27 June Thursday

ബംഗാളിൽ ഒരാഴ്‌ചക്കിടെ കൊല്ലപ്പെട്ടത്‌ എട്ടുപേർ; തൃണമൂൽ, ബിജെപി ബോംബേറിൽ രണ്ട്‌ വഴിയാത്രക്കാർ മരിച്ചു

ഗോപിUpdated: Thursday Jun 13, 2019

കൊൽക്കത്ത > ബംഗാളിൽ തൃണമൂൽ–-ബിജെപി സംഘർഷം രൂക്ഷമായി തുടരുന്നു. അക്രമത്തിൽ മൂന്നുപേർ കൂടി  കൊല്ലപ്പെട്ടു. ഒരാഴ്ചയ്‌ക്കിടെ കൊല്ലപ്പെട്ടവരുടെ എണ്ണം എട്ടായി. ബാരക്പൂർ ലോക‌്സഭാ മണ്ഡലത്തിൽപ്പെട്ട കാക്കിനാഡയിൽ തൃണമൂലുകാരും ബിജെപിക്കാരും നടത്തിയ ബോംബേറിൽ മുഹമ്മദ് മുസ്താക്കിം (65), മുഹമ്മദ് ഹലിം എന്നീ രണ്ട‌് വഴിയാത്രക്കാർ കൊല്ലപ്പെട്ടു. കൊല്ലപ്പെട്ടവർ തങ്ങളുടെ പ്രവർത്തകരാണെന്ന‌് തൃണമൂൽ അവകാശവാദമുന്നയിച്ചങ്കിലും അവർക്ക് ഒരു പാർടിയുമായും  ബന്ധമുണ്ടായിരുന്നില്ലെന്ന‌് കുടുംബാംഗങ്ങൾ പറഞ്ഞു.

കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളെ സിപിഐ എം സംസ്ഥാന കമ്മിറ്റിയംഗം ഗാർഗി ചാറ്റർജിയും മറ്റ‌് നേതാക്കളും സന്ദർശിച്ചു. സമാധാനം നിലനിർത്താൻ നടപടിയെടുക്കണമെന്നും കൊല്ലപ്പെട്ട നിരപരാധികളുടെ കുടുബാംഗങ്ങൾക്ക് ധനസഹായം നൽകണമെന്നും ഗാർഗി ചാറ്റർജി ആവശ്യപ്പെട്ടു.

ബർദ്വമാൻ പൂർവ ജില്ലയിലെ ഗൽസീതേയിൽ ചൊവ്വാഴ്ച രാത്രി നടന്ന ഏറ്റുമുട്ടലിൽ തൃണമൂലുകാരൻ ജയ്ദേബ് റായ് (52) കൊല്ലപ്പെട്ടു. തെരഞ്ഞെടുപ്പിനുശേഷം സംസ്ഥാനത്തൊട്ടാകെ വൻ അക്രമമാണ് അരങ്ങേറുന്നത‌്. തൃണമൂലും ബിജെപിയും പരസ്പരം ഏറ്റുമുട്ടുന്നതിനൊപ്പം ഇടതുമുന്നണി പ്രവർത്തകർക്കുനേരെയും ആക്രമണം നടത്തുന്നു. വിവിധ സ്ഥലങ്ങളിലായി ഇതുവരെ 14 പേർ കൊല്ലപ്പെട്ടു. ഇതിൽ മൂന്നുപേർ സിപിഐ എം പ്രവർത്തകരാണ്.

കൊൽക്കത്തയിൽ പൊലീസ് ആസ്ഥാനമായ ലാൽബസാറിലേക്ക്  ബിജെപി സംഘടിപ്പിച്ച മാർച്ച് അക്രമാസക്തമായി. പൊലീസ് ലാത്തിയും   കണ്ണീർവാതകവും പ്രയോഗിച്ചു. നിരവധി പേർക്ക് പരിക്കേറ്റു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top