വേട്ടയ‌്ക്കായി പ്രത്യേകമായി മമത നിയോഗിക്കുകയും ചെയ്തിരുന്ന ഭാരതി ഘോഷ് ബിജെപിക്കുവേണ്ടി ഘട്ടാലിൽ മത്സരരംഗത്തുണ്ട്.
എല്ലാ മണ്ഡലത്തിലും ഇടതുമുന്നണി പ്രചാരണത്തിൽ വൻതോതിൽ ജനങ്ങൾ അണിനിരന്നു. അതേസമയം, മുമ്പൊരിക്കലുമില്ലാത്ത തരത്തിൽ വർഗീയവികാരം ഇളക്കിവിട്ടുള്ള പ്രചാരണമാണ് ബിജെപിയും തൃണമൂലും നടത്തിയത്. പ്രചാരണത്തോടനുബന്ധിച്ച് വ്യാപകമായ അക്രമം മിക്ക മണ്ഡലത്തിലും അരങ്ങേറി. നിരവധി ഇടതുമുന്നണി പ്രവർത്തകർക്ക് പരിക്കേറ്റു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top