21 November Thursday

നിലപാട്‌ കടുപ്പിച്ച്‌ ബാർ കൗൺസിൽ

സ്വന്തം ലേഖകൻUpdated: Wednesday Nov 6, 2019

ന്യൂഡൽഹി >  പൊലീസുകാരെ അഭിഭാഷകർ മർദിച്ചതിനെതിരെ സാമൂഹ്യമാധ്യമങ്ങളിലും മറ്റും കടുത്ത വിമർശനം ഉയർന്നതോടെ കുഴപ്പക്കാരായ അഭിഭാഷകർക്കെതിരെ കടുത്ത നിലപാടുമായി ബാർ കൗൺസിൽ ഓഫ്‌ ഇന്ത്യ രംഗത്തെത്തി. അക്രമം നടത്തിയ അഭിഭാഷകരെ കണ്ടെത്താൻ ഡൽഹിയിലെ ബാർ അസോസിയേഷനുകളോട്‌ ബാർ കൗൺസിൽ ആവശ്യപ്പെട്ടു. തൊഴിലിനെ മോശപ്പെടുത്തുംവിധമുള്ള പ്രതിഷേധം അഭിഭാഷകർ അവസാനിപ്പിക്കണം.

റൗഡികളായ ചിലർ അഭിഭാഷക സമൂഹത്തിന്റെ പ്രതിച്‌ഛായ തകർക്കുംവിധം പ്രവർത്തിക്കുകയാണ്‌. നടപടിക്ക്‌ തയ്യാറാകാത്ത ബാർ അസോസിയേഷനുകളുടെ  സമീപനമാണ്‌ ഇത്തരക്കാർക്ക്‌ വളമാകുന്നത്‌. ഹൈക്കോടതികളുടെയും സുപ്രീംകോടതിയുടെയും കോടതിയലക്ഷ്യ നടപടികൾക്ക്‌ ഇത്‌ വഴിവയ്‌ക്കും. ബൈക്കിലിരുന്ന പൊലീസുകാരനെ സാകേതിലെ ചില അഭിഭാഷകർ മർദിച്ചതും ഓട്ടോഡ്രൈവറെ ആക്രമിച്ചതും പൊതുജനത്തെ കൈയേറ്റം ചെയ്യുന്നതുമെല്ലാം അങ്ങേയറ്റം ദൗർഭാഗ്യകരമാണ്‌. അങ്ങേയറ്റത്തെ പെരുമാറ്റദൂഷ്യ നടപടികളാണിത്‌.  ഇത്‌ വച്ചുപൊറുപ്പിക്കാനാകില്ല. 

ഡൽഹി ഹൈക്കോടതി വിഷയത്തിൽ ഇടപെട്ടിട്ടും ചില അഭിഭാഷകരുടെ പെരുമാറ്റം  അസ്വസ്ഥമാക്കുന്നതാണ്‌. കോടതി ബഹിഷ്‌കരിക്കുന്നതും അക്രമം നടത്തുന്നതുമൊന്നും അഭിഭാഷകർക്ക്‌ ഗുണം ചെയ്യില്ല. കോടതികളുടെ അനുതാപം ഇല്ലാതാകും. പൊതുജനങ്ങൾ എതിരാകും. അങ്ങേയറ്റം അപകടകരമായ സ്ഥിതിവിശേഷത്തിലാകും കാര്യങ്ങൾ എത്തുക–- ബാർ കൗൺസിൽ വ്യക്തമാക്കി.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top