27 June Thursday

ബംഗാളിൽ മമതക്ക്‌ തിരിച്ചടി; ബിജെപിക്ക‌് നേട്ടം

വെബ് ഡെസ്‌ക്‌Updated: Thursday May 23, 2019

കൊൽക്കത്ത> എല്ലാ വർഗീയ ശക്തികളെയും കൂട്ടുപിടിച്ച‌്  ഇടതുപക്ഷ സർക്കാരിനെ തകർത്ത  തൃണമൂൽ കോൺഗ്രസിനും മമതയ‌്ക്കും ഒടുവിൽ തെരഞ്ഞെടുപ്പിൽ തിരിച്ചടി. 42ൽ 22 സീറ്റിലേക്കൊതുങ്ങി തൃണമൂൽ. 2014ലെ തെരഞ്ഞെടുപ്പിനേക്കാൾ 12 സീറ്റ‌് കുറവ‌്. ബിജെപി രണ്ടിൽനിന്ന‌് 18 ആയി സീറ്റുകളുടെ എണ്ണം വർധിപ്പിക്കുകയും ചെയ‌്തു. ഇടതുമുന്നണിക്ക‌് സീറ്റൊന്നും ലഭിച്ചില്ല. കോൺഗ്രസിന്റെ സീറ്റ‌് നാലിൽനിന്ന‌് രണ്ടായി കുറഞ്ഞു. 2021ലെ തെരഞ്ഞെടുപ്പോടെ അധികാരത്തിലെത്തുകയെന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന ബിജെപി ലോക‌്സഭാ തെരഞ്ഞെടുപ്പിൽ മികച്ച പ്രകടനം നടത്തിയത‌് തൃണമൂലിനെ മാത്രമല്ല, ജനാധിപത്യശക്തികളെയും ആശങ്കയിലാഴ‌്ത്തുന്നു.

2014ൽ തൃണമൂൽ ജയിച്ച ആലിപ്പുർദ്വാർ, കൂച്ച‌് ബിഹാർ, ജൽപായ‌്ഗുരി, ബേലൂർഹട്ട‌്, റാണാഘട്ട‌്, ബൻഗാവ‌്, ഹുഗ്ലി, ഝാർഗ്രാം, മേദിനിപുർ, ബാങ്കുറ, ബിഷ‌്ണുപുർ, പുരുളിയ, ബർധമൻ, ദുർഗാപുർ എന്നീ മണ്ഡലങ്ങൾ ബിജെപി പിടിച്ചെടുത്തു. മമതാ സർക്കാരിന്റെ അഴിമതിക്കും തൃണമൂൽ പ്രവർത്തകരുടെ അക്രമത്തിനും ജനാധിപത്യ ധ്വംസനത്തിനുമെതിരായ ബംഗാളിന്റെ വിധിയെഴുത്താണിത‌്. 2014ലെ ലോക‌്സഭാ തെരഞ്ഞെടുപ്പിൽ മത്സരിച്ച 42ൽ 34 സീറ്റും തൃണമൂൽ കോൺഗ്രസ‌് നേടിയിരുന്നു. 2,03,16,262 വോട്ടും നേടി–-39.79 ശതമാനം വോട്ട‌്.

2016ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ 293 സീറ്റിൽ മത്സരിച്ച‌് 211ലും തൃണമൂൽ കോൺഗ്രസ‌് വിജയിച്ചിരുന്നു. 2,45,64,523 (44.91 ശതമാനം) വോട്ടും നേടി. ഈ തെരഞ്ഞെടുപ്പിൽ  തൃണമൂലിന‌് 44 ശതമാനത്തിലധികം വോട്ട‌് ലഭിച്ചു. തൊട്ടുപിന്നിൽ 40 ശതമാനം വോട്ടോടെ ബിജെപി. സിപിഐ എമ്മിന‌് 6.36 ശതമാനം വോട്ട‌് ലഭിച്ചെങ്കിലും സീറ്റൊന്നും ലഭിച്ചില്ല. കോൺഗ്രസിന‌് 5.47 ശതമാനം വോട്ട‌് മാത്രമേ ലഭിച്ചുള്ളൂ. പക്ഷേ, രണ്ട്‌ സീറ്റ‌് അവർക്ക‌് ലഭിച്ചു. 2014ലെ ലോക‌്സഭാ തെരഞ്ഞെടുപ്പിൽ 17.02 ശതമാനം വോട്ട‌് ലഭിച്ച ബിജെപിക്ക‌് 2016ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ വോട്ട‌് 10.16 ശതമാനമായി കുറഞ്ഞു. 

2016നുശേഷം ആസൂത്രിതമായി ബംഗാളിന്റെ വിവിധ ഭാഗങ്ങളിൽ ബിജെപി വർഗീയ ലഹളകൾ സംഘടിപ്പിച്ചു. ബംഗാളിൽ ദുർഗാപൂജയല്ലാതെ ജനങ്ങളാകെ പങ്കെടുക്കുന്ന മറ്റ‌് ആഘോഷങ്ങൾ കുറവാണ‌്. ബിജെപിയുടെയും ആർഎസ‌്എസിന്റെയും നേതൃത്വത്തിൽ രാമനവമി, ഹനുമാൻ ജയന്തി ദിവസങ്ങളിൽ ആയുധമേന്തി വലിയ ഘോഷയാത്രകൾ സംഘടിപ്പിച്ചു. അസാൻസോളിൽ 2018 മാർച്ചിലുണ്ടായ കലാപത്തിൽ അഞ്ച‌ു പേർ മരിച്ചു.
 

2017ൽ 58 വർഗീയസംഘർഷങ്ങളിൽ ഒമ്പത‌ു പേരും 2016ൽ 32 വർഗീയസംഘർഷങ്ങളിൽ നാല‌ു പേരും 2015ൽ 27 വർഗീയ സംഘർഷങ്ങളിൽ അഞ്ച‌ു പേരും മരിച്ചു. നൂറുകണക്കിനാളുകൾക്ക‌് പരിക്കേറ്റു. നിരവധി വീട‌് തകർന്നു. ജനങ്ങൾക്കുണ്ടായ ഈ നഷ്ടങ്ങളിൽനിന്നാണ‌് ബിജെപി ഈ തെരഞ്ഞെടുപ്പ‌് നേട്ടമുണ്ടാക്കിയിരിക്കുന്നത‌്. മറുഭാഗത്ത‌് ജനങ്ങളെ കൊടുംഭീതിയിലാഴ‌്ത്തിയ തൃണമൂൽ അക്രമവാഴ‌്ച തെരഞ്ഞെടുപ്പ‌ുഫലത്തെ സ്വാധീനിച്ചു. ഇപ്പോഴത്തെ തെരഞ്ഞെടുപ്പുഫലം ബംഗാളിന്റെ സാമൂഹ്യാവസ്ഥ കൂടുതൽ സങ്കീർണമാക്കും. ത്രിപുരയിൽ രണ്ട്‌ സീറ്റിൽ ബിജെപി വിജയിച്ചു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top